കൊച്ചി: ആയുർവേദ ദിനമായ ഇന്ന് കൊച്ചി മെട്രോയുമായി സഹകരിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല മെട്രോ യാത്രക്കാർക്ക് ഹെൽത്ത് ഡ്രിങ്ക് നൽകും. കോട്ടയ്ക്കൽ ആര്യവൈദ്യശാല വികസിപ്പിച്ച 'സി-ഹെൽത്ത് ഫോർട്ട്" പാനീയമാണ് മെട്രോ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് സൗജന്യമായി നൽകുന്നത്. രോഗപ്രതിരോധത്തിനും ആരോഗ്യസംരംക്ഷണത്തിനും വിഭാവനം ചെയ്തതാണ് 'സി-ഹെൽത്ത് ഫോർട്ട്".
'പോഷണം ആയുർവേദത്തിലൂടെ" എന്നതാണ് ആയുർവേദ ദിനത്തിന്റെ സന്ദേശം. മെട്രോയുടെ കലൂർ ഓഫീസ്, ആലുവ, മുട്ടം യാർഡുകൾ എന്നിവിടങ്ങളിൽ വിദഗ്ദ്ധരായ ആയുർവേദ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ആര്യവൈദ്യശാല ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നടക്കുന്ന യോഗം കൊച്ചി മെട്രോ ഫിനാൻസ് ഡയറക്ടർ കെ.ആർ. കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.പി. മോഹൻ വാരിയർ (ചീഫ് മെഡിക്കൽ ഓഫീസർ, സൂപ്രണ്ട്, എ.എച്ച് ആൻഡ് ആർ.സി, കൊച്ചി) മുഖ്യപ്രഭാഷണം നടത്തും. ആര്യവൈദ്യശാല കോട്ടയ്ക്കൽ ട്രസ്റ്റീ അഡ്വ.സി.ഇ. ഉണ്ണികൃഷ്ണൻ, മാർക്കറ്റിംഗ് ഹെഡ് ടി.സി. നന്ദകുമാർ, ഡോ.പി.ജി. ഉണ്ണികൃഷ്ണ വാരിയർ (സീനിയർ ഫിസിഷ്യൻ, മാനേജർ, ആലുവ ബ്രാഞ്ച്) എന്നിവർ സംസാരിക്കും.
22 മെട്രോ സ്റ്റേഷനുകളിലും യാത്രക്കാർക്ക് 'സി-ഹെൽത്ത് ഫോർട്ട്" പാനീയം നൽകുന്നതിന്റെ ഉദ്ഘാടനവും കെ.ആർ. കുമാർ നിർവഹിക്കുമെന്ന് ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റീ ഡോ.പി.എം. വാരിയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |