ആലപ്പുഴ: ഇന്ത്യൻ റിപ്പബ്ളിക് ദിനം ഇന്നത്തെ നിലയിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാർ നൽകിയ സംഭവന മഹത്വരമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞു. പുന്നപ്ര വയലാർ സമരത്തിന്റെ 75-ാം വാർഷികദിനാചരണ ചടങ്ങുകളുടെ സമാപന വേദിയായ വയലാറിൽ സ്ഥാപിക്കാനുള്ള ദീപശിഖയിൽ വലിയചുടുകാട്ടിൽ നടന്ന ദീപം തെളിക്കൽ ചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാജ്യത്തെ ഒറ്റക്കെട്ടായി നിലനിറുത്താൻ നടത്തിയ പോരാട്ടത്തിലാണ് പുന്നപ്രയിൽ തൊഴിലാളികൾക്ക് നേരെ സി.പിയുടെ പട്ടാളം നടത്തിയ വെടിവെപ്പിൽ ആയിരക്കണക്കിന് പേർ രക്തസാക്ഷിത്വം വരിച്ചതെന്നും ജി. സുധാകരൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ പി.പ്രസാദ്, സജിചെറിയാൻ, എം.പിമാരായ ബിനോയ് വിശ്വം, എ.എം.ആരീഫ്, എം.എൽ.എ മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം.തോമസ് ഐസക്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്, പി.വി.സത്യനേശൻ, സി.എസ്.സുജാത, ജി.വേണുഗോപാൽ, പി.എസ്.എം.ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ വലിയ ചുടുകാട്ടിൽ രക്തസക്ഷി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.