തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെ, ഒരു വർഷമായി ജയിലിൽ കഴിയുന്ന മകൻ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആശ്വാസമാകുന്നു. അനാരോഗ്യപ്രശ്നങ്ങളാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് നിൽക്കുകയായിരുന്ന കോടിയേരി, അസുഖം ഭേദമായ ശേഷം പാർട്ടി സംഘടനാ ഇടപെടലുകളിൽ സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോടിയേരി തന്നെയായിരുന്നു ഇലക്ഷൻ ചർച്ചകൾക്കടക്കം മുഖ്യമന്ത്രിക്കൊപ്പം ചുക്കാൻ പിടിച്ചത്. ബിനീഷിന്റെ ജയിൽമോചനം വൈകിയപ്പോൾ അതിന് കാത്തുനിൽക്കാതെ തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് മകന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവ് സാദ്ധ്യതകൾക്ക് വേഗതയേറിയതായാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന. നവംബർ ആറിനും ഏഴിനുമായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ സെക്രട്ടറിയായി വീണ്ടും കോടിയേരിയെ തിരിച്ചെത്തിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, നേതാക്കൾ ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. സെക്രട്ടറി സ്ഥാനത്ത് രണ്ട് ടേം വരുന്ന സംസ്ഥാന സമ്മേളനത്തോടെ കോടിയേരി പൂർത്തിയാക്കുകയാണ്. പാർട്ടി തീരുമാനിച്ചാൽ ഒരു ടേം കൂടി അദ്ദേഹത്തിന് തുടരാം. പുതിയ സാഹചര്യത്തിൽ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്താനും വഴിയൊരുങ്ങിയേക്കാം. സംസ്ഥാന സമ്മേളനത്തിലേക്ക് ആക്ടിംഗ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പോകണോ, സ്ഥിരം സെക്രട്ടറിയുടെ നേതൃത്വം തന്നെ വേണോയെന്ന ചർച്ചകളൊക്കെ സി.പി.എം കേന്ദ്രങ്ങളിലുണ്ടെങ്കിലും സ്ഥിരം സെക്രട്ടറി തന്നെ സമ്മേളനത്തിൽ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നതാണ് ശരിയെന്ന വിലയിരുത്തലുകളുമുണ്ട്. അങ്ങനെയെങ്കിൽ കോടിയേരിയുടെ മടങ്ങിവരവ് വൈകാതെ ഉണ്ടായേക്കാം. ബിനീഷിന്റെ വിഷയമുന്നയിച്ച് ഒരു വർഷമായി പാർട്ടിയെ നിരന്തരമായി വേട്ടയാടിയവർക്കുള്ള മറുപടിയും ബിനീഷിന് ജാമ്യം ലഭിച്ചതിലൂടെ സി.പി.എമ്മിനും കോടിയേരിക്കും ലഭിക്കുകയാണ്. സ്വർണക്കടത്ത് കേസ് സജീവമായ സന്ദർഭത്തിൽ അതിന് കരുത്തുപകരാനെന്ന നിലയിലാണ് തുടക്കത്തിൽ ബിനീഷിനെതിരായ കേസും എതിരാളികൾ ആയുധമാക്കിയത്.