SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 AM IST

യു.എ.പി.എ പകവീട്ടലിനുള്ള ആയുധമല്ല

alan

നിസാര കുറ്റങ്ങൾക്കു പോലും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന പൊലീസിനും കേന്ദ്ര ഏജൻസികൾക്കുമുള്ള തിരിച്ചടിയാണ് പന്തീരങ്കാവ് കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം അനുവദിച്ചുള്ള സുപ്രീംകോടതി ഉത്തരവ്. ഇരുവർക്കുമെതിരായി ചുമത്തിയ യു.എ.പി.എ നിലനില്ക്കില്ലെന്നും ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താവൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. സർക്കാരിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം കേരളാ പൊലീസ് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്നതിനു കൂടി ഇതോടെ അവസാനമാവുമെന്ന് കരുതാം. രാജ്യദ്രോഹം രാജ്യത്തെ ഏ​റ്റവും വലിയ കു​റ്റമാണ്. ഒരു പൗരനു മേൽ രാജ്യദ്രോഹക്കു​റ്റം ചുമത്തുമ്പോൾ പൊലീസിന് വലിയ ഉത്തരവാദിത്തമുണ്ട്. പൂർണബോദ്ധ്യമുണ്ടായാൽ മാത്രമേ യു.എ.പി.എ. ചുമത്താവൂ. സമീപകാലത്ത് യു.എ.പി.എ ചുമത്തിയതിൽ നിരവധി പാളിച്ചകളുണ്ടായ സാഹചര്യത്തിൽ, ഗൗരവമുള്ള സാഹചര്യവും തെളിവുകളും ഇല്ലെങ്കിൽ യു.എ.പി.എ ചുമത്താൻ അനുവദിക്കരുത്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും അനുവാര്യമായ യു.എ.പി.എ എന്ന നിയമം യാതൊരു പരിശോധനയുമില്ലാതെ പൗരന്മാർക്കു മേൽ ചുമത്തുന്നത് കേരളം പോലൊരു സംസ്ഥാനത്ത് നല്ലതല്ല. തൊട്ടതിനും പിടിച്ചതിനുമൊന്നും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന കാലംകഴിഞ്ഞെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച് 48മണിക്കൂർ കഴിയുംമുൻപാണ് കോഴിക്കോട്ട്, ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ ഇതേനിയമം ചുമത്തി പൊലീസ് ജയിലിലടച്ചത്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനും മേൽ യു.എ.പി.എചുമത്തിയതിന് സമാനമായ സംഭവങ്ങളാണ് കോഴിക്കോട്ടുണ്ടായത്. കമാലിനും നാദിറിനുമെതിരെ ചുമത്തിയ യു.എ.പി.എ പിന്നീട് ഒഴിവാക്കേണ്ടി വന്നു.

നിസാരകുറ്റങ്ങൾക്കു പോലും യു.എ.പി.എ ചുമത്താൻ നിർദ്ദേശിക്കുന്ന മറുനാടൻ പൊലീസുദ്യോഗസ്ഥരും അനുമതി നൽകുന്ന പൊലീസ് നേതൃത്വവുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.

ജാഗ്രതയില്ലാതെ യു.എ.പി.എ ചുമത്തിയത് ഗൗരവകരമാണെന്നാണ് കേസുകൾ പുന:പരിശോധിച്ച വിദഗ്ദ്ധസമിതി വിലയിരുത്തിയത്. ഇതോടെ യു.എ.പി.എയുടെ വകുപ്പുകളെക്കുറിച്ച് എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അറിവുണ്ടാകാൻ സർക്കാർ ശില്പശാല നടത്തിയിരുന്നു. യു.ഡി.എഫ് സർക്കാർ 137ഉം എൽ.ഡി.എഫ് സർക്കാരിന്രെ ആദ്യകാലത്ത് 25ഉം കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടുവർഷം 67കേസുകളാണെടുത്തത്. ആശയപ്രചാരണത്തിന്റെ പേരിൽ 22കേസുകളുണ്ട്. ഭൂരിഭാഗവും മാവോയിസ്റ്റുകൾക്കെതിരേയാണ്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ,താമരശേരി, മെഡിക്കൽകോളേജ്, നടക്കാവ്, നിലമ്പൂർ,പാണ്ടിക്കാട്,അട്ടപ്പാടി, അഗളി,പെരുമ്പാവൂർ, കേളകം എന്നിവിടങ്ങളിൽ യു.എ.പി.എ കേസുകളുണ്ട്.

സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരേ പോലും ഭീകരവിരുദ്ധനിയമം ചുമത്തിയെന്ന വിമർശനമുണ്ടായതോടെ സർക്കാർ പുന:പരിശോധിച്ചു. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതായി കണ്ടെത്തി. ഈ കേസുകളിൽ യു.എ.പി.എയുടെ വകുപ്പുകൾ ഒഴിവാക്കാൻ കോടതികളിൽ അപേക്ഷനൽകി. മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം,പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏ​റ്റവുമധികം യു.എ.പി.എ കേസുകൾ. മാവോയിസ്റ്റുകൾക്ക് പണം നൽകിയതിനും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്​റ്റർ പതിച്ചതിനുമൊക്ക യു.എ.പി.എ ചുമത്തിയിട്ടുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ തടയാനുള്ള യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്​റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തുന്നത് കുറവാണെന്നും നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾ യു.എ.പി.എയിൽ വരുമെന്നും വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റുകളെന്നുമുള്ള പൊലീസ് നേതൃത്വത്തിന്റെ വാദത്തിനുള്ള തിരിച്ചടിയാണ് പന്തീരങ്കാവ് കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നുള്ല സുപ്രീംകോടതി ഉത്തരവ്.

എന്താണ് യു.എ.പി.എ

അൺലാഫുൾ ആക്ടി‌വിറ്രീസ് പ്രിവൻഷൻ ആക്ട്

യു.എ.പി.എ ചുമത്തിയാൽ ജാമ്യംകിട്ടില്ല
2004ൽ ഭീകരവിരുദ്ധനിയമങ്ങൾ കൂട്ടിച്ചേർത്ത് ശക്തമാക്കി
മുംബയ് ഭീകരാക്രമണത്തിനു ശേഷം ശക്തമായ ഭേദഗതികൾ
രാഷ്ട്രീയ കൊലക്കേസുകളിലും ചുമത്തുന്നു.
റെയിൽവേ,തുറമുഖം, വ്യവസായം എന്നിവ തടസപ്പെടുത്തിയാലും ചുമത്താം.
അറസ്റ്റിനും റെയ്ഡിനും പൊലീസിന് വിപുലമായ അധികാരം, വാറണ്ട് വേണ്ട.
വിശ്വസനീയമായ കാരണമോ വിവരമോ ഉണ്ടെങ്കിൽ അറസ്റ്റാവാം.
43ഡി(2)വകുപ്പുപ്രകാരം 180ദിവസംവരെ പ്രാഥമിക തടങ്കിലിൽവയ്ക്കാം.
43ഡി(5)പ്രകാരം പ്രോസിക്യൂട്ടർ അനുവദിക്കാത്തിടത്തോളം ജാമ്യംകിട്ടില്ല.

വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ അടുത്തിടെ നിയമഭേദഗതി.

സുപ്രീംകോടതി പറഞ്ഞത്

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഓക എന്നിവരുടെ ബെഞ്ചാണ് യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ മാത്രം യു.എ.പി.എ. നിലനിൽക്കില്ല. അത്തരം സംഘടനകളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രവർത്തിച്ചെങ്കിൽ മാത്രമേ യു.എ.പി.എ. പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കൂ. ഭീകരസംഘടനയ്ക്കുവേണ്ടി പണം ശേഖരിക്കുന്നത് യു.എ.പി.എ. നിയമത്തിലെ 40-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. എന്നാൽ, പന്തീരങ്കാവ് കേസിൽ അലനും താഹയ്ക്കുമെതിരേ ഈ ആരോപണമില്ല.

ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എ.യുടെ 38, 39 വകുപ്പുകൾ നിലനിൽക്കൂ. ഭീകരസംഘടനയിൽ അംഗമാണ് എന്നതുകൊണ്ടുമാത്രം 38-ാം വകുപ്പ് നിലനിൽക്കില്ല. ഭീകരസംഘടനയെ പിന്തുണച്ചാൽപ്പോലും അത് സംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്ന് തെളിയിക്കാനായില്ലെങ്കിൽ 39-ാം വകുപ്പ് നിലനിൽക്കില്ല. 38, 39 വകുപ്പുകൾക്ക് പത്തുവർഷം തടവും പിഴയുമാണ് പരമാവധി ശിക്ഷ. കുറ്റകൃത്യത്തിന്റെ കാഠിന്യവും മറ്റു വസ്തുതകളും കണക്കിലെടുത്ത് 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് പിഴ മാത്രം ചുമത്തി പ്രതിയെ വിടുകയുമാകാം- സുപ്രീംകോടതി വ്യക്തമാക്കി. അലനും താഹയ്ക്കുമെതിരെ യു.എ.പി.എയിലെ 20-ാംവകുപ്പ് കേരളാ പൊലീസ് ചുമത്തിയെങ്കിലും എൻ.ഐ.എ ഒഴിവാക്കിയിരുന്നു. 20-ാം വകുപ്പ് പ്രകാരം പരമാവധി ജീവപര്യന്തവും പിഴയുമാണ് ശിക്ഷ.

മുഖ്യമന്ത്രി പറഞ്ഞത്

യുഎപിഎ അടക്കമുള്ള കരിനിയമങ്ങൾ ഒരു തരത്തിലും ദുരുപയോഗം നടത്താൻ സർക്കാർ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. യുഎപിഎ നിയമം ഏതെങ്കിലും ഉദ്യോഗസ്ഥൻ തെ​റ്റായി പ്റയോഗിച്ചെങ്കിൽ അതിനെ ന്യായീകരിക്കില്ല. സർക്കാർ അനുമതിയോടെ മാത്റമേ വിചാരണയ്ക്ക് അനുമതി നൽകാനാവൂ. അലൻ ഷുഹൈബ്, താഹ എന്നിവരെ പിടികൂടുമ്പോൾ ഇവരിൽ നിന്ന് മാവോയിസ്​റ്റ് അനുകൂല പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു. ഫോൺ, ലാപ്‌ടോപ്, മെമ്മറി കാർഡ്, ബൈക്ക് എന്നിവയും കണ്ടെടുത്തു. യുഎപിഎ ആക്ടിലെ 20, 38, 39 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. പിടികൂടുമ്പോൾ താഹ മാവോയിസ്​റ്റ് അനുകൂല മുദ്റാവാക്യങ്ങൾ മുഴക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്റീയ കൊലപാതകങ്ങൾക്കു പോലും യുഎപിഎ ചുമത്തിയ സംഭവവമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പുന:പരിശോധനയുമായി സർക്കാർ

പൊലീസ് യു.എ.പി.എ ചുമത്തിയാലും ഹൈക്കോടതി റിട്ട.ജഡ്‌ജി പി.എസ്.ഗോപിനാഥൻ നായർ അദ്ധ്യക്ഷനായ സമിതി യു.എ.പി.എ നിലനിൽക്കുമോയെന്ന് പരിശോധിക്കുന്നുണ്ട്. ഈ സമിതിയുടെ ശുപാർശയോടെയേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകൂ. അനാവശ്യമാണെങ്കിൽ യു.എ.പി.എ വകുപ്പ് റദ്ദാക്കും. യു.എ.പി.എ ചുമത്തുന്നത് ജില്ലാപൊലീസ് സൂപ്രണ്ടുമാരുടെ അനുമതിയോടെ മാത്രമായിരിക്കണം. ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ ഇത്തരം വകുപ്പുകൾ ചുമത്താവൂ. കേസുകളെടുക്കുമ്പോൾ കുടുതൽ ശ്റദ്ധയും ഉന്നതഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉറപ്പുവരുത്തണം. എസ്.പിയിൽ നിന്ന് ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാതെ എസ്.ഐമാർ കേസുകൾ രജിസ്​റ്റർ ചെയ്യരുത്. അറസ്റ്റിന് സുപ്റീംകോടതി മാർഗനിർദേശങ്ങളും ഡി.ജി.പിയുടെ സർക്കുലറുകളും പാലിക്കണം. അറസ്റ്റിനും നടപടിക്രമങ്ങൾക്കും ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകണം. മേലുദ്യോഗസ്ഥനുമായി ചർച്ചചെയ്താവണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്- ഇതാണ് പൊലീസിനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UAPA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.