SignIn
Kerala Kaumudi Online
Saturday, 20 April 2024 7.05 AM IST

കുരുക്കാകരുത് സർക്കാർ സഹായം

file

ഭൂരഹിത കേരളം പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച മൂന്ന് സെന്റ് ഭൂമിയിൽ കിടപ്പാടമുണ്ടാക്കാൻ മൂന്നുവർഷമായി പാടുപെട്ടു പരാജിതയായ പാവം വീട്ടമ്മയുടെ അനുഭവം കഴിഞ്ഞ ലക്കം 'കേരളകൗമുദി"യിൽ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരവാദപ്പെട്ട രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഏതാനും മണിക്കൂർകൊണ്ടു പരിഹാരമുണ്ടാക്കാവുന്ന പ്രശ്നത്തിന് മാസങ്ങളോളം സർക്കാർ ഓഫീസുകളിൽ കയറ്റിയിറക്കുന്ന ക്രൂരത പലയിടത്തും അരങ്ങേറുന്നുണ്ട്. കാസർകോട് വള്ളിയോട്ടെ നിർദ്ധന കുടുംബത്തിലെ ശ്യാമള എന്ന വീട്ടമ്മയുടെയും മകളുടെയും കഥ ഒറ്റപ്പെട്ടതല്ല.

മുന്നിലെത്തുന്ന ഓരോ കടലാസിലും ഏതെങ്കിലുമൊരു കുടുംബത്തിന്റെ കണ്ണീരിന്റെ സ്പർശമുണ്ടാകുമെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ അധികാരമേറ്റത്. ഭരണമികവിന്റെ ബലത്തിൽ ജനം അദ്ദേഹത്തെ വീണ്ടും അധികാരത്തിലേറ്റി. നല്ല മാറ്റങ്ങൾ പലതും ഉണ്ടായിട്ടും സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായിട്ടില്ല. ശ്യാമളയുടെ കാര്യം തന്നെയെടുക്കാം. 85 സെന്റ് റവന്യൂ ഭൂമിയിൽ മൂന്നു സെന്റ് വീതം ഒൻപതു പേർക്ക് വീടു നിർമ്മാണത്തിനായി പതിച്ചുനൽകുകയായിരുന്നു. ഭൂമിക്ക് കരവും ഒടുക്കി. ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കാനുള്ള സഹായ അപേക്ഷയും അനുവദിച്ചു. വീടുവയ്ക്കാൻ ചെന്നപ്പോഴാണ് അനുവദിക്കപ്പെട്ട ഭൂമി തന്റേതാണെന്നു പറഞ്ഞ് അയൽ വസ്‌തു ഉടമ ആട്ടിയോടിച്ചത്. മൂന്നുവർഷമായി കുരുക്കഴിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ് ആ അറുപത്തൊമ്പതുകാരി. നാട്ടുകാരുടെ കാരുണ്യത്തിൽ വാടകവീട്ടിലാണ് ഇപ്പോൾ താമസം. ഇവർക്കൊപ്പം മൂന്ന് സെന്റ് വീതം അനുവദിച്ച എട്ടുപേർ ഇതുവരെ എത്തിനോക്കാത്തതും ഇവർക്കു തിരിച്ചടിയായി. എങ്കിൽപ്പോലും റവന്യൂഭൂമി എന്നു ഭൂരേഖയിലുള്ള 85 സെന്റിൽനിന്ന് ശ്യാമള ഉൾപ്പെടെ ഒൻപതുപേർക്കു ഭൂമി അളന്നു നൽകിയത് വില്ലേജ് ഓഫീസ് കൂടി ഉൾപ്പെട്ട സർക്കാർ സംവിധാനം വഴിയാകണമല്ലോ. അതിന് കൃത്യമായ നടപടി രേഖകളും കാണും. സർക്കാർവക സ്ഥലത്തിന് പിന്നെയെങ്ങനെ സ്വകാര്യ വ്യക്തിക്ക് അവകാശവാദമുന്നയിക്കാൻ കഴിയും?പാവം വീട്ടമ്മയെ വട്ടം കറക്കുന്നത് മഹാപാപമാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നാത്തത് എന്തുകൊണ്ടാണ് ? പതിച്ചുകിട്ടിയ ഭൂമിയിൽ കൂരവയ്ക്കാൻ കഴിയാത്ത ദൗർഭാഗ്യത്തിന് ആരാണ് ഉത്തരവാദികൾ. തടസമുണ്ടാക്കാനെത്തിയ വ്യക്തിക്ക് യഥാർത്ഥത്തിൽ ഈ ഭൂമിയിൽ അവകാശമുണ്ടെങ്കിൽ അതു സ്ഥാപിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ റവന്യൂവകുപ്പ് നടപടി എടുക്കേണ്ടതായിരുന്നില്ലേ? ഏറ്റവും കുറഞ്ഞ സമയത്തിൽ പരിഹരിക്കാവുന്ന പ്രശ്നത്തിന് വർഷങ്ങളായിട്ടും നീക്കുപോക്കില്ലാത്തതിന് കാരണം അനാസ്ഥ മാത്രമാണ്. അനുവദിച്ചുകിട്ടിയ തുണ്ടുഭൂമിയിൽ വീട്ടമ്മ വീടുകെട്ടിയാലുമില്ലെങ്കിലും തങ്ങൾക്കു പ്രശ്നവുമില്ലെന്ന ചിന്തയാകും നിസംഗ സമീപനത്തിനു കാരണം. സ്വാധീനമില്ലാത്തവരുടെ കാര്യത്തിൽ സാധാരണ സംഭവിക്കുന്ന അവഗണനയുടെ ചെറിയൊരു പരിച്ഛേദം മാത്രമാണിത്. രണ്ടോ മൂന്നോ സെന്റ് ഭൂമിക്കും കയറിക്കിടക്കാൻ ഒരു വീടിനും വേണ്ടി അലയുന്ന ലക്ഷക്കണക്കിന് ആളുകളുള്ള നാടാണിത്. സർക്കാരിൽ വീടിനു അപേക്ഷ നല്‌കി കാത്തിരിക്കുന്നവർ ഒൻപതരലക്ഷമാണ്. അടുത്ത അഞ്ചുവർഷത്തിനകം ഇവർക്കെല്ലാം വീടു നൽകാൻ പദ്ധതി സർക്കാർ തയ്യാറാക്കിയിരിക്കുകയാണ്. ശ്യാമളയെപ്പോലെ, സഹായം അനുവദിച്ചിട്ടും പ്രയോജനപ്പെടുത്താനാവാതെ അലയേണ്ടി വരുന്നവരും നിരവധിയുണ്ട്.

കാസർകോട്ടെ വീട്ടമ്മ നേരിടേണ്ടിവന്ന സാങ്കേതിക തടസങ്ങൾ എത്രയുംവേഗം പരിഹരിച്ച് അനുവദിക്കപ്പെട്ട ഭൂമിയിൽ വീടു നിർമ്മിക്കാനുള്ള വഴിയൊരുക്കേണ്ടത് റവന്യൂ വകുപ്പിന്റെ ചുമതലയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUREAUCRATIC DELAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.