കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് വന്നിട്ട് ഒരുമാസമായിട്ടും ബസ് സ്റ്റാൻഡ് മാറ്റം നീളുന്നതിൽ യാത്രക്കാർക്ക് ആശങ്ക.
അണ്ടർഗ്രൗണ്ടിലെ രണ്ട് നിലകളിലെ തൂണുകളുടെ രൂപകൽപ്പനയിലടക്കം പിഴവുണ്ടെന്നാണ് ഐ.ഐ.ഐടി സംഘം നടത്തിയ 18 മാസം നീണ്ട പരിശോധനയിൽ കണ്ടെത്തിയത്. കെട്ടിടം ബലപ്പെടുത്താൻ ആറ് മാസം വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിനായി കെട്ടിടം പൂർണമായി ഒഴിപ്പിക്കേണ്ടി വരും. അതെസമയം കെ.എസ്.ആർ.ടി.സിയിലെ ഭരണപക്ഷ അനുകൂല യൂണിയനുകൾ ഉൾപ്പെടെ ഐ.ഐ.ടി റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിനാൽ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നാണ് അറിയുന്നത്. ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ കൺവീനറായ അഞ്ചംഗ വിദഗ്ദ്ധ സമിതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സിയെ ടെർമിനലിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ബലക്ഷയ പഠനം എന്ന സംശയമാണ് യൂണിയനുകൾ ഉയർത്തിയത്.
ബലപ്പെടുത്തൽ പൂർത്തിയാക്കിയാലും സ്റ്റാൻഡിൽ നിറുത്തിയിടുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയും. ഇത് കെ.എസ്.ആർ.ടി.സിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജീവനക്കാർ പറയുന്നത്.ബസ് ടെർമിനലിലെ ഷോപ്പിംഗ് കോംപ്ലക്സ് കരാർ ഏറ്റെടുത്ത ആലിഫ് ബിൽഡേഴ്സിന് കൈമാറിയശേഷം ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ ദുരൂഹത ആരോപിക്കുകയാണ് ജീവനക്കാർ.
അതിനിടെ കെ.എസ്.ആർ.ടി.സിയുടെ പ്രധാന സർവീസുകൾ താത്ക്കാലികമായി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് നടത്താനും നീക്കം നടക്കുന്നുണ്ട്. പാവങ്ങാട് , നടക്കാവ് എന്നിവിടങ്ങളിൽ നിന്നും സർവീസുണ്ടാകും.
എന്നാൽ കോഴിക്കോട് കോർപ്പറേഷന്റെ കീഴിൽ വരുന്ന മൊഫ്യൂസിൽ ബസ് സ്റ്രാൻഡ് കെ.എസ്.ആർ.ടി.സിയ്ക്ക് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനെതിരെ സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സ്വകാര്യ ബസുകൾക്ക് പോലും ആവശ്യത്തിന് സൗകര്യമില്ലാത്ത സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി കൂടി എത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനുളളത്. മൊഫ്യൂസിൽ ബസ് സ്റ്രാൻഡ് നവീകരണം ഉൾപ്പെടെ താറുമാറാകുമെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.