SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.24 PM IST

ഉത്സവ സീസണിലേക്ക് : ആനയെണ്ണം കൂടുമോ ?

elephant

തൃശൂർ : ഉത്സവ സീസൺ സജീവമായതോടെ, എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ആന ഉടമസ്ഥ സംഘങ്ങൾ. നിലവിൽ പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് അനുമതി. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

അഞ്ച് ആനകളെ മതിൽക്കകത്ത് മാത്രമേ എഴുന്നള്ളിക്കാൻ അനുമതിയുള്ളൂ. ആചാരപരമായി ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് പുറത്തേക്ക് എഴുന്നള്ളിക്കാൻ അനുമതി. പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവത്തിന് നിരവധി ആനകളെ പങ്കെടുപ്പിച്ചാണ് ആഘോഷിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം ഇപ്പോഴും നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലേ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കാനാകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി വേണമെന്നാണ് ആന ഉടമസ്ഥ സംഘടനകളുടെ ആവശ്യം. നിലവിലെ എഴുന്നള്ളിപ്പുകൾ ഇല്ലാതായി വരുമാനം നിലച്ചതോടെ ആനകളുടെ പരിചരണം പ്രതിസന്ധിയിലാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് കൂടുതൽ ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കളക്ടറെ സമീപിച്ചിട്ടുണ്ട്.

മോണിറ്ററിംഗ് കമ്മിറ്റി ചേരും

ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടുത്ത മാസം ചേർന്നേക്കും. കളക്ടർ ചെയർമാനായ സമിതിയിൽ ഡിവിഷൻ ഫോറസ്റ്റ് കൺസർവേറ്റർ, ആന ഉടമകളുടെ സംഘടനാ പ്രതിനിധികൾ, പൊലീസ് തുടങ്ങി 12 പേരടങ്ങുന്ന സമിതിയാണ് തീരുമാനം കൈക്കൊള്ളുക.

ആൾക്കൂട്ടം ഉണ്ടായാൽ കേസ്

നിലവിൽ ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ നടത്താനാണ് ആരാധനാലയങ്ങൾക്ക് അനുമതി. കുന്നംകുളത്തും പഴഞ്ഞിയിലും ആൾക്കൂട്ടത്തോടെ പരിപാടികൾ നടത്തിയ രണ്ട് പള്ളികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അമ്പതിലേറെ ആനകൾ പങ്കെടുക്കുന്ന അടുപ്പൂട്ടി പെരുന്നാളിനും മൂന്ന് ആനകളുടെ അനുമതിയാണ് നൽകിയിരിക്കുന്നത്.

നിലവിൽ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ അനുമതി നൽകാനാകില്ല. പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിപ്പിക്കാനാണ് ഉത്തരവുള്ളത്. ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി ചേർന്നാണ് തുടർനടപടി സ്വീകരിക്കുക

ബി. സജീഷ് കുമാർ
ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ

ആനകളുടെ എണ്ണത്തിൽ വർദ്ധന വേണമെന്നാണ് ആന ഉടമസ്ഥ സംഘടനകളുടെ ആവശ്യം. ഉത്സവങ്ങളിൽ കൂടുതൽ പേർ പങ്കെടുത്തുവെന്ന കാരണം ചൂണ്ടിക്കാട്ടി കമ്മിറ്റിക്കാർക്കെതിരെ കേസെടുക്കുന്നത് പ്രതിഷേധാർഹമാണ്

കെ. മഹേഷ്
എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ

സംഘടനാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ULSAVAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.