പിടിയിലായത് നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തി
തിരുവനന്തപുരം: നഗരസഭയിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ നികുതി വെട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സൂപ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ സൂപ്രണ്ടും കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനയായ കോർപറേഷൻ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമിതി അംഗവുമായ എസ്. ശാന്തിയാണ് അറസ്റ്റിലായത്. പുലർച്ചെ നേമം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇവരെ ചോദ്യം ചെയ്യലിന്ശേഷം രാവിലെയാണ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭയിൽ ബി.ജെ.പി, കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നതിനിടെ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ സ്റ്റേഷനിൽ ഹാജരായി എന്നാണ് സൂചന.
നേമം സോണൽ ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയാണ് ശാന്തി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ഇവർ പൊലീസിന്റെ സമ്മർദ്ദം സഹിക്കാനാകാതെയാണ് കീഴടങ്ങാൻ തീരുമാനിച്ചത്. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പണം തട്ടിയത് നേമം സോണലിലാണ്. 26,74,333 രൂപയുടെ തട്ടിപ്പാണ് ഈ സോണലിൽ മാത്രം നടന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷം വൻ പ്രതിഷേധ നടപടികൾ നടത്തി വരികയായിരുന്നു.
കോർപ്പറേഷനിലെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നേമം മേഖലാ ഓഫീസിലെ കാഷ്യർ വെള്ളായണി ഊക്കോട് ഊക്കോട്ടുകോണം ശരണ്യ നിവാസിൽ എസ്.സുനിതയെ (39) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇവരെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കുക, അത് അസൽ രേഖയാണെന്ന വ്യാജേന ഉപയോഗിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നേമം മേഖലാ ഓഫീസിൽ 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. നികുതിയായും അല്ലാതെയും സോണൽ ഓഫീസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം നഗരസഭാ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കിൽ ഇടാതെ ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.പണം ബാങ്കിൽ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും തട്ടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്തതായി വ്യക്തമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാന്തിയെ കേസിലെ മുഖ്യപ്രതിയാക്കിയത്. കോടതിയിൽ ഹാജരാക്കിയശേഷം ഇവരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് നേമം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |