SignIn
Kerala Kaumudi Online
Friday, 29 March 2024 3.24 AM IST

മാറണം സ്‌ത്രീ സുരക്ഷയുടെ സിലബസ്

illustration

പഠനാവശ്യത്തിന് പോവുകയായിരുന്ന 21കാരിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ഞെട്ടലിലാണ് നാട്. പ്രതി മീശ മുളയ്ക്കാത്ത പത്താം ക്ലാസുകാരനും. കൊണ്ടോട്ടിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. യുവതിയുടെ ചെറുത്തുനിൽപ്പ് പീഡനശ്രമം മാത്രമല്ല അവളുടെ ജീവനും കൂടിയാണ് രക്ഷിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി തന്നെ പറയുന്നു.

എവിടേക്കാണ് നാട് പോവുന്നതെന്ന ചോദ്യം മാത്രമല്ല എന്താണ് പരിഹാരമെന്നത് കൂടി ചർച്ചയാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പെൺകുട്ടികളെ നല്ല നടപ്പ് പഠിപ്പിക്കാൻ ഉത്സാഹിക്കുന്ന വീട്ടുകാർ സഹജീവികളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ബാലപാഠം പോലും ആൺകുട്ടികൾക്ക് പകരാൻ ശ്രമിക്കാറില്ല. തിരിച്ചറിവ് തുടങ്ങും മുമ്പെ തന്നെ നീ പെൺകുട്ടിയാണെന്നത് മറക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം പെൺകുട്ടികളുടെ ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തിയും വയ്ക്കുന്നു. കൊണ്ടോട്ടിയിൽ പിടിയിലായ പത്താംക്ലാസുകാരൻ ജൂഡോ ചാമ്പ്യനാണ്. ശരീരവും മനസും നിയന്ത്രിക്കേണ്ട ആയോധന കലയാണിത്. മുമ്പ് മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെടാത്ത 15കാരൻ കൃത്യമായ ആസൂത്രണത്തോടെ നാട്ടുകാരി കൂടിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പല ചോദ്യങ്ങളാണ് ഉയരുന്നത്. ഈ കുറ്റകൃത്യത്തിന് 15കാരനെ പ്രേരിപ്പിച്ച ഘടകങ്ങളിലേക്ക് അന്വേഷണം നീങ്ങിയിട്ടുണ്ട്. അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടിയെ വഴിതെറ്റിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. ശരിയായ വിധം ഉപയോഗിച്ചാൽ പാഠ്യ,​പാഠ്യേതര രംഗങ്ങളിൽ വിപ്ലവം സൃഷ്കിക്കാനുള്ള കരുത്തുണ്ട് ഇന്റർനെറ്റിന്. എന്നാൽ ദുരുപയോഗത്തിലൂടെ ഒരുതലമുറയെ തന്നെ അരക്ഷിതാവസ്ഥയിൽ എത്തിക്കാനുള്ള മാരകശേഷിയുമുണ്ട്. ഇന്റർനെറ്റിന്റെ അടിത്തട്ടായ ഡാർക്ക് വെബിനെക്കുറിച്ച് മികച്ച അവബോധമുണ്ട് കൗമാരക്കാർക്ക്. അതിസുരക്ഷാഫയലുകളുടേത് മാത്രമല്ല,​ അന്താരാഷ്ട്ര ലഹരി മാഫിയകളുടെ കേന്ദ്രവും കൂടിയാണ് ഡാർക്ക് വെബ്.

പോൺസൈറ്റുകളിൽ നിന്ന് കിട്ടുന്ന വികലമായ ലൈംഗിക ബോധം കൗമാരത്തിന്റെ ചിന്തകളെ വഴിതെറ്റിക്കുന്നു . പല വിദേശരാജ്യങ്ങളിലും ലൈംഗിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാണെന്നിരിക്കെ കേരളത്തിൽ ഇതിന് തുടക്കമിടാനുള്ള ശ്രമങ്ങളെ പോലും അശ്ലീല പദപ്രയോഗങ്ങളോടെ വരവേറ്റവർ സമൂഹത്തിലുണ്ടെന്നത് തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. യാഥാർത്ഥ്യങ്ങൾക്കപ്പുറം തെറ്റായതും ഊതിവീർപ്പിച്ചതുമായ വിവരങ്ങൾ ഇന്റർനെറ്റ് ലോകത്ത് നിന്ന് പരതിയെടുക്കുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കൊണ്ടോട്ടിയിലെ 15കാരന്റേത് പോൺ അഡിക്ഷനാണോ കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമമാണോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാവണം.

പഠിപ്പിക്കണം പെൺകുട്ടികളെ

ഒരാഴ്ചക്കിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ആറ് പീ‌ഡനക്കേസുകളിൽ ഒന്നിലൊഴികെ മറ്റെല്ലാറ്റിലും ഇരകൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ്. പ്രതികൾ 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളും. എല്ലാ കേസുകളിലുമുണ്ട് പ്രണയക്കുരുക്ക്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് മുമ്പും പിമ്പും നോക്കാതെ കാമുകനൊപ്പം ഇറങ്ങുന്നവരെക്കാത്ത് കഴുകൻ കണ്ണോടെ ഒന്നിലധികംപേർ പുറത്തുണ്ടെന്നത് ഈ കേസുകളുടെയെല്ലാം പൊതുസ്വഭാവമാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുപേർക്കൊപ്പം കാറിൽ കാസർക്കോട്ടെ ബേക്കലിലേക്ക് യാത്ര തിരിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ബേക്കലിൽവച്ച് പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിയെ കാത്ത് ബേക്കലിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ലൈംഗിക പീ‌ഡനമായിരുന്നു മൂവർ സംഘത്തിന്റെ ലക്ഷ്യം.

തിരൂരങ്ങാടിയിൽ അഞ്ചോളം പേരാൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയും പാണ്ടിക്കാടിൽ പത്തിലധികം പേരാൽ പീ‌ഡനത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥിനിയുമെല്ലാം ഒരുവർഷത്തിനിടയിലെ നോവുന്ന കാഴ്ചകളാണ്. മിക്കതിലും പ്രതിസ്ഥാനത്ത് കാമുകനും സോഷ്യൽ മീഡിയ ബന്ധങ്ങളുമാണ്. മാസങ്ങളുടെ പരിചയം പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും കടക്കുന്നതും വീഡിയോ ചിത്രീകരിച്ച് ഒന്നിലധികം പേർ ദുരുപയോഗം ചെയ്യുന്നതുമെല്ലാം സ്ഥിരം കാഴ്ചകളാകുമ്പോൾ ജാഗ്രത പുലർത്താൻ പെൺകുട്ടികളെയും പഠിപ്പിക്കണം. പഠന കാലയളവ് സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുള്ള പരിശീലന കാലയളവാണെന്നും പ്രണയമെന്നത് ശരീരമോഹമല്ലെന്നതും സോഷ്യൽ മീഡിയയിലെ അതിർ‌വരമ്പുകളെക്കുറിച്ചും കൂടുതൽ ബോധവത്‌കരിക്കണം. മക്കളോട് ഇതെല്ലാം പറയുന്നതെങ്ങനെ എന്ന രക്ഷിതാക്കളുടെ ചിന്തയും മാറേണ്ടതുണ്ട്. എത്ര വേണ്ടപ്പെട്ടവരാണെങ്കിലും പറയേണ്ടയിടത്ത് നോ ഉറക്കെ പറയാനും പഠിപ്പിക്കണം.

കുറയാതെ കേസുകൾ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് ജില്ല. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികൾ അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാവുകയാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. ഈ വർഷം ജൂൺ വരെ സ്ത്രീകൾക്കെതിരെയുള്ള 623 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജനുവരി മുതൽ ആഗസ്റ്റ് വരെ 9,594 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 1,446 കേസുകൾ ലൈംഗിക പീ‌ഡന കേസുകളാണ്. 2017 മുതൽ ജില്ലയിൽ സ്ത്രീകൾ ഇരകളാവുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. 2017ൽ 1,323 കേസുകളെങ്കിൽ 2020 ൽ 1,617 എണ്ണമായി ഉയർന്നു. ഈ വർഷം ജൂൺ വരെ 623 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 154 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മറക്കരുത് കുട്ടികളാണവർ

സംസ്ഥാനത്ത് ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജനുവരി മുതൽ ഒക്ടോബർ മൂന്ന് വരെ 301 പോക്‌സോ കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ഇരകളായ മറ്റ് 40 കേസുകൾ കൂടിയുണ്ട്. ഇതടക്കം 384 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം മുൻവർഷങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ട്. 2018ൽ 462, 2019ൽ - 524, 2020ൽ - 491 എന്നിങ്ങനെ കേസുകളാണ് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ആകെ 2,501 പോക്‌സോ കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 992 പോക്‌സോ കേസുകളിലാണ് പൊലീസ് ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിട്ടുള്ളത്.

തീർപ്പാക്കണം വേഗത്തിൽ

മലപ്പുറത്ത് 600ഓളം പോക്‌സോ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഒരുകേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടപടികൾ നീളുന്നതാണ് കേസുകൾ തീ‌ർപ്പാക്കുന്നത് വൈകിപ്പിക്കുന്നത്. മഞ്ചേരിയിലെ പോക്സോ കോടതിക്ക് പുറമെ തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ സ്‌പെഷ്യൽ കോടതികൾ സ്ഥാപിച്ചത് അടുത്തിടെയാണ്. പുതിയ കോടതികളുടെ വരവ് കേസുകൾ വേഗത്തിൽ പരിഗണിക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ മുൻവർഷങ്ങളിലെ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നതാണ് വെല്ലുവിളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, WOMEN SECURITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.