കണ്ണൂർ : ചാരായം വാറ്രിയതിനു ജയിലിലായ പിതാവ്,കേസ് നടത്താൻ ഉള്ളതെല്ലാം വിറ്റു തുലച്ച കുടുംബം,തെരുവോരങ്ങളിൽ അലഞ്ഞ ബാല്യം. ഗുണ്ടാത്താവളത്തിലെ കൗമാരം...ചോരയ്ക്ക് ചോര, ജീവന് ജീവൻ. അതായിരുന്നു രാജന്റെ പൂർവാശ്രമം. കോവളത്തും ചെങ്കൽ ചൂളയിലും പേരെടുത്ത ക്വട്ടേഷൻ സംഘത്തലവൻ. കണ്ണൂരുകാരുടെ ഇപ്പോഴത്തെ രാജൻ ആ പഴയ രാജനെ മറക്കുകയാണ്.
തടവുകാർക്ക് സംഗീതം പകർന്നും മ്യൂസിക് തെറാപ്പി ചെയ്തും കഴിയുന്ന രാജന്റെ സപര്യ പതിനഞ്ചാം വർഷത്തിലേക്ക്... ആ പഴയ കാലത്തിന്റെ പശ്ചാത്താപമാണ് രാജന് സംഗീതം.
തിരുവനന്തപുരം പള്ളിച്ചൽ യു.പി സ്‌കൂളിൽ സംഗീതാദ്ധ്യാപിക സരസ്വതി അമ്മാളാണ് സംഗീതത്തിലുള്ള രാജന്റെ കഴിവ് തിരിച്ചറിഞ്ഞത്. പക്ഷേ, സംഗീതമല്ല, അക്രമവും ക്വട്ടേഷനുമാണ് തന്റെ വഴിയെന്ന് രാജൻ സ്വയം തീരുമാനിച്ചു. പ്രീഡിഗ്രി കാലത്ത് ഗുണ്ടാപ്പണിയിൽ സജീവമായിരുന്നു. അറസ്റ്റും ജയിലും പതിവായി. പൊലീസ് പിന്തുടർന്ന കൗമാരവും യൗവ്വനവും.
സരസ്വതി അമ്മാൾ പഴയ ശിഷ്യനെ കൈവിട്ടില്ല. അവരുടെ നിർബന്ധത്തിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ഗാനഭൂഷണത്തിനു ചേർന്നു. സംഗീതം മനസിൽ നിറഞ്ഞപ്പോൾ അക്രമചിന്ത വഴിമാറി.
പിന്നെ സംഗീതം മാത്രമായി. ലഹരിവിരുദ്ധ സംഗീതപരിപാടിയുമായി നാട് ചുറ്റുന്നതിനിടെ രാജൻ കണ്ണൂരിലെത്തി. മാസങ്ങളോളം കണ്ണൂരിൽ ക്യാമ്പ് ചെയ്തു. ജില്ലാ കോടതി ജീവനക്കാരി ശാന്തിയെ ജീവിതസഖിയാക്കി. തിരുവനന്തപുരം നേമം സ്വദേശിയായ രാജൻ കണ്ണൂരിന്റെ സ്വന്തമായി.
ഇപ്പോൾ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലെ തടവുകാർക്ക് രാജൻ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു. ഗിറ്റാർ, വയലിൻ, പിയാനോ തുടങ്ങി ഏതു സംഗീത ഉപകരണവും വഴങ്ങും. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ക്ളാസ്. സംഗീതപഠനം പല തടവുകാരെയും മാനസാന്തരപ്പെടുത്തുന്നതായി രാജന്റെ സാക്ഷ്യം.
ക്ളാസ് കഴിഞ്ഞാൽ തടവുകാർക്കൊപ്പം ഉച്ചയൂണും സൗഹൃദ സംഭാഷണവും പതിവ്. നഷ്ടപ്പെട്ട കുടുംബം, വീട്, അവരുടെ നിശ്വാസങ്ങൾ കേട്ടിരിക്കും. ജീവിതത്തിലേക്ക് തിരിച്ചെത്തിയ തന്റെ കഥ പങ്കുവയ്ക്കും. അപ്പോഴും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന സ്വകാര്യ ദുഃഖവും രാജനുണ്ട്.
വണ്ടിക്കൂലി പോലും കൈയിൽനിന്നെടുത്താണ് രാജൻ ജയിലുകളിലെത്തുന്നത്. ചില സ്വകാര്യസ്ഥാപനങ്ങളിൽ ക്ളാസ് നടത്തി കിട്ടുന്ന തുക കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്.
രാജൻ സംഗീതം പഠിപ്പിച്ച പലരും ഇപ്പോൾ സ്കൂളുകളിൽ സംഗീത അദ്ധ്യാപകരാണ്.
യാത്രാ ചെലവെങ്കിലും അനുവദിക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് മുതൽ ഡി.ജി.പിക്കുവരെ അപേക്ഷ നൽകിയെങ്കിലും ഒരു രൂപ പോലും തന്നില്ല. ഇനി മുഖ്യമന്ത്രിക്കും ഒരു നിവേദനം നൽകണം
-രാജൻ