തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷിത യാത്ര ഒരുക്കാനായി സ്കൂൾ ബസുകളിലെ ഫിറ്റ്നസ് പരിശോധന ഇന്നലെ വൈകിട്ടോടെ പൂർത്തിയാതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു . .മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും നേരിട്ടും ഓൺലൈനായും പരിശീലനം നൽകി. ആവശ്യപ്പെട്ട സ്കൂളുകളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും സർവീസിനെത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി സർക്കാർ ഡിസംബർ 31 വരെ നീട്ടിയിരുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർത്ഥനയെത്തുടർന്നാണിത്. സെപ്തംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് പരിശോധ കഴിഞ്ഞ വാഹനങ്ങളിലെല്ലാം മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. ട്രയൽ റൺ ഇന്നോടെ പൂർത്തിയാകും. സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ട് പ്രോട്ടോക്കോൾ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ബസ് യാത്ര :
₹ബസിൽ തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ ഉണ്ടാകും ഡോർ അറ്റൻഡർ കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കും. കൈകൾ സാനിറ്റൈസ് ചെയ്യും.
₹കുട്ടികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
₹ യാത്ര അവസാനിക്കുമ്പോൾ വാഹനം അണു നാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിക്കും.
₹ വിദ്യാർത്ഥികളെ കയറ്റാൻ മടി കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയും മോട്ടോർ വാഹന വകുപ്പും കുട്ടികളുടെ യാത്ര നിരീക്ഷിക്കും.