വൈപ്പിൻ: ദ്വീപുസമൂഹ ജനതയുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിട്ട് കോതാട്-ചേന്നൂർ പാലത്തിന് ഭരണാനുമതിയായി. കടമക്കുടി പഞ്ചായത്തിലെ കോതാട്, ചേന്നൂർ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 35.97 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ജിഡ ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ചാണ് പാലം നിർമ്മിക്കുക.ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. കടമക്കുടി ടൂറിസം പദ്ധതിക്ക് സുപ്രധാന പിൻബലമാകും പുതിയ പാലം. നേരത്തെ ഈ പാലത്തിന് 37.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും നടപ്പാകാതെ പോകുകയായിരുന്നു. അലൈൻമെന്റിലെ തർക്കങ്ങളും അപാകതകളും പരിഹരിച്ചും പദ്ധതി തുക പുനർനിർണയിച്ചും ജിഡ വീണ്ടും റിപ്പോർട്ട് തയ്യാറാക്കിയതിനെ തുടർന്നാണ് ഭരണാനുമതി ലഭിച്ചത്.