കൊച്ചി: ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന 'കുറുപ്പ്' സിനിമ നവംബർ 12ന് കേരളത്തിലെ 450 സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. തിയേറ്റർ റിലീസിംഗ് വലിയ റിസ്‌കാണെങ്കിലും പ്രേക്ഷകരിൽ പ്രതീക്ഷയർപ്പിക്കുകയാണെന്ന് നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ പറഞ്ഞു.
കുറുപ്പിന് തിയേറ്ററുകൾ രണ്ടാഴ്ച ഫ്രീ റൺ ഉറപ്പു നൽകിയിട്ടുണ്ടെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചു. 'മരക്കാർ' സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
രണ്ടു വർഷം സിനിമ റിലീസ് ചെയ്യാൻ കഴിയാതെ ഇരുന്നു പോകുമ്പോൾ പണമിറക്കിയവർക്കുണ്ടാകുന്ന ബാദ്ധ്യത വളരെ വലുതാണെന്നും അങ്ങനെവരുമ്പോൾ മികച്ച ഓഫർ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും ദുൽഖർ പറഞ്ഞു.
സിനിമയിൽ സുകുമാരക്കുറുപ്പിനെ മഹത്വവത്കരിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാക്കോയുടെ മകൻ സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിച്ചെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.
നടൻമാരായ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഫിയോക് സെക്രട്ടറി സുമേഷ് ജോസഫ്, നിർമ്മാണ പങ്കാളിയായ അനീഷ് മോഹൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.