SignIn
Kerala Kaumudi Online
Saturday, 20 April 2024 9.59 AM IST

വാളെടുത്ത് പഴയ പടനായകൻ

jacob

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കാൻ ഉറച്ച ചുവടുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു പോകുമ്പോഴാണ് സർക്കാരിന്റെ അഴിമതി വിരുദ്ധതയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ പഴയ പടനായകൻ ഡോ.ജേക്കബ് തോമസ് രംഗത്തെത്തിയത്. പിണറായി ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോൾ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസാണ് അന്ന് സർക്കാരിന്റെ അഴിമതിവിരുദ്ധ യുദ്ധം നയിച്ചത്. പിന്നീട് മുഖ്യമന്ത്രിക്ക് അനഭിമതനായി മാറിയ ജേക്കബ് തോമസിനെതിരെ നിരവധി കേസുകളും അന്വേഷണങ്ങളുമുണ്ടായി. പൊലീസിൽ നിന്ന് പുറത്തായി. ഏറ്റവും മുതിർന്ന ഡി.ജി.പിയായിരുന്നിട്ടും പൊലീസ് മേധാവി പദവി നൽകിയതുമില്ല. അലോയ് സ്റ്റീലുപയോഗിച്ച് മൺവെട്ടി, പിക്കാസ്, മൺകോരി, കോടാലി തുടങ്ങിയ കൃഷി ഉപകരണങ്ങൾ, സ്റ്റീൽ മേശ, അലമാര, വേസ്റ്റ്ബിൻ, സ്റ്റീൽ കട്ടിലുകൾ എന്നിവ നിർമ്മിക്കുന്ന ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റ‌ഡിന്റെ മാനേജിംഗ് ഡയറക്ടറായി അദ്ദേഹത്തെ ഒതുക്കി. കേസുകളുള്ളതിനാൽ 2020മേയിൽ വിരമിച്ച ജേക്കബ് തോമസിന് ഇതുവരെ പെൻഷൻ കിട്ടിയിട്ടുമില്ല.

തുറമുഖ വകുപ്പിനായി ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അദ്ദേഹവും സർക്കാരുമായുള്ള ഉടക്ക് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അഴിമതിക്കെതിരെ പോരാടിയതിന് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് തുറന്നുപറഞ്ഞ് ജേക്കബ്തോമസ് രംഗത്തെത്തിയത് സർക്കാരിന് തലവേദനയായി മാറും. വിജിലൻസിന് പൂർണ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാണെന്നും അഴിമതിക്കെതിരായി പോരാടുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞ് രണ്ടുദിവസത്തിനകമാണ് സർക്കാരിന്റെ അഴിമതി വിരുദ്ധത ചോദ്യംചെയ്ത് ജേക്കബ്തോമസ് രംഗത്തെത്തിയത്. കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കണമെന്നാണ് മുഖ്യമന്ത്രി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് തന്റെ ഗതി വരുമെന്നും നീതിപീഠത്തിൽ വിശ്വസിച്ച് ധൈര്യമായി പ്രവർത്തിക്കണമെന്നും ജേക്കബ്തോമസ് പറഞ്ഞു.

തന്റെ അഴിമതിവിരുദ്ധ പോരാട്ടം തടയാൻ മൂന്നാംവട്ടവും സസ്പെൻഡ് ചെയ്യാനായി ചില ഉന്നതഉദ്യോഗസ്ഥരാണ് ഡ്രഡ്ജർ വാങ്ങിയതിൽ 15കോടി നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് കള്ളക്കേസെടുത്തതെന്നാണ് ജേക്കബ് തോമസിന്റെ ആരോപണം. പകയോടെ, കള്ളങ്ങൾ ഫയലിലെഴുതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി തന്നെ സസ്പെൻഡ് ചെയ്യിക്കുകയായിരുന്നു. അതിനെതിരെ ഒന്നും ചെയ്യാൻ മുഖ്യമന്ത്രിക്കായില്ല. കോട്ടയം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞ ഡ്രഡ്‌ജർ ഇടപാടിലെ ആരോപണത്തിൽ, പുതിയ കണ്ടെത്തലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. നാല് പ്രതികളുണ്ടെങ്കിലും ഒന്നാംപ്രതിയാക്കി ജേക്കബ് തോമസിന്റെ പേരുമാത്രം ഉൾപ്പെടുത്തി. മൂന്നുപേരെ അൺനോൺ (അജ്ഞാതം) എന്നാണ് രേഖപ്പെടുത്തിയത്. ഈ കള്ളക്കളികളിലൊന്നും രാഷ്ട്രീയക്കാർക്ക് ബന്ധമില്ലെന്ന് ജേക്കബ്തോമസ് പറഞ്ഞു.

ഡ്രഡ്‌ജർ കേസ്

തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്‌ജർ വാങ്ങിയതിൽ 15 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് മുൻ ഡയറക്ടർ ഡോ. ജേക്കബ് തോമസിനെതിരെ തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. സമാനമായ എഫ്.ഐ.ആർ നേരത്തേ കോട്ടയം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ അനുമതിയോടെ പുതിയ എഫ്.ഐ.ആർ സമർപ്പിക്കുകയായിരുന്നു.
2009-14 കാലത്ത് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ, സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഹോളണ്ട് ആസ്ഥാനമായ ഐ.എച്ച്.സിക്ക് കരാർ നൽകിയെന്നാണ് പറയുന്നത്. ടെൻഡർ ക്ഷണിച്ച് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധിക്കുള്ളിൽ കരാർ ഉറപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഏക ടെൻഡർ അംഗീകരിച്ച് 21 ദിവസം കൊണ്ട് കരാർ ഉറപ്പിച്ചു. ഏക ടെൻഡർ അംഗീകരിക്കും മുമ്പ് സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന ചട്ടവും ജേക്കബ് തോമസ് പാലിച്ചില്ല. കരാർ പ്രകാരം, ഇറക്കുമതി ചെയ്യുന്ന ഡ്രഡ്‌ജറുകൾക്ക് ചുങ്കം ചുമത്തണമായിരുന്നു. എന്നാൽ ഡയറക്ടർ ഇടപെട്ട് നികുതി ഇളവ് നൽകി. കുറഞ്ഞപക്ഷം അഞ്ച് വർഷമെങ്കിലും അറ്റകുറ്റപ്പണി ലഭ്യമാക്കേണ്ടത് കരാറിലെ പിഴവ് കാരണം നഷ്ടമായെന്നും എഫ്.ഐ.ആറിലുണ്ടായിരുന്നു.

ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്. 14.96 കോടി രൂപയുടെ പൊതുനഷ്ടം സർക്കാരിനുണ്ടായെന്നും ഇടപാടുകൾ സുതാര്യമല്ലെന്നും ധനസെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം കണ്ടെത്തി. ജേക്കബ് തോമസിനെതിരെ ക്രമക്കേട്, വഞ്ചന എന്നിവയ്ക്ക് ക്രിമിനൽ കേസെടുക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ശുപാർശ ചെയ്തിരുന്നു. കെ.എം.എബ്രഹാം, ടോംജോസ് എന്നിവരുടെ അനധികൃത സ്വത്ത് ആരോപണം അന്വേഷിച്ചിരുന്നത് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ്.

നിയമോപദേശം മറികടന്നു

ഡ്രഡ്‌ജർ അഴിമതി ആരോപണത്തിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത് നിയമോപദേശം മറികടന്നായിരുന്നു. ജേക്കബ് തോമസിനെതിരെ തെളിവില്ലെന്നും കോടതി തള്ളിയ ആരോപണത്തിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു വിജിലൻസ് ആസ്ഥാനത്തെ അഭിഭാഷകരടങ്ങിയ സമിതിയുടെ നിയമോപദേശം. ഇത് തള്ളിക്കളഞ്ഞാണ് ജേക്കബ് തോമസിനെതിരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്. തുറമുഖ ഡയറക്ടറായിരിക്കെ കട്ടർ സക്ഷൻ ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് രജിസ്​റ്റർ ചെയ്തത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ച നിയമോപദേശക സമിതി ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നായിരുന്നു റിപ്പോർട്ട് നൽകിയത്.

ടെൻഡർ വിളിച്ചതിലെ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിൽ സാങ്കേതിക സമിതിയുടെ തലവനും ഒന്നാം സാക്ഷിയുമായ ആൾ പരാതി ഉന്നയിച്ചിട്ടില്ലെന്നും ഹോളണ്ട് ആസ്ഥാനമായ ഐ.എച്ച്.സി കമ്പനിക്ക് പദ്ധതി നൽകിയത് ടെണ്ടർ നടപടികൾ അട്ടിമറിച്ചാണെന്ന് കരുതാനാവില്ലെന്നും നിയമോപദേശക സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ആഗോള ടെൻഡർ വിളിച്ചതിൽ അഴിമതി കാണാനുമാകില്ല. ടെൻഡർ നടപടികളിൽ തിടുക്കം കാട്ടിയത് തുറമുഖ വകുപ്പിന്റെ അധികചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഒരുവട്ടം വിജിലൻസും രണ്ടാം തവണ മൂവാ​റ്റുപുഴ വിജിലൻസ് കോടതിയും ജേക്കബ് തോമസിനെതിരായ ആരോപണം തള്ളിയിരുന്നു. വീണ്ടും ഇതു സംബന്ധിച്ച് കേസെടുക്കുന്നത് നിയമ പ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിയുണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ സ്വതന്ത്റ ഏജൻസിയുടെ കണ്ടെത്തൽ എന്ന രീതിയിൽ കരുതാനാവില്ലെന്നും ഇതിലെ വിവരങ്ങളെ ആശ്രയിക്കുന്നത് നിയമ ലംഘനമാകുമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാരിന് തിരിച്ചടികൾ

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് നീട്ടിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയതോടെ സർക്കാരിന് തിരിച്ചടികൾ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ റാങ്ക് അനുസരിച്ചുള്ള ഉചിതമായ പദവിയിൽ സർവീസിൽ തിരിച്ചെടുക്കണമെന്നും പൊലീസ് സേനയിലോ അനുബന്ധ ശാഖകളിലോ നിയമനം നൽകാനാവില്ലെങ്കിൽ തുല്യറാങ്കിൽ ഉചിതമായ മറ്റു പദവിയിൽ നിയമിക്കാമെന്നുമായിരുന്നു ഉത്തരവ്. പക്ഷേ, തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തെ പൊലീസിൽ നിയമിച്ചില്ല.

ഓഖി ദുരന്തത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിൽ 2017 ഡിസംബർ 19 ന് ജേക്കബ് തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ നൽകിയ ഹർജി സി.എ.ടി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സസ്പെൻഷൻ കാലാവധി പൂർത്തിയായ 2018 ഡിസംബർ 18 ന് അദ്ദേഹത്തിന്റെ സസ്പെൻഷൻ നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിൽ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതു ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്. എന്നാൽ മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ടതാണെന്നും എന്നിട്ടും സർക്കാർ സസ്പെൻഷൻ നീട്ടിയത് ജുഡിഷ്യൽ തീരുമാനത്തെ വെല്ലുവിളിച്ചാണെന്നും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഇതിനെ സി.എ.ടിയിൽ ചോദ്യം ചെയ്തു.

ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ രേഖകളെല്ലാം വിജിലൻസിന്റെ കൈയിലുണ്ടെന്നും എന്നിട്ടും സസ്പെൻഷൻ നീട്ടിയത് മാതൃകാ തൊഴിൽദാതാവിനു ചേർന്ന നടപടിയല്ലെന്നുമാണ് ട്രൈബ്യൂണൽ പറഞ്ഞത്. സത്യം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ സസ്പെൻഷൻ കാലാവധി നീട്ടേണ്ട ആവശ്യമില്ല. സസ്പെൻഷൻ ശിക്ഷയായി മാറരുത്. നിഷ്‌പക്ഷ അന്വേഷണത്തിനാണ് ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്. ഡ്യൂട്ടിയിലിരിക്കുന്നതു വഴി അന്വേഷണത്തെ ജീവനക്കാരൻ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. സർവീസിൽ നിന്ന് നീതിയുക്തമായി സസ്പെൻഡ് ചെയ്യുന്നതും ദ്രോഹിക്കാനായി സസ്പെൻഡ് ചെയ്യുന്നതും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ- ട്രൈബ്യൂണലിന്റെ ഈ ഉത്തരവ് സർക്കാരിന് തിരിച്ചടിയായിരുന്നു.

വിരമിക്കാൻ അഞ്ച് ദിവസം മുൻപ് കേസ്

2020 മേയ് 31ന് വിരമിക്കാനിരിക്കെയാണ് മേയ് 26ന് അന്നത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം അനുമതിയില്ലാതെ എഴുതിയതിനാണ് നടപടി. ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് ഒരു ഉദ്യോഗസ്ഥൻ രഹസ്യമാക്കി വയ്‌ക്കേണ്ട വകുപ്പുതല കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചതായി ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു പ്രോസിക്യൂഷൻ അനുമതി. ഇതിന് തൊട്ടുമുൻപ് ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. 2011ൽ തമിഴ്നാട്ടിലെ വിരുദുഗനറിൽ 50.33 ഏക്കർ ഭൂമി വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ സർക്കാരിൽനിന്നും മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നുമാണ് കേസ്. എന്നാൽ ഈ ഭൂമിയെക്കുറിച്ചുള്ള വിവരം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിൽ ജേക്കബ് തോമസ് പരാമർശിച്ചിരുന്നു. ഈ കേസിലെ നടപടികൾ ഇപ്പോഴും തുടരുകയാണ്.

തരംതാഴ്‌ത്താനും ശ്രമിച്ചു

മുൻകൂർ അനുമതി വാങ്ങാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയ കുറ്റത്തിന് അന്ന് ഏറ്റവും മുതിർന്ന ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ അഡി.ഡി.ജി.പിയായി തരംതാഴ്‌ത്താനും സർക്കാർ ശ്രമിച്ചിരുന്നു. തരംതാഴ്‌ത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഡോ.ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാലാണ് അത്തരം നടപടികൾ ഒഴിവായത്. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ തന്നെ തരംതാഴ്‌ത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ ഹർജി. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്‌ത്താനൊരുങ്ങിയത്. അഴിമതിവിരുദ്ധ ദിനത്തിൽ പ്രസ്ക്ലബിൽ പ്രസംഗിച്ചതിനടക്കം അഞ്ച് വകുപ്പുതല അന്വേഷണങ്ങളും ജേക്കബ് തോമസിനെതിരെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.