ആലപ്പുഴ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ യുവാവ് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. വലിയ ചുടുകാടിന് കിഴക്ക് അമ്മച്ചി ഹോട്ടൽ നടത്തുന്ന സനാതനപുരം ഉമാ പറമ്പിൽ സുരേഷിനാണ് (65) നെഞ്ചിനും വയറിനും കൈക്കും ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ സഹോദരന്റെ മകൻ മനു സതീഷിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം. യുവാവ് വടിവാളുമായി ഹോട്ടലിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആലപ്പുഴ സൗത്ത് പൊലീസിന് മൊഴി നൽകി. സി.പി.എം സനാതനപുരം ബ്രാഞ്ച് സെക്രട്ടറിയാണ് സുരേഷ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.