ബീജിംഗ്: അതിർത്തി സംരക്ഷണത്തിനായി പുതുതായി പാസാക്കിയ ഭൂ അതിർത്തി നിയമം നിലവിലെ അതിർത്തി കരാറുകളെ ബാധിക്കില്ലെന്നും ഇതെക്കുറിച്ച് മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ. ഇന്ത്യയുടെ ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 23നാണ് നാഷനൽ പീപ്പിൾസ് കോൺഗ്രസ് നിയമം പാസാക്കിയത്. കിഴക്കൻ ലഡാക്കിലെ അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. നിയമത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഏകപക്ഷീയമായി ചൈന കൊണ്ടുവന്ന നിയമം അതിർത്തി കരാറുകളെ ബാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ലഡാക്കിൽ സൈനിക നീക്കം നടത്തുന്ന ചൈന, ടിബത്തിലെ ജനങ്ങളിൽ നിന്ന് നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയുൾപ്പെടെ14 രാജ്യങ്ങളുമായി ചൈന 22,000 കി.മി അതിർത്തി പങ്കുവയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |