SignIn
Kerala Kaumudi Online
Thursday, 25 April 2024 10.14 PM IST

മഴയ്‌ക്ക് വഴി കൊടുക്ക് കവിയാതെ ഒഴുകാൻ

mazha

കുളിര് നെയ്യുന്ന മഴനാരുകളെ കാത്തിരിക്കുന്നതൊരു സുഖമാണ്. ഉഷ്ണസൂര്യന്റെ ഉച്ചവെയിലിൽ വിണ്ടുകീറിയ പാടങ്ങളും തൊണ്ട വരണ്ട കിണറുകളും കളിക്കളമായ കുളങ്ങളും ജലനീരൊഴുകാത്ത പുഴകളും മലയാളിയോടൊപ്പം മഴനീരിനായി കാത്തിരിക്കും. കാത്തിരുന്ന മഴ രണ്ടുദിവസം നിറുത്താതെ പെയ്താൽ കുളങ്ങളും പുഴകളും നിറയും. മലയിടിയും. മരമൊടിയും. അതോടെ പഴി മുഴുവൻ മഴയുടെ തലയിലാകും. ശാപവചനങ്ങൾ കൊണ്ട് മഴയുടെ മനസ് മടുപ്പിക്കും. ദുരിത മഴ, നശിച്ച മഴ, ഒടുക്കത്തെ മഴ...

കുഴിയേത് വഴിയേത് പുഴയേത് എന്നറിയാത്ത വിധം വെള്ളം നിറയുന്നത് മഴയുടെ കുറ്റം കൊണ്ടാണോ?

ഇന്നത്തെ കെടുതി മലയാളി സ്വയം വരുത്തിവച്ചതാണ്. കാരണവന്മാർക്ക് വിദേശപഠനത്തിന്റെ അതിബുദ്ധിയില്ലെങ്കിലും പ്രായോഗിക ബുദ്ധിയുണ്ടായിരുന്നു. ഭൂമിക്ക് രക്തയോട്ടം നൽകുന്ന ഞരമ്പുകളാകുന്ന പുഴകളെ അവർ സംരക്ഷിച്ചു. വയലിന് ചുറ്റുമുള്ള ഒഴുക്കിനെ കൈത്തോടെന്ന് വിളിച്ച് സ്നേഹിച്ചു. വയലിന് കരയിലുള്ള വീതിയുള്ള നീരൊഴുക്കിനെ തോടെന്നും പുഴയെന്നും പേരിട്ടവർ ലാളിച്ചു.

കഴിഞ്ഞ തലമുറ നമുക്ക് സമ്മാനിച്ച ഈ പുഴകളെ വികസനത്തിന്റെ പേരിൽ പുതുതലമുറ ഞെക്കിഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഞരമ്പുകളില്ലാതെ ഭൂമിക്ക് ജീവൻ നിലനിറുത്താൻ കഴിയില്ലെന്ന സാമാന്യബുദ്ധി പോലുമില്ലാതെ ഭരണാധികാരികളും അടിമകളായ അണികളും തോടുകൾ നികത്തി റോഡുകളാക്കി. വികസനമെന്നാൽ ബഹുനില കെട്ടിടങ്ങളും റോ‌ഡുകളും മാത്രമാണെന്ന് ചിന്തിച്ചപ്പോൾ പുഴകളുടെ വീതി കുറഞ്ഞു. നീരൊഴുക്ക് നിലച്ചു. മാലിന്യം കൊണ്ടു നിറഞ്ഞു. അതോടൊപ്പം മണ്ണിൽ ചവിട്ടുന്നത് അപമാനമായി കരുതുന്ന പുതുതലമുറ വീടിന്റെ മുറ്റം പോലും സിമന്റിട്ട് അഭിമാന പുളകിതരായി. മഴയെ പ്രണയിക്കുന്ന മണ്ണിനെ പുണരാൻ കഴിയാത്ത മഴ ടൈൽസിൽ തലതല്ലി കരഞ്ഞു. മുറ്റത്തെ സിമന്റ് തറയിൽ തലയറഞ്ഞു കരയുന്ന മഴയുടെ കണ്ണീര് അടുക്കളയിലും കിടപ്പറയിലും നിറഞ്ഞു പൊങ്ങുന്നുവെങ്കിൽ മലയാളി മാത്രമാണ് അതിന്റെ കുറ്റക്കാർ.

പഞ്ചായത്തുകൾ ഉണരണം

ജനാധിപത്യത്തിന്റെ അടിത്തറയായ പഞ്ചായത്തുകൾ മാത്രം വിചാരിച്ചാലേ കേരളത്തിലെ പുഴകളെ മുഴുവൻ വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയൂ. ആദ്യം ജീവനും ജീവിതവും നിലനിറുത്തുന്ന ഭൂമിയേയും പുഴകളേയും രക്ഷിക്കാനായി പഞ്ചായത്തുകൾ ശ്രമിക്കുക. അതുകഴിഞ്ഞ് ഷോപ്പിംഗ് മാളുകളിലൂടെ വികസനം കൊണ്ടു വരാം. മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ വികസനം കൊണ്ട് വന്നിട്ട് കാര്യമില്ലല്ലോ. തൊണ്ടവരണ്ടു മുരളുന്ന മനുഷ്യന് വികസനത്തേക്കാൾ അത്യാവശ്യം വേണ്ടത് കുടിനീരാണ്. തൊഴിലുറപ്പുകാരെ കൊണ്ട് റോഡിലെ പുല്ല് ചെത്തുന്നതിന് പകരം കേരളത്തിലെ എല്ലാ പുഴകളും വീതി കൂട്ടി വൃത്തിയാക്കണം. മണ്ണൊലിപ്പ് തടയാനായി പുഴയോരങ്ങളിൽ രാമച്ചവും വയമ്പും മുളകളും നട്ടുപിടിപ്പിക്കണം. പുഴയുടെ തീരങ്ങളിൽ മണമോ ഗുണമോയുള്ള പരമ്പരാഗതവും ഔഷധമൂല്യവുമുള്ള ഒറ്റമൂലി ചെടികളും നട്ടുവളർത്താം. കൊതുക് നശീകരണത്തിന് പുഴകളിൽ രാസവസ്തുക്കൾ കലക്കാതെ കല്ലുപ്പ് കലക്കിയ വെള്ളം തളിക്കാം. പുഴയുടെ അടിത്തട്ട് കണ്ണാടി പോലെ കാണാൻ കഴിയുന്ന തരത്തിൽ സൂക്ഷിക്കുന്ന പഞ്ചായത്തിനും സന്നദ്ധ സംഘടനകൾക്കും വലിയൊരു തുക സമ്മാനമായി കൊടുക്കണം. വൃത്തിയാക്കിയ പുഴകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ കൊടുക്കുകയും വേണം. രാമച്ചത്തിന്റെയും വയമ്പിന്റെയും വേരുകളിലൂടെ ഒഴുകുന്ന വെള്ളം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

കേരളത്തിലെ ഓടുകളുടെ നിർമ്മാണത്തിലും മാറ്റം വരുത്തണം. ഓടകളുടെ രണ്ടുവശങ്ങൾ മാത്രം സിമന്റ് തേച്ച് ഉറപ്പാക്കുക. അടിഭാഗത്ത് മണ്ണായി കിടക്കട്ടെ. മഴവെള്ളം ഒഴുകുമ്പോൾ കുറച്ചുവെള്ളം മണ്ണിൽ താഴുകയും ഭൂമി നനവുള്ളതായി മാറുകയും ചെയ്യുന്നതോടൊപ്പം മുഴുവൻ മഴ വെള്ളവും കുത്തിയൊലിച്ച് തോട്ടിലോ പുഴയിലോ ചേർന്ന് വെള്ളപ്പൊക്കം ഉണ്ടാക്കില്ല. വീട്ടുമുറ്റത്തെ ടൈൽസുകൾ കുത്തിയിളക്കി കളഞ്ഞാൽ ഇത്തിരി മണ്ണിലെങ്കിലും കുറച്ച് വെള്ളം താഴ്ന്നു പോകും. ഓരോ ഇത്തിരി മണ്ണിലൂടെ ഒത്തിരി വെള്ളത്തിന് ഭൂമിയിൽ തങ്ങാൻ കഴിയും. വലിയ പദ്ധതികളല്ല ചെറിയ പ്രായോഗിക ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്.

അടുത്ത ആറുമാസമെങ്കിലും സർക്കാരും പഞ്ചായത്തുകളും എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധസംഘടനകളും ഒരു മനസോടെ പുഴകളെ വൃത്തിയാക്കാനും സംരക്ഷിക്കാനും മുന്നിട്ടിറങ്ങണം. പുഴകളുടെ സംരക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുക.

വൃത്തിയായ പുഴകളിലൂടെ കാലവർഷകാലത്തും വെള്ളം കരകവിയാതെ നിറഞ്ഞൊഴുകുന്നതോടെ ഒരുപരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാം. മാലിന്യമില്ലെങ്കിൽ വേനൽക്കാലത്തും പുഴയൊഴുകും. വേനൽക്കാലത്ത് ചെറുതായെങ്കിലും പുഴയൊഴുകിയാൽ ഭൂമി നനവുള്ളതായി മാറും. പുഴക്കരയിലുള്ള കിണറുകളിൽ വേനൽക്കാലത്തും കുടിവെള്ളം നഷ്ടപ്പെടാതിരിക്കും. ഇനിയുള്ള ഓരോ നിമിഷവും പുഴ സംരക്ഷണത്തിനായി സർക്കാരിന്റെ സമയം മറ്റിവയ്ക്കണം. അല്ലാത്തപക്ഷം കുപ്പിയിലെങ്കിലും കുടിവെള്ളം വിൽക്കണമെങ്കിൽ കടലിനെ വറ്റിക്കേണ്ടിവരും!

മഴപെയ്തതിന് ശേഷമല്ല മഴ പെയ്യുന്നതിന് മുമ്പാണ് മഴക്കെടുതികളെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. കേരളത്തിലെ പുഴകളിൽ തെളിനീരൊഴുക്കട്ടെ. കാലവർഷക്കെടുതിയുടെ മിഴിനീരായി മാറാതെ മഴനീര് പെയ്യട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAZHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.