തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പി.ആർ.ഡി ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഓഡിയോ - വീഡിയോ ഓഫീസറായ ജി. വിനോദ് കുമാറാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് പിടിയിലായത്. ഓൺലൈൻ റേഡിയോ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.
സർക്കാരിന് വേണ്ടി ഓഡിയോ / വീഡിയോ പ്രോഗ്രാമുകൾ നിർമ്മിച്ച് നൽകുന്ന 'മ മെഗ മീഡിയ" എന്ന സ്ഥാപനത്തിന് നൽകാനുള്ള 21 ലക്ഷം രൂപയുടെ ബിൽ മാറുന്നതിന് സ്ഥാപന ഉടമയായ രതീഷ് പല തവണ വിനോദ് കുമാറിനെ സമീപിച്ചിരുന്നു. എന്നാൽ ഇയാൾ വഴങ്ങിയില്ല. ഒടുവിൽ ലഭിക്കാനുള്ള തുകയുടെ 15 ശതമാനമായ 3.75 ലക്ഷം രൂപ നൽകിയാൽ ബിൽ മാറാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം രതീഷ് വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നിന് മെഡിക്കൽ കോളേജ് പരിസരത്ത് കാറിൽ വച്ച് ആദ്യ ഗഡുവായി 25,000 രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.