SignIn
Kerala Kaumudi Online
Thursday, 25 April 2024 5.29 PM IST

കുറ്റപത്രത്തിന് പിന്നാലെ വിചാരണയും വൈകുന്നു നീതി തേടി വിദേശവനിതയുടെ കുടുംബം

vide

തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തെ ഏറെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു കോവളത്തിന് സമീപം പുഞ്ചലക്കരിയിൽ അരങ്ങേറിയ വിദേശവനിതയുടെ ക്രൂരമായ കൊലപാതകം. ചികിത്സയ്ക്കും വിനോദ സഞ്ചാരത്തിനുമായെത്തിയ ലാത്വിയൻ യുവതിയെ മയക്കുമരുന്ന് നൽകി അതിക്രൂരമായ പീഡനങ്ങൾക്കിരയാക്കി കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവം ലോകത്തിന് മുന്നിൽ കേരളത്തിനെന്നല്ല, ഇന്ത്യയുടെ തന്നെ അന്തസിനും അഭിമാനത്തിനും നാണക്കേടായി. വിദേശ വനിതയുടെ മരണം കൊല പാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിലും കുറ്റപത്രം സമ‌ർപ്പിക്കുന്നതിലുമുണ്ടായ കാലതാമസം പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനും കേസിന്റെ വിചാരണ നടപടികൾ വൈകുന്നതിനും കാരണമായി.

മൂന്ന് വർഷം മുമ്പ് അരുംകൊലയ്ക്ക് ഇരയായ കൂടെപ്പിറപ്പിന്റെ ഘാതകർ ജയിലിന് പുറത്ത് വിലസുമ്പോൾ, ഇരയുടെ കുടുംബം നീതിക്കായി കേഴുകയാണ്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അയർലൻഡിലായിരുന്ന ബന്ധുക്കൾ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പലതവണ മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അധികൃതരിൽ നിന്നു കൃത്യമായ മറുപടി ലഭിക്കാതായതോടെ സഹോദരി നേരിട്ട് കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേരളം കാണാനെത്തി

കണ്ണീർക്കാഴ്ചയായി


വിഷാദരോഗത്തിന് അടിമയായിരുന്ന യുവതി ചികിത്സയ്ക്കും കേരളത്തിലെ കാഴ്ചകൾ കാണാനുമാണ് 2018-ൽ ലാത്വിയയിൽ നിന്ന് സഹോദരിക്കൊപ്പം കേരളത്തിലെത്തിയത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തി വർക്കല ബീച്ചും മറ്റും സന്ദർശിച്ചശേഷം പോത്തൻകോട്ടെ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെ അവിടെ നിന്ന് രക്ഷപ്പെട്ടു. ആട്ടോയിൽ കോവളം ബീച്ചിലെത്തി. 2018 ഫെബ്രുവരി 14-നാണ് കോവളത്തുവച്ച് ലാത്വിയൻ യുവതിയെ കാണാതാകുന്നത്.

തുടർന്ന് സഹോദരിയും ഭർത്താവും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.പിന്നീട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.

ഏപ്രിൽ 20-ന് വാഴമുട്ടത്തിന് സമീപം പൂനംതുരുത്തിലെ കണ്ടൽക്കാട്ടിൽനിന്ന് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം വിദേശ വനിതയുടേതെന്ന് ഉറപ്പിച്ചതോടെ ഐ.ജി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷണം വേഗത്തിലാക്കാൻ ലാത്വിയൻ കോൺസുലേറ്റ് ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് കത്തെഴുതി. കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. മാസങ്ങൾ നീണ്ട പോരാട്ടം നടത്തിയാണ് കൊലപാതകത്തിന് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ്, മനുഷ്യാവകാശ കമ്മിഷന്റെയുൾപ്പെടെ ഇടപെടലുകളെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

2018 മേയ് മൂന്നിന് വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ ഗ്രോബീച്ചിൽ കണ്ട വിദേശ വനിതയെ പ്രതികൾ തന്ത്രപൂർവം വാഴമുട്ടത്തെ കണ്ടൽക്കാട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി ആക്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസ് കണ്ടെത്തൽ. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മരണം ഉറപ്പാക്കിയശേഷം കാട്ടുവള്ളികൾകൊണ്ട് കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

കേസിന്റെ തുടർനടപടികൾ കൃത്യമായി നടത്തുമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ഐ.ജി. മനോജ് എബ്രഹാം സഹോദരിക്ക് ഉറപ്പുനൽകിയിരുന്നു.

ഇതേത്തുടർന്ന് യുവതിയുടെ ചിതാഭസ്മവുമായി സഹോദരി ലാത്വിയയിലേക്ക് മടങ്ങുകയായിരുന്നു.

കൂടെപ്പിറപ്പിന്റെ ചിതാഭസ്മവുമായി കണ്ണീരോടെയാണ് ആ സഹോദരി അയർലൻഡിലേക്ക് മടങ്ങിയത്. മാതാപിതാക്കളുടെ അടുത്തെത്തി അവിടെ സഹോദരിക്കായി ശവകുടീരവും നിർമ്മിച്ചു. കേരളത്തിലെ പൊലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും പുരോഗതി അറിയാൻ ഇവർ നിരന്തരം ഇവിടത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ, പ്രതികളെ പിടിച്ച് വർഷങ്ങൾകഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചില്ല. നിശ്ചിതകാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകാത്തതിനാൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് നടപടികൾ ഇഴയുന്നതിനാലാണ് യുവതിയുടെ സഹോദരി വീണ്ടും കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 15-ന് കേരളത്തിലെത്തിയ യുവതിയുടെ സഹോദരി പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജിനെ കണ്ട് കേസിന്റെ പുരോഗതിയെക്കുറിച്ച് ചർച്ചചെയ്തു. തുടർന്നാണ് വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബർ 18-ന് ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി നവംബർ അഞ്ചിന് പരിഗണിക്കും. വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലാത്വിയൻ എംബസി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

പൊലീസ് അനാസ്ഥ

ഇത് ആദ്യമല്ല

വിദേശവനിതയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ മാത്രമായിരുന്നില്ല പൊലീസിന്റെ അനാസ്ഥയുണ്ടായത്. യുവതിയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്ന ഭർത്താവിനോടും സഹോദരിയോടും അന്നും പൊലീസ് അവഗണനയോടെയാണ് പെരുമാറിയത്. ജീവിത പങ്കാളിയുടെ ദുരൂഹമായ തിരോധാനത്തിൽ മനംനൊന്തെത്തിയ ആൻഡ്രൂവെന്ന ഭർത്താവിനെ പൊലീസുകാർ മനോരോഗിയാക്കി. യുവതിയെ അന്വേഷിച്ച് ഹോട്ടലുകളിലെത്തിയ ആൻഡ്രൂ ഹോട്ടൽ ജീവനക്കാരുടെ അതിക്രമത്തിനിരയായി. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോഴും അന്നും പൊലീസ് ഹോട്ടലുകാരുടെ പക്ഷത്തായിരുന്നു.
യുവതി പങ്കാളിയേയും സഹോദരിയേയും ഉപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാൻ പോയതാണെന്നും അവരെ തിരക്കി സമയം കളയാനില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും കാണാതായ വിവരം അറിയില്ലെന്ന നിലയിലാണ് പൊലീസുകാർ പെരുമാറിയത്.
മാനസികരോഗമുണ്ടെന്നാരോപിച്ച് ആൻഡ്രുവിനെ നിർബന്ധിത ചികിത്സയ്ക്ക് പൊലീസ് വിധേയനാക്കി. ആറുദിവസം ആശുപത്രിയിൽ കിടത്തി. അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകളും നടത്തി. ഫോൺ പിടിച്ചുവാങ്ങി. എംബസിയുമായി ബന്ധപ്പെടാനും അനുവദിച്ചില്ല. ലിഗയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ പ്ളക്കാർഡുമായി സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ കറങ്ങി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയ ആൻഡ്രുവിന് നാട്ടുകാരായിരുന്നു ആകെ ആശ്രയം. പരാതിയുമായെത്തിയ ആൻഡ്രുവിനെ അവഗണിച്ച അതേ പൊലീസ് തന്നെയാണ് കൊല്ലപ്പെട്ടത് വിദേശ വനിതയാണെന്നതിനാൽ യഥാസമയം കുറ്റപത്രം സമർപ്പിക്കാനോ വിചാരണ വേഗത്തിലാക്കാനോ യാതൊന്നും ചെയ്യാതെ കുടുംബത്തിന് വീണ്ടും നീതി നിഷേധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.