മാലൂർ: മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗോപിക എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയത് ടാർപോളിനും തുണിയും വലിച്ചു കെട്ടിയ കൂരയിൽ ഇരുന്ന് പഠിച്ച്. ഇക്കാലത്ത് ഇങ്ങനെയും വീടോ എന്നു സംശയിച്ചു പോകുന്നവർക്ക് മുന്നിൽ മാലൂർ കരോത്ത് വയൽ സ്വദേശിയായ ഗോപികയുടെ ദുരിതജീവിതം തുറന്ന പുസ്തകമാണ്. ഇരുന്ന് പഠിക്കാൻ കസേരയോ എഴുതാൻ ഒരു മേശയോ ഇവിടെ ഇല്ല.
എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ചെന്ന് അനുമോദിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളും മറ്റും എത്തിയപ്പോഴാണ് ഗോപികയുടെ ദുരിതം നേരിട്ടറിയുന്നത്. മൺതറയിൽ ഇരുന്നുപഠിച്ചാണ് ഈ മിടുക്കി എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയത്. ഗോപികയ്ക്ക് മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് കോമേഴ്സ് ബാച്ചിൽ അഡ്മിഷനും ലഭിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന നിവേദ് സഹോദരനാണ് .കൂലിപ്പണിക്കാരായ അച്ഛൻ രാജീവനും അമ്മ രജിതയും കഠിനാദ്ധ്വാനം ചെയ്തിട്ടും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
ഭവനപദ്ധതികളിൽ ഇടമില്ല
ഇവർ താമസിക്കുന്ന വീടിനു നമ്പർ ലഭിക്കാത്തതിനാൽ സർക്കാർ ഭവന പദ്ധതിയിലൊന്നും ഈ കുടുംബം ഇടം പിടിച്ചിട്ടില്ല. സുമനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമേ ഗോപികയ്ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയുള്ളൂ. എത്രയും വേഗം ഗോപികയ്ക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാലൂർ പഞ്ചായത്തംഗം കാഞ്ഞരോളി രാഘവൻ ചെയർമാനും സി. ഭാർഗ്ഗവൻ കൺവീനറുമായി ഗോപികാ ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീൺ ബാങ്ക് തൃക്കടാരിപൊയിൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40498101028030, ഐ.എഫ്.എസ്.സി കോഡ്: KLGB0040498. ഗൂഗിൾ പേ: 8848880759.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |