SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.13 PM IST

മറക്കില്ല കേരളം ഈ ഡോക്ടറെ

dr-m-krishnan-nair

കേരളത്തിൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഏറ്റവും പരിമിതമായിരുന്ന കാലത്താണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കാൻസർ ചികിത്സാ കേന്ദ്രമായി മാറിയ ആർ.സി.സി ജന്മമെടുക്കുന്നത്. എൺപത്തിരണ്ടാം വയസിൽ ജീവിതത്തോടു വിടപറഞ്ഞ ഡോ. എം. കൃഷ്ണൻനായരായിരുന്നു ഈ നൂതന സംരംഭത്തിന്റെ അമരക്കാരൻ. മനുഷ്യകുലം ഏറ്റവും പേടിക്കുന്ന രോഗങ്ങളിലൊന്നായ കാൻസറിന്റെ പിടിയിൽനിന്ന് ആയിരക്കണക്കിനാളുകളെ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. കുട്ടികളും പ്രശസ്തരും അപ്രശസ്തരും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമൊക്കെ അക്കൂട്ടത്തിലുണ്ട്. കാൻസർ ചികിത്സ വെറും മരുന്നിലും ലൈറ്റടിയിലും ഒതുങ്ങിനിന്ന ഒരു കാലത്താണ് ലണ്ടനിൽ പോയി അർബുദ ചികിത്സയിൽ പ്രാഗത്ഭ്യം നേടി മടങ്ങിയെത്തിയ ഡോ. കൃഷ്ണൻനായർ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ആർ.സി.സിയിലും ആയിരങ്ങൾക്ക് കാണപ്പെട്ട ദൈവമായത്. ഇരുപത്തിരണ്ടു വർഷമാണ് ആർ.സി.സി ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചത്. സ്ഥാപിതമായതു മുതൽ അതിനോട് വിടപറയുന്നതുവരെ ലോകോത്തര സ്ഥാപനമായി ആർ.സി.സിയെ വളർത്തിയെടുത്തതിൽ അദ്ദേഹത്തിന്റെ പങ്ക് എക്കാലവും സംസ്ഥാനം നന്ദിയോടെ സ്മരിക്കും.

അർബുദം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാൽ മരണത്തിനു കീഴടങ്ങുകയല്ലാതെ മറ്റു വഴിയില്ലെന്നു കരുതിയ കാലത്തുനിന്ന് വൈദ്യശാസ്‌ത്രം ഇന്ന് അവിശ്വസനീയമാം വിധം മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ ചികിത്സാരീതികളോ സൗകര്യങ്ങളോ കാര്യമായി ഇല്ലാതിരുന്ന കാലത്താണ് ഡോ. കൃഷ്ണൻനായർ ഈ രംഗത്ത് കുറഞ്ഞ വർഷങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചത്. കാസർകോട് മുതൽ കളിയിക്കാവിള വരെയുള്ള സ്ഥലങ്ങളിൽ നിന്നു മാത്രമല്ല അയൽ സംസ്ഥാനത്തു നിന്നുപോലും അനവധി രോഗികൾ ആർ.സി.സിയുടെ ചികിത്സയും പരിചരണവും തേടി എത്താറുണ്ട്.

ആതുരസേവനം ഏറ്റവും വിശുദ്ധമായ മനുഷ്യസേവനമായി കരുതിപ്പോന്ന ഭിഷഗ്വരന്മാരുടെ ഗണത്തിലാണ് ഡോ. കൃഷ്ണൻനായരുടെ പേരും എഴുതിച്ചേർക്കേണ്ടത്. അത്രയധികം സമർപ്പിതവും നിഷ്‌കാമവുമായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങൾ. രോഗം ഒരു കുടുംബത്തിന് ഏല്പിക്കുന്ന സാമ്പത്തികാഘാതം അതിഭീമമാണ്. ഇതു മുൻകൂട്ടിക്കണ്ടാണ് 'കാൻസർ കെയർ ഫോർ ലൈഫ്" എന്ന അതിനൂതനമായ ചികിത്സാ പദ്ധതിക്ക് ഡോ. കൃഷ്ണൻനായർ തുടക്കമിട്ടത്. ഏതു പാവപ്പെട്ടവനും അംഗമാകാൻ കഴിയുന്ന തരത്തിൽ വെറും 101 രൂപയായിരുന്നു പദ്ധതിയിൽ അംഗമാകാൻ വേണ്ട ചെലവ്. അംഗത്വമെടുക്കുന്ന ആൾക്ക് ജീവിതാവസാനം വരെ കാൻസർ ചികിത്സ സൗജന്യമായി ലഭ്യമാക്കും. ആയിരക്കണക്കിനാളുകൾക്ക് ഇതിനകം ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്.

കാൻസർ അവബോധം സൃഷ്ടിക്കാൻ ആർ.സി.സി മുൻകൈയെടുത്തു തുടങ്ങിയ ബോധവത്‌കരണ യത്നങ്ങൾ വൻ വിജയമായി. കാൻസർ രോഗം നേരത്തെ കണ്ടുപിടിക്കപ്പെട്ടാൽ തൊണ്ണൂറു ശതമാനവും ചികിത്സിച്ചു മാറ്റാനാകും. ഈ സാദ്ധ്യത മനസിൽക്കണ്ടാണ് വിപുലമായ ബോധവത്‌കരണത്തിന് ആസൂത്രിത ശ്രമങ്ങൾ ഇപ്പോഴും നടന്നുവരുന്നത്. ഇതിന് മികച്ച ഫലവും ഉണ്ടായിട്ടുണ്ട്. രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ ജനങ്ങൾ ഇന്ന് സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്. രാജ്യത്ത് ആദ്യമായി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗവും കുട്ടികൾക്കായുള്ള പ്രത്യേക വിഭാഗവും ആർ.സി.സിയിലാണ് പിറവിയെടുത്തത്. ഇതിന്റെ ആശയവും ഡോ. കൃഷ്ണൻനായരുടേതായിരുന്നു.പത്മശ്രീ ഉൾപ്പെടെ അനവധി പുരസ്കാരങ്ങൾക്ക് അർഹനായ ഡോ. കൃഷ്ണൻനായർ എന്നും ഓർമ്മിക്കപ്പെടുന്നത് അർബുദരോഗികളുടെ രക്ഷകൻ എന്ന നിലയിലായിരിക്കും. ആർ.സി.സി തന്നെയാകും അദ്ദേഹത്തിനുള്ള നിത്യസ്‌മാരകവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M KRISHNAN NAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.