തിരുവനന്തപുരം: എൻജിനിയറിംഗ് മൂന്നാം അലോട്ട്മെന്റിന്റെ തീയതിയോ ഷെഡ്യൂളോ നിശ്ചയിച്ചിട്ടില്ലെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. നിലവിൽ രണ്ടാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സർക്കാർ, എയ്ഡഡ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 28 മുതൽ നവംബർ മൂന്നിനു വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 30നകവും പ്രവേശനം നേടണം.
ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കും പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്നാണ് പ്രസിദ്ധീകരിക്കുക. നിലവിൽ പ്രവേശനം നേടിയ നിരവധി വിദ്യാർത്ഥികൾ ഈ അലോട്ട്മെന്റ് നേടിപ്പോകുന്നതോടെ ആ സീറ്റുകൾ ഒഴിയും. അതിതീവ്ര മഴയും ഉരുൾപൊട്ടലും കാരണം രണ്ടാം അലോട്ട്മെന്റ് നടപടികളും നീണ്ടുപോയി. ഈ സാഹചര്യത്തിൽ നവംബർ 25വരെ പ്രവേശനം നീട്ടാൻ തടസമില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പക്ഷേ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) പുതുക്കിയ ഷെഡ്യൂൾ പ്രകാരമായിരിക്കും അടുത്ത അലോട്ട്മെന്റ് നടപടികൾ തുടങ്ങുക. മൂന്നാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും എൻട്രൻസ് കമ്മിഷണർ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |