കൊച്ചി: കുട്ടികൾക്ക് സ്കൂളിൽ അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടി.സിയില്ലെന്ന കാരണത്താൽ പാലക്കാട് പുതുക്കോട് എസ്.ജെ.എച്ച്.എസിൽ അഡ്മിഷൻ നിഷേധിച്ചതിനെതിരെ 17 വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിക്കാർ കോട്ടശേരി എ.എൽ.പി സ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കൊവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിലിരുന്ന് വിക്ടേഴ്സ് ചാനലിന്റെ സഹായത്തോടെ അഞ്ച്, ആറ് ക്ളാസുകളിലെ പഠനം പൂർത്തിയാക്കി. ഏഴാം ക്ളാസിലേക്കുള്ള പ്രവേശനത്തിന് പുതുക്കോട് എസ്.ജെ.എച്ച്. എസിനെ സമീപിച്ചപ്പോൾ ടി.സി ഹാജരാക്കാൻ ആവശ്യപ്പെട്ടു. കോട്ടശേരി എ.എൽ.പി സ്കൂളിൽ അഞ്ചാം ക്ളാസു വരെയേ ഉള്ളൂവെന്നതിനാൽ ആറാം ക്ളാസ് പാസായെന്ന് വ്യക്തമാക്കി ടി.സി നൽകാനാവില്ലെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. തുടർന്നാണ് കുട്ടികൾ ഹർജി നൽകിയത്.
2009 ലെ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമ പ്രകാരം സ്കൂൾ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി നിർബന്ധമല്ല. ഈ കുട്ടികളെ ക്ളാസിലെ മറ്റു കുട്ടികളുടെ നിലവാരത്തിലെത്തിക്കാൻ മൂന്നു മാസത്തെ പ്രത്യേക ട്രെയിനിംഗ് നൽകുന്നതിന് സംസ്ഥാന സർക്കാർ ചട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. ഒന്നാം ക്ളാസ് ഒഴികെയുള്ള ക്ളാസുകളിൽ ടി.സിയില്ലാതെ പ്രവേശനം നൽകരുതെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിലുണ്ടെങ്കിലും ,ആറു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.