SignIn
Kerala Kaumudi Online
Friday, 03 December 2021 1.18 PM IST

തലവേദനയെന്ന പൊല്ലാപ്പ് !!

headache

വേദനകൾ പലവിധമുണ്ട്. അതിൽ തലവേദന വരുന്നത് പലർക്കും ഒരു 'തലവേദന' തന്നെയാണ്. സാധാരണയായി കാണുന്ന ജലദോഷം മുതൽ മാരകരോഗമെന്ന് പറയാവുന്ന അർബുദത്തിൽ വരെ കാണുന്ന ഒരു ലക്ഷണമാണ് തലവേദന. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയും ഗുരുതരമായ പലരോഗങ്ങളിൽ അനുബന്ധമായിട്ടും തലവേദന പ്രത്യക്ഷപ്പെടാം. തലവേദന പ്രത്യേകരോഗമെന്ന നിലയിലും മറ്റു പലരോഗങ്ങളുടെ ലക്ഷണമായും പരിഗണിക്കാം. അതുകൊണ്ടുതന്നെ,​ ഇതിലേതാണ് കാരണമെന്നറിയും വരെ തലവേദനയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല.

ചില തലവേദനകളുടെ കാരണം തലയുടെ ഏതെങ്കിലുമൊരുഭാഗത്തെ പ്രശ്നംപോലും ആയിരിക്കണമെന്നില്ല. തലയുടെ പ്രവർത്തനങ്ങളുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഭാഗമായ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, മലബന്ധം, അർശസ് തുടങ്ങിയവ പോലും തലവേദനയുണ്ടാക്കുന്നവയാണ്.

യഥാർത്ഥ കാരണം കണ്ടെത്തണം

കാഴ്ചസംബന്ധമായ വൈകല്യമുള്ളവർക്ക് കണ്ണട വച്ച് പരിഹരിക്കാവുന്ന വിഷമതകളിൽ നിർബന്ധമായും ശരിയായ കാഴ്‌ച പരിശോധനയ്‌ക്കുശേഷം രോഗത്തിന് അനുസൃതമായ കണ്ണടകൾ ഉപയോഗിക്കണം.

തലവേദനയ്‌ക്ക് മനസിന്റെ വ്യാപാരങ്ങളുമായി വലിയ ബന്ധമുണ്ട്. തലവേദനയുടെ കാരണങ്ങൾ പരിശോധിച്ചാൽ കൃത്യമായി വിശദീകരിക്കാൻ സാധിക്കാത്ത ചിലത് കൂടിയുണ്ടെന്ന് മനസിലാകും. അതുപോലെതന്നെ തലവേദന മാറ്റുന്നതിനും ചിലർ ചില പ്രത്യേക രീതികൾ ശീലിച്ചിട്ടുണ്ടെന്നും കാണാം. ഉറങ്ങി എഴുന്നേറ്റാൽ, ഇരുട്ട് മുറിയിൽ ഇരുന്നാൽ, ചില ശബ്ദം കേട്ടാൽ, തണുത്ത വെള്ളത്തിൽ കുളിച്ചാൽ, ഭക്ഷണം കഴിച്ചാൽ, അരിശം തീർത്താൽ, ചിലതൊക്കെ തല്ലിപ്പൊട്ടിച്ചാൽ..... അങ്ങനെ പല ശീലങ്ങളുള്ളവരുമുണ്ട്.

തുടർച്ചയായ തുമ്മൽ പോലുള്ള അലർജി രോഗവും സൈനസൈറ്റിസും കാരണമുണ്ടാകുന്ന മൂക്കിനുള്ളിലെ ദശ വളർച്ച (നേസൽ പോളിപ്പ്), മൂക്കിന്റെ പാലം വളയുക (ഡീവിയേഷൻ ഒഫ് നേസൽ സെപ്‌റ്റം ), ശ്വാസോച്ഛ്വാസത്തിന് പ്രയാസമുള്ളവിധത്തിൽ മൂക്കടപ്പ്, ശക്തിയായി മൂക്ക് ചീറ്റുകയും വലിക്കുകയും ചെയ്യേണ്ട അവസ്ഥ, സൈനസുകൾക്ക് പെട്ടെന്നുണ്ടാകുന്ന വീക്കം, അസിഡിറ്റി, മലബന്ധം, ഗ്യാസ്, അർശസ്, കാഴ്ചവൈകല്യങ്ങൾ എന്നിവയോടനുബന്ധിച്ചും തലവേദനയും ചിലപ്പോൾ തലയ്‌ക്ക് ഭാരവും സംഭവിക്കാം. തലവേദന അനുഭവപ്പെടുന്ന ഭാഗം മനസിലാക്കി രോഗനിർണയം നടത്താനും ഒരു പരിധി വരെ സാധിക്കും.

പനി, ജലദോഷം, കണ്ണിന്റെ അസുഖങ്ങൾ, ചെവിയുടെ പ്രശ്‌നങ്ങൾ, കൊവിഡ് രോഗം, ഡെങ്കിപ്പനി, അനീമിയ അഥവാ വിളർച്ച തുടങ്ങിയവയിലും തലവേദനയും കൂടി ലക്ഷണമായി കാണുന്നുണ്ട്.

തലനീരിറക്കം എന്ന് പൊതുവേ പറയുന്ന കഴുത്തുവേദന, വേദനയും വീക്കവും കഴുത്തിൽ തുടർച്ചയായി നിൽക്കുമ്പോൾ സംഭവിക്കാവുന്ന തേയ്‌മാനം, ഇടയ്‌ക്കിടെ കഴുത്തിലുണ്ടാകുന്ന ഉളുക്ക് എന്നിവ കാരണം പ്രത്യേകിച്ചും അദ്ധ്വാനം കൂടുതലുള്ളപ്പോൾ തലവേദനയും ചിലപ്പോൾ തലകറക്കവും ചിലരിൽ ഉണ്ടാകുന്നു. രാത്രിയിലെ കുളി, കൈയിൽ തല വച്ച് കിടക്കുക, വലിയ തലയണവച്ച് കിടക്കുക, ഒരുവശം ചരിഞ്ഞു കിടക്കുക, കിടന്നുകൊണ്ട് ടി.വി കാണുകയോ വായിക്കുകയോ മൊബൈൽഫോൺ നോക്കുകയോ ചെയ്യുക, കട്ടിലിന്റെ പടിയിലോ സോഫയുടെ കൈയിലോ തല ഉയർത്തിവച്ചു കിടക്കുക, തണുത്തവയും തൈരും സ്ഥിരമായി കഴിക്കുക തുടങ്ങിയവ കാരണം കഴുത്തിന്റെയും തോളിന്റെയും പ്രയാസം വർദ്ധിച്ച് തലവേദന അനുഭവപ്പെടാം.

കഴുത്തിലും തോളിനുമുണ്ടാകുന്ന ക്ഷതങ്ങളും തുമ്മൽകാരണം കഴുത്തിലുണ്ടാകുന്ന തുടർച്ചയായ ചലനങ്ങളും സൈനസൈറ്റിസ് കാരണമുള്ള വീക്കവും ക്രമേണ കഴുത്തിലെ കശേരുകകൾക്ക് തേ‌യ്‌മാനം ഉണ്ടാക്കുകയും തലവേദന സ്ഥിരമായി വരികയും ചെയ്യാം.

ഭക്ഷണം കഴിക്കാതിരിക്കുന്നതും അമിതമായി കഴിക്കുന്നതും കൂടുതൽ ഉറങ്ങുന്നതും ആവശ്യത്തിനും ശീലിച്ച സമയത്തും ഉറങ്ങാത്തതും വെള്ളം കുടിക്കാതിരിക്കുന്നതും ലഹരിപാനീയങ്ങളും മദ്യവും കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന നിർജ്ജലീകരണവുമൊക്കെ തലവേദനക്ക് കാരണമാകാം.

കാലാവസ്ഥയിലും കാര്യമുണ്ട്

തണുപ്പ് കാലാവസ്ഥയിലും തണുത്തത് കഴിക്കുമ്പോഴും തണുത്തവെള്ളത്തിൽ കുളിക്കുമ്പോഴും ഞരമ്പുകൾക്കും ധമനികൾക്കും താൽക്കാലികമായുണ്ടാകുന്ന ചുരുക്കവും തലവേദനയ്‌ക്കു കാരണമാകുന്നു. അതുപോലെ, അമിതമായ വിയർപ്പും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും തലവേദനയ്‌ക്ക് കാരണമാണ്.

അമിതമായ വായന, ശക്തമായ വെളിച്ചം, കണ്ണുകളെ വിശ്രമമില്ലാതെ ഉപയോഗിക്കുക, അധികമായി ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുക, വായിക്കുമ്പോൾ ശരിയായ അകലവും ശരിയായ ശാരീരിക പോസ്റ്ററും പാലിക്കാതിരിക്കുക, കിടന്നുവായിക്കുക, ശരിയായ കണ്ണട ഉപയോഗിക്കാതെയുള്ള വായന തുടങ്ങിയവയെല്ലാം കണ്ണുകളിലുണ്ടാക്കുന്ന അമിതമായസമ്മർദ്ദം തലവേദനയെയുണ്ടാക്കും.

മൈഗ്രയിൻ തലവേദന എന്ന കാരണം പറഞ്ഞ് ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ മിക്കവരിലും വരുത്തുന്ന ഭക്ഷണരീതികളിലെ ക്രമീകരണങ്ങളും ഉറക്കം സംബന്ധിച്ച വ്യത്യാസങ്ങളും മാനസിക സമ്മർദ്ദം കുറയ്‌ക്കാനുള്ള മാർഗ്ഗങ്ങളും തലവേദനയെ വേഗത്തിൽ ശമിപ്പിക്കുന്നതായി കാണുന്നു. ചില തലവേദനകളിൽ മരുന്നിന് രണ്ടാംസ്ഥാനമേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. അത് മനസ്സിലാക്കാതെ മരുന്ന് കഴിച്ച് വേദനയെ കുറയ്ക്കാൻ ശ്രമിക്കുന്നവർ മറ്റ് രോഗങ്ങൾക്കുള്ള വളം വച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ആധുനിക ഭക്ഷണരീതിയിലെ വ്യത്യാസവും ഭക്ഷണം പാകംചെയ്യുന്നതിലെ അപാകതകളും കൊണ്ട് പലരിലും പ്രത്യേകിച്ചും വനിതകളിലും കുട്ടികളിലും കാണുന്ന ഒരു പ്രധാന വില്ലനാണ് അനീമിയ അഥവാ വിളർച്ച രോഗം. ഈ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നായി തലവേദന കൂടിയുണ്ടാകും. കാരണം മനസിലാക്കി ചികിത്സിക്കുന്നതിനൊപ്പം തലവേദന കുറയ്‌ക്കുന്നതിനുള്ള മരുന്നുകൾ, തലയ്‌ക്കെണ്ണ, പുറമേപുരട്ടുന്ന തൈലങ്ങളും ലേപങ്ങളും, യോഗ തുടങ്ങിയവയും സ്വീകരിക്കേണ്ടിവരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.