തിരുവനന്തപുരം:വിവാദമായ ദത്ത് നൽകൽ കേസിൽ പരാതിക്കാരി അനുപമയുടെ പിതാവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റി വിലക്കി. അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ജയചന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ ഏരിയ തലത്തിൽ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെയാണ് ഇപ്പോഴത്തെ വിലക്ക്. .
ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പങ്കെടുത്ത പേരൂർക്കട ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്. കുട്ടിയുടെ അവകാശം അമ്മയ്ക്കാണെന്നിരിക്കെ, ജയചന്ദ്രൻ ബോധപൂർവ്വം ആ അവകാശത്തിൽ കൈകടത്തിയോ എന്നാണ് കമ്മീഷൻ പ്രധാനമായും അന്വേഷിക്കുക. ഏരിയാ കമ്മിറ്റി അംഗങ്ങളായ വട്ടപ്പാറ ബിജുകുമാർ, വേലായുധൻ നായർ, ജയപാലൻ എന്നിവരുൾപ്പെട്ട കമ്മീഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മറ്റംഗങ്ങളൊന്നും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല.
രാവിലെ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയതിൽ ജയചന്ദ്രന് പങ്കുണ്ടെങ്കിൽ തെറ്റുകാരൻ തന്നെയെന്നതാണ് പാർട്ടിയുടെ നിലപാടെന്ന് , മേൽഘടകത്തെ ഉദ്ധരിച്ച് ഏരിയ സെക്രട്ടറി എസ്.എസ്.രാജലാൽ പറഞ്ഞു. എന്നാൽ ആരോപണം അപ്പാടെ വിശ്വസിക്കാനാവില്ലെന്നും അമ്മയുടെ അനുമതി ഇക്കാര്യത്തിലുണ്ടോയെന്നത് അന്വേഷണത്തിൽ തെളിയേണ്ടതാണെന്നും വിശദമാക്കി. കമ്മിറ്റിയിൽ സംസാരിച്ച ഭൂരിപക്ഷം പേരും ജയചന്ദ്രന് ധാർമ്മിക പിന്തുണ നൽകി.അനുപമയുടെ ഭർത്താവ് അജിത്തിന്റെ പിതാവ് ബേബി അഭിപ്രായ പ്രകടനം നടത്തിയില്ല. അജിത്തിന് ആദ്യ ഭാര്യയുള്ളപ്പോൾ അനുപമയുമായുള്ള ബന്ധം അംഗീകരിക്കാനാവില്ലെന്നും,.വിവാഹിതനായ ഒരു വ്യക്തിയുമായുള്ള ബന്ധം നിയമവിരുദ്ധമാണെന്നും പലരും അഭിപ്രായപ്പെട്ടു. തന്റെ ഭാഗം വിശദമാക്കുന്നതിനിടെ ജയചന്ദ്രൻ വികാരഭരിതനായി. അച്ഛനെന്ന നിലയ്ക്കുള്ള ചുമതല മാത്രമെ താൻ നിർവഹിച്ചുള്ളുവെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. അമ്മയെയും കുട്ടിയെയും തനിക്ക് തള്ളിപ്പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.