SignIn
Kerala Kaumudi Online
Thursday, 25 April 2024 11.33 AM IST

ഓഹരി വിപണിക്ക് നാളെ മുഹൂർത്ത വ്യാപാരം

muhurat

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സമ്പദ്‌വ്യവസ്ഥയിൽ കനത്ത ആഘാതമേൽപ്പിച്ചിട്ടും തളരാതെ പുതിയ ഉയരങ്ങളിലേക്ക് കുതിച്ച ഇന്ത്യൻ ഓഹരി സൂചികകൾ 'സംവത്-2078" വർഷത്തിലേക്ക് നാളെ ചുവടുവയ്ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവർഷമായ സംവത്-2078ലെ സെഷനുകൾക്ക് നാളെ 'മുഹൂർത്ത വ്യാപാരത്തോടെ" തുടക്കമാകും.

ദീപാവലി പ്രമാണിച്ച് നാളെയും വെള്ളിയാഴ്‌ചയും ഓഹരി വിപണിക്ക് അവധിയാണ്. എന്നാൽ, പ്രത്യേക സെഷനായി 'മുഹൂർത്ത വ്യാപാരം" നാളെ വൈകിട്ട് 6.15 മുതൽ 7.15 വരെ നടക്കും. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് നിക്ഷേപക ലോകം കരുതുന്ന മുഹൂർത്തമാണിത്.

പുതിയ വീട്, സ്ഥലം, വാഹനം, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച സമയമെന്നും ഇത് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പണ്ഡിതരാൽ കൃത്യമായി നിശ്‌ചയിക്കപ്പെട്ട സമയത്താണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. ഐശ്വര്യദേവതയായ ലക്ഷ്‌മീദേവിക്ക് പൂജകൾ അർപ്പിച്ചുകൊണ്ടാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക.

മുഹൂർത്ത വ്യാപാരങ്ങളിലൂടെ

(കഴിഞ്ഞവർഷങ്ങളിലെ മുഹൂർത്ത വ്യാപാര സെഷനുകളിലെ പ്രകടനം)

 സംവത് 2071: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു

 സംവത് 2072: സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റ്

 2073: സെൻസെക്‌സ് 11 പോയിന്റും നിഫ്‌റ്റി 12 പോയിന്റും നഷ്‌ടത്തിൽ

 2074: സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റിക്ക് 64 പോയിന്റും

 2075: സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും ഉയർന്നു

 2076: സെൻസെക്‌സ് 192 പോയിന്റും നിഫ്‌റ്റി 43 പോയിന്റും നേട്ടത്തിൽ

 2077: സെൻസെക്‌സ് 194 പോയിന്റും നിഫ്‌റ്റി 60 പോയിന്റും ഉയർന്നു

മുന്നേറ്റത്തിന്റെ 2077

സംവത് 2077 വർഷം ഇന്ന് സമാപിക്കാനിരിക്കേ, ഇതുവരെ സെൻസെക്‌സിന്റെ മുന്നേറ്റം 49 ശതമാനമാണ് (19,500 പോയിന്റ്); നിഫ്‌റ്റി 51 ശതമാനവും (6,000 പോയിന്റ്) കുതിച്ചു. സെൻസെക്‌സ് 60,000വും നിഫ്‌റ്റി 18,000വും എന്ന നാഴികക്കല്ലുകൾ പിന്നിട്ടത് സംവത് 2077ലാണ്. 157.18 ലക്ഷം കോടി രൂപയിൽ നിന്ന് സെൻസെക്‌സിന്റെ മൂല്യം 263.35 ലക്ഷം കോടി രൂപയിലേക്കും മുന്നേറി.

കഴിഞ്ഞവ‌‌ർഷം ലോഹം (128 ശതമാനം), റിയാൽറ്റി (113 ശതമാനം), പൊതുമേഖലാ ബാങ്കുകൾ (93 ശതമാനം) എന്നിവ മികച്ച റിട്ടേൺ നിക്ഷേപകർക്ക് നൽകി. 2075, 2076 വർഷങ്ങളിൽ 23-26 ശതമാനം നേട്ടംനൽകിയ സ്വർണം കഴിഞ്ഞവർഷം ആറുശതമാനം നഷ്‌ടമാണ് കുറിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MUHURAT TRADING, SAMVAT 2078
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.