കോഴിക്കോട്: പരസ്യചിത്രങ്ങളിൽ വേറിട്ട പരീക്ഷണവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പി.യു ഫുട്‌വെയർ നിർമ്മാതാക്കളായ വി.കെ.സി. പ്രൈഡ്. ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചൻ 'ഇന്ത്യയുടെ അഭിമാനം, എന്റെ അഭിമാനം" എന്ന പരസ്യമില്ലാ പരസ്യചിത്രത്തിലൂടെയാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.
സാധാരണക്കാരുടെ അദ്ധ്വാനത്തെ ആഘോഷമാക്കൂ എന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥയോ കഥാപാത്രങ്ങളോ പശ്ചാത്തലമോ ഇല്ല. വി.കെ.സിയുടെ ബ്രാൻഡ് മുദ്രയോ പാദരക്ഷകളോ ഇല്ല. അമിതാഭ് ബച്ചൻ, അദ്ദേഹമായി തന്നെ പ്രത്യക്ഷപ്പെടുന്നു. ''എന്റെയുള്ളിലെ മൂല്യങ്ങളുമായി വളരെ ചേർന്നുനിൽക്കുന്ന വി.കെ.സി പ്രൈഡിന്റെ മൂല്യങ്ങൾ ലോകവുമായി പങ്കുവയ്ക്കുന്നതിൽ അഭിമാനമുണ്ട്"- ബച്ചൻ പറഞ്ഞു. ഒരു ഫുട്‌വെയർ ബ്രാൻഡിന്റെ പരസ്യത്തിൽ ആദ്യമായാണ് ബിഗ് ബി പ്രത്യക്ഷപ്പെടുന്നത്.
ബി.ബി.സിയിലും സി.എൻ.എന്നിലും പരസ്യചിത്രം അവതരിപ്പിച്ചു. ഇന്ത്യൻ മാദ്ധ്യമങ്ങളിലും ഉടൻ അവതരിപ്പിക്കും. നവീനമായ ആശയങ്ങളാലും സാങ്കേതികവിദ്യയാലും ഇന്ത്യയിലെ ഫുട്‌വെയർ വ്യവസായത്തിന്റെ മുന്നിൽനിന്ന് നയിക്കുന്ന കരുത്തുറ്റ ബ്രാൻഡാണ് വി.കെ.സി പ്രൈഡെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി റസാക് പറഞ്ഞു.