SignIn
Kerala Kaumudi Online
Friday, 19 April 2024 3.45 PM IST

എക്കാലത്തെയും ഉയരെ ഇന്ത്യൻ ഐ.പി.ഒ കച്ചവടം

ipo

 2017ലെ റെക്കാഡ് സമാഹരണം പഴങ്കഥയായി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിലും വൻ ആവേശത്തോടെ ഇന്ത്യയിൽ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) പൊടിപൊടിക്കുന്നു. 2017ൽ 36 കമ്പനികൾ ചേർന്ന് സമാഹരിച്ച 67,147.44 കോടി രൂപയുടെ റെക്കാഡ് ഈവർഷം അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ തന്നെ പഴങ്കഥയായി. 2021 ജനുവരി-സെപ്‌തംബറിൽ മാത്രം 41 കമ്പനികളാണ് ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്ക് പുതുതായി പ്രവേശിച്ചത്.

ഫാഷൻ ബ്രാൻഡായ നൈകയുടെ ഐ.പി.ഒയ്ക്ക് നാളെ തുടക്കമാകും. 5,350 കോടി രൂപയാണ് സമാഹരണലക്ഷ്യം. ഇതുകൂടിച്ചേർക്കുമ്പോൾ ഈവർഷം ഇതുവരെയുള്ള ഇന്ത്യൻ ഐ.പി.ഒ സമാഹരണം 72,324 കോടി രൂപയാകും. ഇത് എക്കാലത്തെയും ഉയരമാണ്. സമാഹരണം ആദ്യമായി 70,000 കോടി രൂപ കടന്നുവെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് വൻ പ്രതിസന്ധിയുണ്ടാക്കിയ 2020ൽ 15 കമ്പനികളാണ് ഐ.പി.ഒ നടത്തിയത്; സമാഹരിച്ചത് 26,613 കോടി രൂപയും.

പെരുമഴ തുടരും

ഏഴ് ഐ.പി.ഒകൾക്ക് കൂടിയുള്ള അനുമതി കഴിഞ്ഞവാരം സെബി നൽകിയിട്ടുണ്ട്. 16,600 കോടി ഉന്നമിട്ടുള്ള പേടിഎം ഐ.പി.ഒയും ഉൾപ്പെടും. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒ സമാഹരണമായിരിക്കും പേടിഎമ്മിന്റേത്.

പോളിസി ബസാർ, തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ഫിനോ പേമെന്റ്‌സ് ബാങ്ക്, സഫയർ ഫുഡ്സ് തുടങ്ങിയവയുടെ ഐ.പി.ഒയും ഉടൻ പ്രതീക്ഷിക്കാം. 998 കോടി രൂപയാണ് ഇസാഫ് ബാങ്കിന്റെ ലക്ഷ്യം. പോളിസിബസാർ 6,000 കോടി രൂപ ലക്ഷ്യമിടുന്നു. ഡിസംബർപാദത്തിൽ ആകെ 35 കമ്പനികളുടെ ഐ.പി.ഒ പ്രതീക്ഷിക്കുന്നു. ഇതിലൂടെ 80,000 കോടി രൂപയും.

തിളങ്ങാൻ കേരളവും

ഇസാഫ് ബാങ്കിന്റെ ഐ.പി.ഒ ഉടൻ പ്രതീക്ഷിക്കാം. പോപ്പുലർ വെഹിക്കിൾസ് (700 കോടി രൂപ), ആശീർവാദ് മൈക്രോഫിൻ (1,000 കോടി രൂപ), മുത്തൂറ്റ് മൈക്രോഫിൻ (1,000 കോടി രൂപ) എന്നിവയുടെ ഐ.പി.ഒയും വൈകില്ല. മലബാർ ഗോൾഡും (2,500 കോടി രൂപ), ജോയ് ആലുക്കാസും (1,500 കോടി രൂപ) ഒരുക്കത്തിലാണ്. ഫെഡറൽ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ഫിനയും ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് അറിയുന്നു.

നല്ല കാലാവസ്ഥ!

അകലുന്ന കൊവിഡ് ഭീതി, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉത്തേജക നടപടികളും, നേട്ടത്തിലേറുന്ന സമ്പദ്‌വ്യവസ്ഥ, ഉയർന്ന പണലഭ്യത, വിദേശ-ആഭ്യന്തര നിക്ഷേപകരുടെ സജീവ പങ്കാളിത്തം, റീട്ടെയിൽ നിക്ഷേപകരുടെ വർദ്ധന, ഓഹരി വിപണികളുടെ റെക്കാഡ് മുന്നേറ്റം, സമീപകാലത്ത് ഓഹരി വിപണിയിലെത്തിയ കമ്പനികൾക്ക് ലഭിച്ച മികച്ച പ്രതികരണം തുടങ്ങി കൂടുതൽ കമ്പനികളെ ഐ.പി.ഒയ്ക്ക് പ്രേരിപ്പിക്കുന്ന അനുകൂലഘടകങ്ങൾ നിരവധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IPO, PUBLIC OFFERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.