കോട്ടയം: ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പഴയപോലെ തോളിൽ കൈയിട്ട് ചിരിച്ചുകളിച്ച് സ്കൂളിലേയ്ക്ക് വരാനാവില്ല. മുന്നറിയിപ്പുകളെല്ലാം ചുവരുകളിലുണ്ട്. ഒരു കൈ അകലം പാലിച്ച് സാനിറ്റൈസർ പുരട്ടി മൂക്കും വായും മാസ്ക് കൊണ്ട് മറച്ച് പഠിച്ചു തുടങ്ങാം. ഇന്നത്തെ ആദ്യ പാഠം സാമൂഹ്യ അകലം!
പത്തൊൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ ഒന്നാം ക്ളാസുകാർ മാത്രമല്ല, രണ്ടാം ക്ളാസുകാരും ആദ്യമായാണ് എത്തുന്നത്. ഓൺലൈൻ പഠനത്തിന്റെ 'മായാലോകം' വിട്ട് പാഠങ്ങൾ നേരിട്ട് പഠിച്ചു തുടങ്ങാം. ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികളും പത്ത്, പ്ളസ് ടു വിദ്യാർത്ഥികളും ഇന്നെത്തും. സ്കൂളിലേയ്ക്ക് അയയ്ക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ സമ്മത പത്രവും വാങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് വാങ്ങിയാണ് സ്കൂളുകളെ പഠനത്തിനൊരുക്കിയത്. ചായം പൂശിയും ചെടിച്ചട്ടികൾ നിരത്തിയും കൊവിഡ് മാർഗ നിർദേശങ്ങൾ പതിപ്പിച്ചുമാണ് എല്ലാ സ്കൂളുകളും വിദ്യാർത്ഥികളെ വരവേൽക്കുന്നത്.
പ്രവേശനോത്സവം കാണക്കാരിയിൽ
ജില്ലാ പ്രവേശനോത്സവം കാണക്കാരിയിൽ രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അദ്ധ്യക്ഷത വഹിക്കും.
വാക്സിനെടുക്കാതെ 154 പേർ
ഇതുവരെ രണ്ട് ഡോസും വാക്സിനേഷൻ നടത്താതെ ഹയർസെക്കൻഡറി തലം വരെ 154 പേരുണ്ട്. 134 പേരും ഹൈസ്കൂൾ വരെയുള്ള ജീവനക്കാരാണ്. ഇവരോട് സ്കൂളിന്റെ ഏഴയലത്ത് എത്തിയേക്കരുതെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്നത്. അലർജി, ആരോഗ്യ പ്രശ്നം, മതപരമായ കാരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇത്രയധികം പേർ വാക്സിനെടുക്കാതിരുന്നത്.
ക്യാമ്പുകളിലും ശുചീകരണം
ഉരുൾപൊട്ടൽ മൂലം ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളുകളും സജ്ജമായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഇവിടെ ശുചീകരണം പൂർത്തിയായി. പുസ്തകങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചവർക്ക് വിതരണം ചെയ്ത് തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ഞാൻ ഗാരണ്ടി
'' രക്ഷിതാക്കൾക്ക് ഒരു ആശങ്കയും വേണ്ട. അമ്പത് ശതമാനം വിദ്യാർത്ഥികളാണ് ആദ്യ ഘട്ടം ക്ളാസിൽ എത്തുക. സാമൂഹിക അകലം പാലിച്ച് പഠനം നടത്താനുള്ള എല്ലാ സംവിധാനങ്ങളു ഒരുക്കിയിട്ടുണ്ട്'' - സുജയ ടി.ആർ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്
തുറക്കുന്നത് 912 സ്കൂൾ
ഹയർസെക്കൻഡറി 134