ന്യൂഡൽഹി: അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഉന്നതതല സുരക്ഷാ യോഗം നവംബർ 10 ന് ന്യൂഡൽഹിയിൽ വച്ച് നടക്കും. അഫ്ഗാനിൽ തീവ്രവാദം ശക്തമാകുന്നതും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുന്നതുമായ ഈ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചർച്ച വളരെ നിർണായകമായേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ശക്തമാണ്. സാമ്പത്തികം, നയതന്ത്രം,രാഷ്ട്രീയം തുടങ്ങി നിരവധി കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ ബന്ധമുണ്ട്. അതിനാൽ ഈ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് എന്ന് മുൻ പ്രതിരോധ വിദഗ്ദ്ധൻ മേജർ ജനറൽ പി.കെ.സെഹ്ഗാൾ പറഞ്ഞു. ഒരു സാഹചര്യത്തിലും അഫ്ഗാൻ മണ്ണിനെ താലിബാൻ ഇന്ത്യക്കെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും, താലിബാൻ കാബൂളിൽ അഷ്‌റഫ് ഗനി സർക്കാരിനെ അട്ടിമറിച്ചതിന് ശേഷമുള്ള സുരക്ഷാ ആശങ്കകളെക്കുറിച്ചും സെഹ്ഗാൾ പറഞ്ഞു.
റഷ്യ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയ്‌ക്കൊപ്പം ചൈനയേയും പാക്കിസ്ഥാനെയും ഇന്ത്യ ഔപചാരികമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിസമ്മതം അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു . റഷ്യയും ഇറാനും പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
2018 സെപ്തംബറിലും 2019 ഡിസംബറിലും സമാനമായ രണ്ട് ചർച്ച ഇറാനിൽ നടന്നിരുന്നു. കൊവിഡ് കാരണം ഇന്ത്യയിൽ വച്ച് നടത്താനിരുന്ന മൂന്നാമത്തെ ചർച്ച വൈകിയെങ്കിലും ഇത്തവണ യോഗം നടത്താൻ ഇന്ത്യ മുൻകൈ എടുക്കുകയായിരുന്നു.