SignIn
Kerala Kaumudi Online
Saturday, 21 May 2022 9.38 PM IST

വീണ്ടും പിറക്കുന്നു,​ കേരളം

kk

കേരളപ്പിറവി ആഘോഷിക്കുമ്പോൾ നാം ആഘോഷിക്കുന്നത് മലയാളഭാഷ സംസാരിക്കുന്ന പ്രദേശത്ത് ഒരു ജനായത്ത ഭരണം ആദ്യമായി നിലവിൽ വന്ന സംഭവമാണ്, അതു മാത്രവുമാണ്.

......................

1956 നവംബർ ഒന്നിനാണ് കേരളപ്പിറവി ഉണ്ടായതെന്ന് ലോകരെല്ലാം കണക്കാക്കി പറയുന്നു. ഈയിടെ എന്റെ പേരമകൻ എന്നോട് ചോദിച്ചു, 'അതെന്താ അച്ഛച്ഛാ, അതിനു മുൻപ് കേരളം ഇവിടെ ഉണ്ടായിരുന്നില്ലേ?' അപ്പോഴാണ് എനിക്കും ചില ശങ്കകൾ തോന്നിയത്: എങ്കിൽ, പരശുരാമൻ ഒരു ചുക്കും ഉണ്ടാക്കിയില്ല, അല്ലേ! അതോ, അദ്ദേഹം ഉണ്ടാക്കിയ കേരളം പില്‌ക്കാലത്ത് മരിച്ചുപോവുകയും 1956 നവംബർ ഒന്നിന് വീണ്ടും ജനിക്കുകയും ആണോ ഉണ്ടായത്?

ഇത്രയും പ്രായമേ കേരളത്തിന് ഉള്ളുവെങ്കിൽ ഇവിടുത്തെ ഭാഷയായ മലയാളത്തിന് ആയിരക്കണക്കിനു കൊല്ലത്തെ പഴക്കമുണ്ടെന്ന അടിസ്ഥാനത്തിൽ ശ്രേഷ്ഠഭാഷാ പദവി മേടിച്ചത് ന്യായമായ കാര്യമാണോ? മലയാള ഭാഷ സംസാരിക്കുന്ന നാട് എന്നുള്ള നിലയ്ക്ക് വളരെയേറെ കാലമായി ഈ കേരളം ഉണ്ടായിരുന്നെന്നു തീർച്ച. അഥവാ, തമിഴും മലയാളവും സംസ്‌കൃതവും ചേരുംപടി ചേർത്ത് ഒരു പുതിയ ഭാഷക്രമവും ആ ഭാഷ എഴുതാൻ ഒരു ലിപിയും രാമാനുജൻ എഴുത്തച്ഛൻ സൃഷ്ടിച്ച കാലംതൊട്ട് കേരളം ഉണ്ടായിരുന്നു.

ഭരണപരമായി മൂന്നു തുണ്ടായി വേർപെട്ടു കിടന്നതുകൊണ്ട് അത് ഒന്നല്ലാതാകുന്നില്ലല്ലോ. കേരളപ്പിറവി ആഘോഷിക്കുമ്പോൾ നാം ആഘോഷിക്കുന്നത് മലയാളഭാഷ സംസാരിക്കുന്ന പ്രദേശത്ത് ഒരു ജനായത്ത ഭരണം ആദ്യമായി നിലവിൽ വന്ന സംഭവമാണ്, അതു മാത്രവുമാണ്. മുൻപില്ലാത്ത ഒന്നും മുളപൊട്ടി ഉണ്ടായതല്ല, മുൻപുണ്ടായിരുന്ന ഒന്നും മരിച്ചിട്ട് വീണ്ടും പിറന്നതുമല്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാര്യത്തിലുള്ള പോലെ, ശിരസും നടുവും കാലും കാണാൻ വെവ്വേറെ ജാലകങ്ങളിലൂടെ നോക്കണമെന്ന സ്ഥിതി മാത്രം മാറിയെന്നു സാരം.

അതിനാൽ ഈ പിറന്നാളിന് നമുക്ക് കാര്യമായി ആലോചിക്കാനുള്ളത് ജനായത്തഭരണം കൊണ്ട് ഈ പ്രദേശത്തിന് എന്ത് ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടായി എന്നാണ്, ഭാഗ്യങ്ങൾ ഉണ്ടാക്കിത്തന്നവരെ ഓർക്കണമെന്നും നിർഭാഗ്യങ്ങൾക്ക് ഇടയാക്കിയ സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് നിശ്ചയിക്കേണ്ടതുമുണ്ട്.

ഈ രാവും പുലരും

മൂന്നായിക്കിടന്ന നാടിനെ കേരളപ്പിറവിയോടെ ഒന്നായിക്കണ്ടപ്പോൾ മാറിക്കിട്ടിയത് വലിയ ഇണ്ടൽ ആണ്. തന്നിഷ്ടക്കാരായ നാടുവാഴികളല്ല, പ്രജകളാണ് ഇനി ഭരിക്കുക എന്ന അറിവ് പ്രത്യാശയുടെ ഒരു വൻപ്രവാഹം തന്നെ തുറന്നുവിട്ടു. ജാതിമതാതീതമായ മനുഷ്യസമത്വം നിലവിൽ വരുമെന്ന പ്രതീക്ഷയായിരുന്നു ഏറ്റവും മുന്നിൽ. അങ്ങനെയാണ് ലോകചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷം ഇവിടെ ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നത്.

പക്ഷേ ജയിക്കുന്ന കക്ഷിയല്ല നാടിന്റെ ഭരണകർത്താക്കൾ, ഇവിടത്തെ മുഴുവൻ ജനങ്ങളുമാകണം എന്ന കഥ കടങ്കഥപ്രായമായേ നിലവിൽ വന്നുള്ളൂ. അതുകൊണ്ടുതന്നെ പിന്നീടൊരിക്കലും ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാൻ ജനങ്ങൾ തയ്യാറായതുമില്ല. അഴിച്ചും കെട്ടിയും ഉടച്ചും വാർത്തും പിളർന്നും തളർന്നും പലതരം അവിയൽ മുന്നണികളാണ് പിന്നെ നാട് ഭരിച്ചത്. തങ്ങളുടെ നിലനില്‌പി‌ന് അപ്പുറത്ത് നാടിന്റെ മൊത്തം പുരോഗതി ലാക്കാക്കാനോ ആഗ്രഹിക്കാൻ പോലുമോ അവർക്കാർക്കും കഴിഞ്ഞില്ല.

അതിനാൽ ഒരു തുറയിലും കാര്യമായ അടിസ്ഥാന പുരോഗതി നമുക്കുണ്ടായില്ല. വിദ്യാഭ്യാസരീതി സമഗ്രമായി പരിഷ്‌കരിക്കാൻ സാധിച്ചില്ല, മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനം നൽകാൻ പറ്റിയില്ല, ഒരു കാര്യപ്പെട്ട വ്യവസായവും ഉണ്ടാക്കാനൊത്തില്ല. തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, കാർഷികരംഗം ക്ഷീണിച്ചു, തിന്നാനും കുടിക്കാനുമുള്ളതൊക്കെ പുറമേനിന്ന് വരണമെന്നായി. എന്നിട്ടോ, സ്വാതന്ത്ര്യത്തോടെ പുറത്തേക്ക് പറന്നുപോയ പ്രവാസികൾ അയച്ചു തരുന്ന ധനം കൊണ്ട് നാം ഇഷ്ടപ്പടി ധൂർത്തു കാണിച്ചുകൊണ്ടിരിക്കുന്നു.

ഇതിനിടെയാണ് തുടരെത്തുടരെ വന്ന വെള്ളപ്പൊക്കങ്ങളും ബാക്കി മാരണങ്ങളും ഇപ്പോൾ കൊവിഡ് എന്ന മഹാവ്യാധിയും. സത്യത്തിൽ നാം വളരെ തളർന്നും മെലിഞ്ഞും പോയി, എത്രയോ വർഷങ്ങളിലേക്ക് ഈ ദുരന്തങ്ങളുടെ ദീർഘകാല ഫലങ്ങൾ നീണ്ടു വാഴും. ലോകത്തെങ്ങുമുള്ളതാണ് എന്ന സാമാന്യ അർത്ഥത്തിൽ മാത്രമല്ല കൂനിന്മേൽ കുരു എന്ന നിലയ്ക്കും!

ഖജനാവിലേക്കും പോക്കറ്റിലേക്കും പണമുണ്ടാക്കുക എന്ന ലക്ഷ്യംവെച്ചുള്ള ഭരണം നാടിന്റെ പരിസ്ഥിതിയും ഇവിടത്തെ വിഭവങ്ങളും വലിയ അളവിൽ നാശപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ബഹുകക്ഷി ഭരണസംവിധാനത്തിൽ കാക്കത്തൊള്ളായിരം കക്ഷികൾ ജാതിമത ഭേദങ്ങളെ കുലുക്കിക്കുത്തി പെരുപ്പിച്ച് തങ്ങൾക്കു ജയിക്കാൻ വഴിയുണ്ടാക്കാൻ പരിശ്രമിച്ചതിന്റെ ഫലമായി സമുദായ സൗഹാർദം പ്രായേണ നഷ്ടമായിട്ടുമുണ്ട്. ഇത് സത്യത്തിൽ ഗുരുതരമായ സംസ്‌കാരക്ഷയമാണ്.

ആദ്യമായി കേരളത്തിൽ ഭരണസ്ഥിരതയും ഭരണത്തിന് ലക്ഷ്യബോധവും കൈവന്നത് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സർ സി.പി.ക്കു ശേഷം കേരളത്തിൽ എന്തെങ്കിലും വ്യവസായം മുളച്ചുവളർന്നത് ആ കാലത്താണല്ലോ, അന്നു മാത്രവും. കക്ഷികളുടെ കൈകൊട്ടിക്കളിക്കു പകരം ഒരാൾ തന്റേടത്തോടെ ഭരിക്കുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി അധികാരത്തിൽ വന്നപ്പോഴാണ്. ദൗർഭാഗ്യമെന്നു പറയട്ടെ ഖജനാവ് കാലിയാണ്.

ആയുധം കയ്യിലില്ലാതെ അടരാടുവതെങ്ങനെ എന്ന് പണ്ടാരോ ചോദിച്ചുവത്രേ. അതുപോലെ ഒരു ചോദ്യമാണ് നമ്പിടി ഇല്ലാത്ത നമ്പിക്ക് എന്ത് ചെയ്യാനാവും എന്നതും! ഏതായാലും ഈ രാവും പുലരുമെന്ന് പ്രതീക്ഷിക്കുക തന്നെ. നാളത്തെ ലോകത്തിനു മാതൃകയായ സാർവലൗകിക മനോഭാവം നൂറ്റാണ്ടുകളായി ഊതിക്കാച്ചി വിളഞ്ഞ മൂശയാണല്ലോ കേരളം. ആ ഭാവുകത്വം നമ്മെ കാത്തുകൊള്ളും. തീർച്ച!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.