SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.42 PM IST

ഭരണഘടനക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നതോടെ റദ്ദാക്കേണ്ടതാണ്, മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഇനി എന്ത് നടപടി എടുക്കണമെന്ന് വ്യക്തമാക്കി ഹരീഷ് വാസുദേവൻ

mullaperiyar

തിരുവനന്തപുരം:മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും സജീവ ചർച്ചയാകുകയാണ്.ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് അഡ്വ.ഹരീഷ്‌ വാസുദേവൻ.ഭരണഘടനയ്ക്ക് മുൻമ്പ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നതോടെ റദ്ദാക്കേണ്ടതാണ്, എന്നാലിത് പൊളിറ്റിക്കൽ കരാറല്ല എന്ന വാദം വിചിത്രവും അസംബന്ധവുമാണെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.സർക്കാർ ഈ വിഷയത്തിൽ എടുക്കേണ്ട തുടർ നടപ‌ടിയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

"മുല്ലപ്പെരിയാറിൽ മുന്നോട്ട് വഴിയെന്ത്?

ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും. 100 വർഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കിൽ. ഡാം എല്ലാക്കാലവും സമ്പൂർണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അർത്ഥത്തിൽ അസംബന്ധമാണ്.

ഭരണഘടനയ്ക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നത്തോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കൽ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, ചെയ്തില്ല.

തമിഴ്നാടുമായുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി.

ഇനി ചർച്ചയ്ക്ക് ഇരിക്കുമ്പോൾ, അവർക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്നാടിനു മേൽക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചർച്ച തന്നെയോ നടത്തേണ്ട കാര്യമോ തൽക്കാലം അവർക്കില്ല. ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോർമുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചർച്ച ഉണ്ടാകൂ.

കേന്ദ്രജലകമ്മീഷനാണ് (CWC) രഈ വിഷയത്തിലെ, രാജ്യത്തുള്ള ഏറ്റവും ഉയർന്ന സാങ്കേതികസമിതി എന്ന അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ വാദവും വിധിയും. എന്നാൽ, 2006 നു ശേഷം രാജ്യത്തെ executive നും നിയമങ്ങൾക്കും വലിയ മാറ്റങ്ങളുമുണ്ടായി.

അതത് സംസ്ഥാനങ്ങളുടെ ദുരന്തസാധ്യതകൾ സ്വതന്ത്രമായി വിലയിരുത്താനും തീരുമാനങ്ങൾ എടുക്കാനും SDMA കളും ദേശീയ തലത്തിൽ NDMA യും നിലവിൽ വന്നു. ഈ നിയമത്തിനു നിലനിൽക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും മുകളിൽ മേൽക്കൈ ഉണ്ട് എന്ന വകുപ്പ് CWC യുടെ തീരുമാനങ്ങളേ അസ്ഥിരപ്പെടുത്താൻ NDMA യ്ക്ക് അധികാരം നൽകുന്നു.

ദുരന്തനിവാരണ നിയമം അനുസരിച്ച് തയ്യാറാക്കിയ സ്റ്റേറ്റ് പ്ലാനിൽ മനുഷ്യനിർമ്മിത ദുരന്തങ്ങളുണ്ട്. ദുരന്തം ഒഴിവാക്കാനും ആഘാതം ലഘൂകരിക്കാനും ഉള്ള പോംവഴികളുണ്ട്. മുല്ലപ്പെരിയാർ SDMP യിൽ ഉൾപ്പെടുത്തണം. 2006 നും 2021 നും ഇടയിൽ നടന്ന കാലാവസ്ഥാ മാറ്റവും ഭൗമപ്രതിഭാസങ്ങളും കണക്കിലെടുത്ത്, ഡാം പൊളിയാനുള്ള സാധ്യത ഒരു അന്താരാഷ്ട്ര ഏജൻസിയെ വെച്ചു സ്വതന്ത്രമായി പഠിക്കാനുള്ള തീരുമാനം SDMA യിൽ ഉണ്ടാകണം. പൊളിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാൻ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകൾ ശരിവെയ്ക്കുന്നത് ആണെങ്കിൽ, ഡാം പൊളിക്കാൻ തീരുമാനിക്കണം. കരാർ റദ്ദാക്കാൻ തീരുമാനിക്കണം. തമിഴ്നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ രേഖകൾ സഹിതം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം. സമയബന്ധിതമായി തീരുമാനം എടുക്കാൻ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങണം. അടഞ്ഞ വാതിലുകൾ തുറന്നേക്കാം എന്ന പ്രതീതി സൃഷ്ടിക്കണം.

അപ്പോൾ, തമിഴ്നാട് സർക്കാർ ഉഭയകക്ഷി ചർച്ചയ്ക്ക് മുൻകൈ എടുക്കും. അവിടെ കേരളത്തിന് കേരളത്തിന്റെ വാദം പറയുമ്പോൾ, സുപ്രീംകോടതിയുടെ വിധിയുടെ തോൽവിഭാരം ഇന്നത്തെയത്ര ഉണ്ടാകില്ല. പുതിയ ഡാമോ, ജലം കൊണ്ടുപോകാൻ പുതിയ കനാലോ എന്താന്നു വെച്ചാൽ തീരുമാനിക്കാം.

ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട, സുരക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷ.

വ്യക്തിപരമായ അഭിപ്രായമാണ്.

ഡാം വിദഗ്ധനോ സുരക്ഷാ വിദഗ്ധനോ അല്ല"

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARISH VASUDEVAN, MULLAPERIYAR ISSUE, MULLAPERIYAR DAM, MULLAPERIYAR DAM PROTECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.