SignIn
Kerala Kaumudi Online
Saturday, 28 May 2022 6.17 PM IST

ഇറങ്ങിപ്പോക്കും പോസ്റ്റർ വിപ്ളവങ്ങളും

party

ഇറങ്ങിപ്പോക്ക്.... നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനം.. പോസ്റ്റർ പതിക്കൽ... കണ്ണൂരിലെ ചില സി.പി. എം ലോക്കൽ സമ്മേളനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇതൊക്കെയായിരുന്നു. തെക്കൻ ജില്ലകളിൽ ഇത്തരം അസ്വാരസ്യങ്ങളും വിഭാഗീയതയും കത്തിനിന്ന വേളകളിലെല്ലാം കണ്ണൂർ സി.പി. എമ്മിൽ ചെറിയൊരു തീപ്പൊരി പോലും കണ്ടിട്ടില്ല.

അസ്വാരസ്യത്തിന്റെ ചെറിയ തീപ്പൊരികൾ പൊട്ടിത്തെറിയിലേക്കും തെരുവുകളിലേക്കും പടർന്ന കാഴ്ചയും കഴിഞ്ഞ ദിവസം കണ്ണൂരിൽ കണ്ടു. അസ്വാരസ്യങ്ങൾ പ്രതിഷേധങ്ങളായി പുറത്ത് വന്നപ്പോൾ നേതൃത്വം തന്നെ രംഗത്തെത്തി. ചില പ്രവർത്തകർക്കുണ്ടായ തെറ്റിദ്ധാരണയാണ് പ്രതിഷേധത്തിനു പിന്നിലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

പേരാവൂരിലായിരുന്നു തുടക്കം. സി.പി. എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ ചിട്ടിതട്ടിപ്പിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ തെരുവ് യുദ്ധത്തിലേക്കെത്തുകയായിരുന്നു. പേരാവൂർ ഏരിയയ്ക്ക് കീഴിലെ ചില ലോക്കൽ സമ്മേളനങ്ങളിൽ ചിട്ടിതട്ടിപ്പ് കത്തിനിന്നു.

പേരാവൂർ ചിട്ടിതട്ടിപ്പ് കേസിൽ ഇടപാടുകാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന സി.പി. എമ്മിന്റെ ഉറപ്പിൽ ആക്‌ഷൻ കമ്മിറ്റിയുടെ സമരപരിപാടികൾ അവസാനിപ്പിക്കുകയായിരുന്നു. പേരാവൂർ ചിട്ടിതട്ടിപ്പ് സംഭവത്തിൽ പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നിക്ഷേപകരുടെ പണം തിരികെക്കിട്ടാൻ ശ്രമം നടത്തുമെന്ന് ജയരാജൻ ഇവർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. സൊസൈറ്റി കെട്ടിടം വിറ്റ് പണം തിരികെ നൽകാനാണ് ആലോചന. ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം അറിയിച്ചിരുന്നു.

പേരാവൂരിലെ പോര്

സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോപണം നേരിടുന്ന സെക്രട്ടറി പി.വി ഹരിദാസിന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നു സെക്രട്ടറി ഒഴിഞ്ഞുമാറിയെന്നാണ് വിവരം. അന്വേഷണം പൂർത്തിയായെന്നും ജോയിന്റ് രജിസ്ട്രാർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനിടെ സെക്രട്ടറി പി.വി. ഹരിദാസ് തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. ക്രമക്കേടിൽ ഉൾപെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം നികത്താൻ സഹകരണവകുപ്പിന് അധികാരമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സെക്രട്ടറിയുടെ സ്വത്ത് കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കാൻ ജില്ലാ രജിസ്ട്രാർക്ക് ജോയിന്റ് രജിസ്ട്രാർ കത്ത് നൽകി. ഈ കത്ത് പ്രത്യേക ദൂതൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ സെക്രട്ടറിയുടെ നീക്കം പൊളിയുകയായിരുന്നു.

വിമതരുടെ പ്രതിഷേധം തുടക്കത്തിലെ പരിഹരിക്കാൻ ഏരിയ, ജില്ലാ നേതൃത്വം തയ്യാറായിരുന്നെങ്കിൽ പ്രശ്നം വഷളാകില്ലായിരുന്നു എന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾ പ്രകടിപ്പിക്കുന്നത്.

ചിട്ടിതട്ടിപ്പ് നടത്തി കോടികൾ അടിച്ചുമാറ്റിയ സംഭവത്തിൽ കർശന നടപടിയുമായി സി.പി.എം നേതൃത്വം മുന്നോട്ടു നീങ്ങുന്നു. ചിട്ടി തുടങ്ങുമ്പോൾ ബാങ്ക് പ്രസിഡന്റും നിലവിലെ ലോക്കൽ സെക്രട്ടറിയുമായ എ. പ്രിയനെ മാറ്റിക്കൊണ്ടാണ് നടപടിക്ക് പാർട്ടി തുടക്കം കുറിച്ചത്. പി. പ്രഹ്ളാദനാണ് പുതിയ സെക്രട്ടറി. നെടുമ്പൊയിൽ ചേർന്ന ലോക്കൽ സമ്മേളനത്തിലാണ് തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന കൂടുതൽ പ്രാദേശിക നേതാക്കളുടെ പേരിൽ നടപടിയുണ്ടാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന. തട്ടിപ്പിൽ പാർട്ടിക്കോ നേതാക്കൾക്കോ പങ്കില്ലെന്ന് പറഞ്ഞ് നേതൃത്വം രംഗത്തുവന്നെങ്കിലും ചിറ്റാളന്മാരുടെയും അണികളുടെയും പ്രതിഷേധത്തിന് മുന്നിൽ നേതൃത്വം കീഴടങ്ങുകയായിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്നാണ് സി.പി.എം വിശദീകരണം.

തളിപ്പറമ്പിലെ തലവേദന

പേരാവൂരിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് സി.പി. എം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്റെ നാടായ തളിപ്പറമ്പിൽ പ്രശ്നങ്ങൾ പുറത്തുവന്നത്. പ്രവാസി വ്യവസായിയായ സാജൻ പാറയിലിന്റെ ആത്മഹത്യയെ തുടർന്നും തളിപ്പറമ്പിലെ സി.പി. എമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് അതൊക്കെ പരിഹരിച്ചിരുന്നു. തളിപ്പറമ്പിൽ സി.പി. എമ്മിന്റെ മുൻ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലാണ് സമ്മേളനത്തിൽ നിന്നു ഇറങ്ങിപ്പോക്കും പ്രതിഷേധ പ്രകടനവും ഉണ്ടായത്. സമാന്തര പ്രവർത്തനമെന്ന രീതിയിൽ വിമതർ ചേർന്ന് റസിഡന്റ്സ് അസോസിയേഷൻ എന്ന നിലയിൽ കൂട്ടായ്മയും രൂപീകരിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് ബ്രാഞ്ച് പരിധിയിലും പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങളും നടന്നു. മൂന്ന് കുടുംബ യോഗങ്ങളിലുമായി ഇരുനൂറിലധികം ആളുകൾ പങ്കെടുത്തെന്നാണ് വിമതരുടെ അവകാശം. തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കീഴാറ്റൂർ, മാന്തംകുണ്ട് ഉൾപ്പെടെയുള്ള മൂന്ന് ബ്രാഞ്ചുകളിൽ തങ്ങളുടെ ശക്തി തെളിയിച്ചാണ് വിമത മുന്നേറ്റം.

പ്രശ്നപരിഹാരത്തിനായി മുൻ എം.എൽ.എയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജയിംസ് മാത്യുവിന്റെ ഇടപെടലിലും മഞ്ഞുരുകിയില്ല. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്ന് ഇറങ്ങിവന്ന കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ നൂറോളം സി.പി.എമ്മുകാർ സി.പി.ഐയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് സജീവമായി നടത്തുന്നുണ്ട്.

സി.പി. ഐയിൽ നിന്നു പുറത്ത് പോയ പുല്ലായിക്കൊടി ചന്ദ്രനെ രണ്ടാം തവണയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തതിലുള്ള പ്രതിഷേധം കത്തിനിൽക്കുമ്പോഴാണ് സി.പി. ഐയിലേക്കുള്ള വിമതരുടെ കൂടുമാറ്റം. യോഗത്തിലെ പങ്കാളിത്തം ഉയർത്തികാട്ടി സി.പി.ഐയിൽ നല്ലൊരു ഇടം നേടാനുള്ള ശ്രമത്തിലാണ് വിമത പക്ഷം.

അതിനിടെ ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ മുരളീധരൻ ഉൾപ്പെടെ ആറുപേർക്കെതിരെ നടപടിയെടുക്കണമെന്നാണ് നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ചേർന്ന നോർത്ത് ലോക്കൽ കമ്മിറ്റിയോഗം ഏരിയ കമ്മിറ്റിയോട് നടപടി വേണമെന്ന് ശുപാർശ ചെയ്തതായാണ് വിവരം. മുരളീധരനും മറ്റ് ആറു പേർക്കും ലോക്കൽ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഇവർ തയ്യാറായില്ല.

കണ്ണൂരിലെ കരട്

കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വ നിലപാടിൽ പ്രതിഷേധിച്ച് ലോക്കൽ സെക്രട്ടറിയായിരുന്ന ഇർഷാദ് ഉൾപ്പടെയുള്ള അഞ്ച് പ്രവർത്തകർ ഇറങ്ങിപ്പോയത്. സെക്രട്ടറി സ്ഥാനത്തേക്ക് മുൻ ലോക്കൽ സെക്രട്ടറി ഇർഷാദിനെ പരിഗണിക്കാതെ വന്നപ്പോൾ അത് ശരിയല്ലെന്ന് അംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. തുടർന്ന് മത്സരിക്കാൻ തയ്യാറുണ്ടോയെന്നു ചോദിച്ചപ്പോൾ തയ്യാറാകാതിരുന്ന ഇർഷാദ് പാർട്ടി തന്നെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന രീതി സി.പി. എം തിരുത്തണമെന്നാണ് ഇറങ്ങിപ്പോയവരുടെ നിലപാട്. ബഹിഷ്കരിച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസരത്ത് പോസ്റ്റർ പ്രചാരണവും നടത്തി. നേതാക്കളിൽ ചിലരുടെ താത്പര്യപ്രകാരമാണ് കമ്മിറ്റിയിൽ നിന്ന് ചിലരെ തള്ളുകയും ചിലരെ ഉൾക്കൊള്ളുകയും ചെയ്തതെന്നാണ് വിമർശനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR DIARY, CPM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.