കോട്ടയം : മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങൾക്കായി ഇരുനില കെട്ടിടത്തിൽ പുതിയ എഗ്ഗർ നഴ്‌സറി ആരംഭിച്ചു. 6000 ചതുരശ്രയടി വിസ്തീർണമുള്ള നഴ്‌സറിയിൽ 2800 കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കാം. കൃത്രിമ ചൂട് നൽകി കുഞ്ഞുങ്ങളെ 4560 ദിവസം വരെ ഇവിടെയാണ് പരിപാലിക്കുക. അടുക്കളമുറ്റത്ത് വളർത്താവുന്ന ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളെയാണ് വളർത്തുന്നത്. ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി കർഷകർക്ക് വളർത്തുന്നതിനായി നൽകും. നഴ്‌സറിയിലൂടെ 3.36 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിന്റെ പ്രതീക്ഷ. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു.