SignIn
Kerala Kaumudi Online
Saturday, 28 May 2022 10.20 AM IST

ഇന്ധന വില : സംസ്ഥാനം ഒഴിഞ്ഞുമാറരുത്

photo

രാജ്യമാകെ ഉയർന്നുകൊണ്ടിരുന്ന മുറവിളിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ബുധനാഴ്ച രാത്രി ഡീസലിനും പെട്രോളിനും എക്സ‌ൈസ് തീരുവ കുറച്ചത്. ഡീസലിന് ലിറ്ററിന് പത്തുരൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കുറച്ചത്. ഡ്യൂട്ടി കുറച്ചതോടെ പെട്രോൾ ലിറ്ററിന് ആറ് രൂപ 30 പൈസ കുറയും. ഡീസലിന് 12.27 രൂപയും. ഇന്ധനം ഉപയോഗിക്കുന്നവർക്ക് ആശ്വാസം നൽകുന്ന നടപടിയാണിത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനൊപ്പം സംസ്ഥാനങ്ങളും നികുതിയിൽ കുറവു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേന്ദ്രസർക്കാർ തന്നെ ഇത്തരത്തിൽ ഒരാവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാൽ പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേട്ടപാടേ അഭ്യർത്ഥന നിരസിച്ചു. ഇക്കൂട്ടത്തിൽ കേരള സർക്കാരുമുണ്ട്. അഞ്ചുവർഷത്തിനിടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഇന്ധന നികുതി ഒരു പൈസ പോലും കൂട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് എന്തിന് വില കുറയ്ക്കണമെന്നാണ് ചോദ്യം. സംസ്ഥാന സർക്കാരിന്റെ ഈ നിലപാട് വ്യാപക പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ സമരപ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര എണ്ണവിപണിയിൽ ക്രൂഡ് വില കൂടുന്നതിന് അനുസരിച്ചാണ് ഇവിടെയും പെട്രോളിയം ഉത്‌പന്നങ്ങൾക്ക് വില കൂട്ടുന്നതെന്നാണ് അധികൃതരുടെ ന്യായം. ഈ വാദത്തിൽ കഴമ്പില്ലെന്ന് വിലനിർണയ മാനദണ്ഡങ്ങൾ പരിശോധിച്ചാലറിയാം. പെട്രോളിയം ഉത്‌പന്നങ്ങളുടെ മേൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നീതീകരണമില്ലാത്ത നികുതികളാണ് അവയുടെ വില കുതിച്ചുയരാൻ കാരണം. വില നിർണയാധികാരം എണ്ണക്കമ്പനികൾക്ക് പൂർണമായും വിട്ടുനൽകിയ നാൾ തുടങ്ങിയതാണ് എണ്ണക്കമ്പനികളും സർക്കാരും ചേർന്നുള്ള കള്ളക്കളി. പെട്രോളിയം ഉത്‌‌പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ നിന്നൊഴിവാക്കിയതും ഈ കൊള്ള നടത്താനാണ്. ആയിരം രൂപയ്ക്കടുത്താണ് ഇപ്പോൾ ഒരു സിലിണ്ടർ ഗ്യാസിന്റെ വില. വാണിജ്യ സിലിണ്ടർ വില രണ്ടായിരം രൂപയും കടന്നിരിക്കുന്നു. മണ്ണെണ്ണ വില ലിറ്ററിന് 54 രൂപയായി.

കേന്ദ്രം ഇന്ധനവിലയിൽ വരുത്തിയ കുറവ് അടുത്തവർഷം ആദ്യം നടക്കാൻ പോകുന്ന ചില സുപ്രധാന അസംബ്ളി തിരഞ്ഞെടുപ്പിൽ കണ്ണുവച്ചാണെന്ന് കരുതുന്നവരുണ്ട്. ഇപ്പോൾ നടന്ന ഏതാനും ഉപതിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളും കേന്ദ്രത്തെ ഈ നടപടിക്കു പ്രേരിപ്പിച്ചിട്ടുണ്ടാകാം. അടികിട്ടുമ്പോഴേ പാഠം പഠിക്കൂ എന്നത് സത്യമാണ്. ഇന്ധനങ്ങളുടെ അമിതവില സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് സമ്പദ് മേഖലയും ജനങ്ങളും ഒരുപോലെ ഞെരുങ്ങുകയാണ്. വിലക്കയറ്റം സർവ മേഖലകളിലും പ്രകടമാണിപ്പോൾ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും എണ്ണക്കമ്പനികൾക്കും മാത്രമാണ് ഇതിന്റെ നേട്ടമത്രയും. മുൻവർഷത്തെ അപേക്ഷിച്ച് കേന്ദ്ര സർക്കാരിന് പെട്രോളിയം ഉത്‌പന്നങ്ങളിൽ നിന്ന് ഈ വർഷം ഇതുവരെ 88 ശതമാനം അധിക വരുമാനമാണു ലഭിച്ചത്. സംസ്ഥാന സർക്കാരിനും ലഭിച്ചു ഗണ്യമായ അധിക വരുമാനം.

കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചുവെന്നതുകൊണ്ട് കേരളം ആ വഴിക്കു പോകാനുദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ധനവില ഉയർന്നുയർന്നു പോകാൻ കാരണം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതി നിരക്കുകളാണെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രം പത്തുരൂപ കുറയ്ക്കുമ്പോൾ ഇവിടെ ഒരു രൂപയെങ്കിലും കുറയ്ക്കാനുള്ള ധാർമ്മിക ബാദ്ധ്യത സംസ്ഥാനത്തിനുണ്ട്. നേരിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനമാണ് ജനം പ്രതീക്ഷിക്കുന്നത്. ചെറിയൊരു ഇളവു പോലും സർക്കാരിന്റെ പ്രതിച്ഛായയെ ഉയർത്തുകയേയുള്ളൂ. അതിലൂടെ സർക്കാരിന്റെ വരുമാനത്തിൽ നികത്താനാകാത്ത ചോർച്ച സംഭവിക്കുമെന്നതും നിരർത്ഥകമാണ്. കാരണം വരുമാനം കൂട്ടാനുള്ള മാർഗങ്ങൾ അനവധിയുണ്ട്.

ഇന്ധനനികുതി അല്പം കുറയ്ക്കുന്നതിലൂടെയുള്ള വരുമാന ഇടിവ് നേരിടാൻ സർക്കാരിന് പുതുവഴികൾ തേടാവുന്നതേയുള്ളൂ. സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഭാരമായിക്കഴിഞ്ഞ, നഷ്ടം മാത്രം വരുത്തിക്കൊണ്ടിരിക്കുന്ന അനവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ജീവനക്കാർക്ക് മതിയായ നഷ്ടപരിഹാരം നൽകി അവ അടച്ചുപൂട്ടിയാൽത്തന്നെ ഓരോ വർഷവും കോടാനുകോടികൾ ഖജനാവിന് നേട്ടമാകും.

സർക്കാരിൽ വന്നുചേരേണ്ട നികുതി കുടിശികയുടെ കണക്കുകൾ നോക്കൂ. അവയുടെ ഒരു ഭാഗം പിരിച്ചെടുത്താൽത്തന്നെ ഇന്ധന നികുതി കുറയ്ക്കുന്നതു മൂലമുണ്ടാകാവുന്ന വരുമാനക്കുറവിന് പരിഹാരമാകും. ചെലവു കുറയ്ക്കാൻ വിദഗ്ദ്ധസമിതികൾ മുന്നോട്ടുവയ്ക്കുന്ന ഏതെങ്കിലും ശുപാർശ സ്വീകരിച്ചിട്ടുണ്ടോ? വരുമാന വർദ്ധനയ്ക്കുള്ള എളുപ്പവഴിയായി ഇന്ധനത്തെയും മദ്യത്തെയും കാണുന്നതുകൊണ്ടാണ് അവയുടെ മേലുള്ള അമിതമായ ആശ്രിതത്വം.

ഇന്ധനവില പകൽക്കൊള്ളയാകുമ്പോൾ ഓർമ്മ വരിക കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപ്പഞ്ചായത്തുകളിൽ കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ നാടുനീളെ നടന്ന് മോഷണം നടത്തിയ ഏഴംഗ സംഘത്തെക്കുറിച്ചാണ്. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ വരുമാന മാർഗം തുറന്നുകിട്ടിയപ്പോൾ അവർ ആദ്യം ചെയ്തത് മോഷ്ടിച്ച മുതലുകൾ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കാനായി ഒരു വീടിന്റെ ഉമ്മറത്ത് കത്ത് സഹിതം രാത്രിയിൽ ആരുമറിയാതെ വച്ചുപോയതാണ്. 1,91,500 രൂപയും നാലു പവനിലധികവും സ്വർണവുമാണ് അവർ ഇങ്ങനെ തിരികെ കൊടുത്തത്. ഈ മോഷ്ടാക്കളുടെ മനസിന്റെ വിശുദ്ധിയും നന്മയുമാണ് അസാധാരണമായ പ്രവൃത്തിയിൽ ദർശിക്കാനാവുന്നത്. അമിത നിരക്ക് ചുമത്തി ഇന്ധനവില്പന വഴി വാരിക്കൂട്ടിയ വരുമാനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ജനങ്ങൾക്കു മടക്കിനൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടാലും നടക്കുകയില്ലെന്നറിയാം. എന്നാലും അമിത നികുതിയിൽ നേരിയ ഇളവെങ്കിലും വരുത്താനാകും. പരിയാരത്തെ മോഷ്ടാക്കൾ എത്രയോ ഹൃദയവിശാലതയുള്ളവർ എന്നു പറയേണ്ടിവരുന്നത് സർക്കാരിന്റെ ഇന്ധനനയത്തിലെ കാർക്കശ്യം കാണുമ്പോഴാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FUEL PRICE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.