ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ചെറുപാലങ്ങളുടെ നിർമ്മാണ പുരോഗതി കുട്ടനാട് എം.എൽ.എ തോമസ്.കെ. തോമസ്, ജില്ലാ കളക്ടർ എ. അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി.
പണ്ടാരക്കുളം, പാറക്കൽ, കിടങ്ങറ ബസാർ, രാമങ്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ് തുടങ്ങിയ പാലങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് എം.എൽ.എ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. മാധവശേരി, പാറശേരി പാലങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. പക്കി, പൊങ്ങ പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
നിലവിലുള്ള പാലങ്ങൾ രണ്ടു മീറ്ററോളം ഉയർത്തി നിർമ്മിക്കുമ്പോൾ സമീപ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ റിപ്പോർട്ടായി എം.എൽ.എയ്ക്ക് നൽകാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി. സബ് കളക്ടർ സൂരജ് ഷാജി, നഗരസഭാ അസി. എൻജിനിയർ ടി.എം. ബിന്ദു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |