കൊല്ലം: ശക്തമായ കാറ്റുംമഴയും മിന്നലോടുകൂടിയ ഇടിയുമുണ്ടാകുന്ന സാഹചര്യത്തിൽ അപകടങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ജാഗ്രതപാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പാൽ, പത്രം വിതരണക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. വൈദ്യുതി ലൈൻ, സർവീസ് വയർ എന്നിവ പൊട്ടിവീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസിൽ അറിയിക്കണം. അവയിലൂടെയുള്ള വൈദ്യുതി സഞ്ചാരം ഓഫ് ചെയ്തെന്ന് ഉറപ്പു വരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. കാലവർഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
1. വെള്ളത്തിൽ വൈദ്യുതി ലൈൻ പൊട്ടി വീണുകിടന്നാൽ യാതൊരു കാരണവശാലും ചവിട്ടുകയോ സ്പർശിക്കുകയോ ചെയ്യരുത്.
2. ജനറേറ്റർ, ഇൻവർട്ടർ മുതലായവ സ്ഥാപിക്കൽ, വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികൾ എന്നിവ അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ടുമാത്രം ചെയ്യിപ്പിക്കുക
3. ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കണം, സുരക്ഷിതമായ സ്ഥാനത്തേക്ക് മാറിനിൽക്കണം.
4. ശക്തമായ കാറ്റുംമഴയും ഇടിമിന്നലുമുള്ളപ്പോൾ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കരുത്. പ്ലഗ്ഗിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ഊരിമാറ്റണം
5. വൈദ്യുതി പോസ്റ്റുകളിൽ കന്നുകാലികളെ കെട്ടരുത്
6. വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹവസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ/ഏണികൾ എന്നിവ വയ്ക്കരുത്
7. കെട്ടിടങ്ങളിൽ വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനുമുമ്പ് അംഗീകൃത വയർമാനെക്കൊണ്ട് വയറിംഗ് അനുബന്ധ ഉപകരണങ്ങൾ പരിശോധിപ്പിക്കണം
വൃക്ഷങ്ങൾ വീണ് കമ്പികൾ താഴ്ന്നുകിടന്നാലോ പോസ്റ്റുകൾ ഒടിഞ്ഞാലോ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസിൽ വിളിക്കുക
കൺട്രോൾ റൂം ടോൾ ഫ്രീ: 1912
സുരക്ഷാ എമർജൻസി: 9496010101