പത്തനംതിട്ട: 18 വയസ് പൂർത്തിയാകുന്ന എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനും സമ്മതിദായക പട്ടികയിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനും സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് മുന്നോടിയായി കരട് വോട്ടർപട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. നവംബർ ഒന്നു മുതൽ നവംബർ 30വരെയാണ് പരാതികൾ സ്വീകരിക്കുക. അന്തിമ വോട്ടർ പട്ടിക 2022 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ) നിരീക്ഷിക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്നും ചില ബൂത്തുകളെപറ്റി ആക്ഷേപം നിലവിലുണ്ടെന്നും അതു പരിഹരിക്കപ്പെടണമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി നായർ, അഡ്വ. സുരേഷ്‌കുമാർ, വി.കെ പുരുഷോത്തമൻ പിള്ള, ആർ. ജയകൃഷ്ണൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാരായ ജി. ജയബാബു, എ.സാദത്ത്, വി.എം ഹബീബ്, സഖറിയാസ് തുടങ്ങിയവർ പങ്കെടുത്തു.