SignIn
Kerala Kaumudi Online
Wednesday, 25 May 2022 4.02 PM IST

കേരളം ഒരു ദശാസന്ധിയിൽ

k

വീണ്ടുമൊരു കേരളപ്പിറവി ദിനമെത്തുമ്പോൾ കേരളത്തിലെ ജനം ദുരിതത്തിലും ആശങ്കയിലുമാണ് . പ്രകൃതി ദുരന്തങ്ങൾ കൊണ്ടുമാത്രമുണ്ടായ ആശങ്കയല്ല സംസ്ഥാനത്തെ ഭരണാധികാരികൾ ഉണ്ടാക്കിയ ആശങ്ക കൂടിയാണത്. കേരളത്തിൽ പതിറ്റാണ്ടുകളായി അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് കോൺഗ്രസ് മുന്നണികളുടെ ഭരണപരാജയത്തിന്റെ ആകെത്തുകയാണ് കേരളത്തിന്റെ ഇല്ലായ്മ. തൊഴിലില്ലായ്മ, ഭക്ഷ്യസാധനങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്, വ്യവസായ മുരടിപ്പ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ എന്നിവയാൽ വലയുകയാണ് കേരളം. വെള്ളപ്പൊക്കത്തിലും മഴക്കെടുതികളിലും എല്ലാം നഷ്ടപ്പെട്ടവരുടെ കൈത്താങ്ങാകാൻ സർക്കാരിന് കഴിയുന്നില്ല.

ഇപ്പോഴും കേരള മോഡലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് സർക്കാർ. സാമൂഹ്യവളർച്ചയുടെ വിവിധ മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ 19 ാം നൂറ്റാണ്ടിൽത്തന്നെ കേരളം , മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കാനും നവീകരിക്കാനും പ്രേരിപ്പിച്ച ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളും ആത്മീയ നേതാക്കളും നവോത്ഥാന നായകരുമൊക്കെ വിദ്യാഭ്യാസത്തിനും വ്യവസായവത്കരണത്തിനും ആരോഗ്യ മേഖലയ്ക്കുമൊക്കെ പ്രാധാന്യം നല്‌കിയിരുന്നു.
കമ്മ്യൂണിസ്റ്റുകൾ തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുന്ന മേഖലകളിൽ പോലും കേരളം പിന്നാക്കം പോവുന്നു. കാലത്തിനനുസരിച്ച് നമ്മുടെ ആരോഗ്യ സംവിധാനത്തെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നില്ല. ശരാശരി മലയാളിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും കവരുന്നതാണ് സംസ്ഥാനത്തെ ആരോഗ്യചെലവുകൾ.
വിദ്യാഭ്യാസം കച്ചവടക്കാരുടെ കൈയിലാണ്. ഉന്നത വിദ്യാഭ്യാസത്തിനായി മലയാളികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഉള്ളതിന് ഗുണനിലവാരം കുറവാണ്. ലക്ഷങ്ങൾ കൊടുത്താലേ മലയാളിക്ക് അദ്ധ്യാപകനാകാൻ കഴിയൂ. വിദ്യാഭ്യാസരംഗത്തെ മേൽനോട്ടത്തിന്റെ എല്ലാ മേഖലകളിലും പാർട്ടിക്കാരെ കുത്തിനിറച്ച് നിലവാരം തകർത്തു.

ഒരു നാട് പുരോഗമിക്കണമെങ്കിൽ കൃഷി വളരണം, അല്ലെങ്കിൽ വ്യവസായം വളരണം. കൃഷിഭൂമി ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുന്നു. ഭൂപരിഷ്‌കരണത്തിൽ തോട്ടത്തെ ഒഴിവാക്കിയത് വിവേചനമായിരുന്നു. അനധികൃതമായി മുതലാളിമാർ കൈവശംവച്ച അഞ്ചുലക്ഷം ഏക്കർ തോട്ടം ഭൂമി തൊടാൻ മാറിവരുന്ന സർക്കാരുകൾക്കൊന്നും ധൈര്യമില്ല. സർക്കാർ നിയോഗിച്ച രാജമാണിക്യം റിപ്പോർട്ടിൽ തോട്ടം ഭൂമിയേറ്റെടുത്ത് തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്ക് നൽകാമെന്ന നിർദ്ദേശമുണ്ടെങ്കിലും തോട്ടം കൈയടക്കിയ കോർപ്പറേറ്റുകളുടെ നിയമലംഘനം ഇവർ കണ്ടില്ലെന്നു നടിക്കുന്നു.
വ്യവസായങ്ങളുടെ കഥ പറയുകയേ വേണ്ട. കൊടിപിടിച്ച് വ്യവസായങ്ങളെ പൂട്ടിച്ചവർ, നിക്ഷേപകനെ വർഗശത്രുവായി കണ്ടവർ, നോക്കുകൂലി ഈടാക്കിയവർ വ്യവസായികളെല്ലാം സ്ഥലംവിട്ട് കഴിയുമ്പോൾ വിലപിക്കുന്നു. കയർ, കൈത്തറി തുടങ്ങിയ പരമ്പാഗത വ്യവസായങ്ങളും തകർന്നു. അല്ലെങ്കിൽ തകർത്തു. വർഷാവർഷം രണ്ടുലക്ഷംകോടിയോളം രൂപയാണ് വിദേശമലയാളി ചോരനീരാക്കി കേരളത്തിലേക്ക് അയയ്‌ക്കുന്നത്. അത് ഊറ്റിക്കുടിക്കാനല്ലാതെ ഈ ഭരണാധികാരികൾക്കെന്തറിയാം. കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി ഉത്പാദനപരമായ ചെലവിന് പകരം റവന്യൂ ചെലവ് നടത്തുന്നു. കേരള സർക്കാരിന്റെ കടം മൂന്നുലക്ഷം കോടിയായി ഉയർന്നു. പിരിക്കുന്ന നികുതിയെല്ലാം കടവും പലിശയും തിരിച്ചടയ്ക്കാനേ തികയൂ. എന്തിനും കേന്ദ്രം തരണമെന്ന ഗതികേടിലേക്ക് കേരളമെത്തിയിരിക്കുന്നു. പൊതുമേഖലയെക്കുറിച്ച് ഊറ്റംകൊള്ളുന്നവർ കെ.എസ്. ആർ.ടി.സിയെ നഷ്ടത്തിലാക്കി നികുതിപ്പണം ചോർത്തുന്നു. സഹകരണ മേഖല കമ്യൂണിസ്റ്റുകാർക്ക് കോടികൾ കൈയിട്ടുവാരാനുള്ള ചക്കരക്കുടം മാത്രമായി. എല്ലാത്തരം മാഫിയകളും വിളയാടുന്ന സ്ഥലമായി കേരളം മാറി.

കേരളത്തിന്റെ വരുമാന സ്രോതസായ ടൂറിസം തകർന്നു. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മേഖലയാണ് ഐ.ടി. ബാംഗ്ലൂരും ഹൈദരബാദുമൊക്കെ ഐ.ടി ഹബ്ബായി കുതിച്ചുയർന്നപ്പോൾ മുമ്പേ നടന്ന നാം പിന്നിലായി. 60 വർഷമായി പരിഗണനയിലിരിക്കുന്ന ഉൾനാടൻ ജലഗതാഗതം ഇന്നും അപൂർണമാണ്. കേരളം ഒരു ദശാസന്ധിയിലാണ്. കേരള മോഡൽ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ മണമുള്ള വികസനമാണ് നമുക്കാവശ്യം. അതാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതും നരേന്ദ്രമോദി കാണിച്ചുതരുന്നതും.

(ബി.ജെ.പി. പ്രസിഡന്റാണ് ലേഖകൻ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.