SignIn
Kerala Kaumudi Online
Monday, 23 May 2022 8.42 PM IST

രഥോത്സവത്തിന് അണിഞ്ഞൊരുങ്ങി കൽപ്പാത്തി

kalpathy

പാലക്കാട് കൽപ്പാത്തി തെരുവിന്റെ അറ്റത്തു നിന്നും തുടങ്ങും നല്ല ഫിൽറ്റർ കോഫിയുടെ ഗന്ധം. പിന്നെയത് കാപ്പിയിൽ നിന്നും ഭസ്മത്തിലേക്കും കനകാംബരത്തിലേക്കും വഴിമാറും. രഥോത്സവത്തിന് പ്രശസ്തമാണ് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ നിറഞ്ഞ കൽപ്പാത്തി. ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന അഗ്രഹാരം. മുറ്റത്ത് അരിമാവ്‌ കൊണ്ടെഴുതിയ കോലങ്ങൾ. കാറ്റിന് ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങൾ മുഴങ്ങുന്ന വീടുകൾ ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കൽപ്പാത്തി അഗ്രഹാരം.

വർഷങ്ങൾക്കുമുമ്പ് തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത തമിഴ് ബ്രാഹ്മണരാണ് കൽപ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും ഭഗവതിയും ഗണപതിയും അവർക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങൾക്കായി അമ്പലങ്ങൾ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങൾക്ക് സവാരി ചെയ്യാൻ അവർ രഥങ്ങളുണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. വർഷത്തിലൊരിക്കൽ കൽപ്പാത്തിയിലെ ഭക്തരെ കാണാൻ ദേവന്മാർ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയിൽ പാതി കൽപ്പാത്തി എന്ന ചൊല്ല് അന്വർത്ഥമാകുകയാണ് ഇവിടെ.

നാളെ കൊടിയേറ്റം

കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് ചടങ്ങുകൾ മാത്രമായാണ് രഥോത്സവം ആഘോഷിച്ചത്. ഇത്തവണ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതോടെ സാമൂഹ്യ അകലം പാലിച്ച് രഥോത്സവം നടക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കൽപ്പാത്തി രഥോത്സവത്തിന് ഉപാധികളോടെ സർക്കാർ അന്തിമ അനുമതി നൽകിയത്. അഗ്രഹാര വീഥികളിൽ 200 പേർക്ക് മാത്രം പങ്കെടുക്കാം എന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാവണം ഉത്സവം. ക്ഷേത്രത്തിനകത്ത് പരമാവധി നൂറുപേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അഗ്രഹാര വീഥികളിൽ രഥം വലിക്കുന്നതുൾപ്പെട 200 പേർ മാത്രമായിരിക്കണം. ജനങ്ങളെ നിയന്ത്രിക്കുന്ന സംബന്ധിച്ച് കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും പാലക്കാട് ജില്ലാ കളക്ടർ ആഘോഷ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ 200 പേരെ പങ്കെടുപ്പിച്ച് രഥപ്രയാണത്തിന് വലിയ രഥങ്ങൾ ഇറക്കാനാവില്ലെന്നാണ് ഉത്സവക്കമ്മിറ്റി പറയുന്നത്. വലിയ രഥങ്ങൾ വലിക്കുന്നതിന് കൂടുതൽ ആളുകൾ വേണമെന്നാണ് ഉത്സവക്കമ്മറ്റി വിശദീകരിക്കുന്നത്.

രഥോത്സവം വലിയ ആഘോഷപൂർവം നടത്താൻ കഴിയാത്തതിൽ കൽപ്പാത്തിക്കാർ നിരാശയിലാണ്. പക്ഷേ കൊവിഡ് സാഹചര്യത്തിൽ പൂർണമായും സർക്കാർ നിർദേശങ്ങൾ പാലിക്കുമെന്നും നാട്ടുകാർ പറയുന്നു. വലിയ രഥങ്ങൾ പ്രയാണത്തിന് ഇറങ്ങിയില്ലെങ്കിൽ പ്രശസ്തമായ ദേവരഥ സംഗമം ഇത്തവണയും ഉണ്ടാവില്ല. ഈ മാസം എട്ടിനാണ് രഥോത്സവത്തിന് കൊടിയേറുക.


ദേവരഥസംഗമം

വേദമന്ത്ര ജപത്താൽ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വൻ തിരക്കാണ്. സമാപനത്തിൽ അഞ്ച് രഥങ്ങൾ അണിനിരക്കും. സായംസന്ധ്യയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണ പെരുമാൾ, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളിൽ നിന്നുള്ള തേരുകൾ തേരുമുട്ടിയിൽ സംഗമിക്കുന്നതോടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കൽപ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങൾ സാക്ഷിയാകുന്നു.

വീഥികളിലൂടെ പതിയെ നടന്നാൽ അഗ്രഹാര മമത സിരകളിൽ അലിയും. ദേവന്റെ കഴുത്തിലെ മണിമാല മുത്തുകൾ പോലെ കോർത്ത് അങ്ങനെയങ്ങനെ.. ബ്രാഹ്മണശരീര ഭാഷകൾ പോലെ തന്നെ കിടക്കുന്ന പഴമയുടെ കഥകൾ പറയാനുണ്ട് പല വീടുകൾക്കും.. കൂടുതലും തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ.. അതിഥികളെ ദേവതുല്യം കാണുന്നവർ. പല കോലങ്ങളിലും കളമെഴുതുന്ന സ്ത്രീകൾ.

ഒരു ചെറിയ സിമന്റ് തിണ്ണയിൽ പോലും സരസ്വതി സങ്കല്‌പങ്ങൾ മികച്ച ചിത്രമാകുന്നു. കർമ്മഫലങ്ങളുടെയും കാലത്തിന്റെയും കഥകൾ കൊത്തിവെച്ച കൽപ്പാത്തി തേരുകൾ രണ്ട് വലിയ കയറിൽ വിശ്രമിക്കുന്നു.. ഇടതും വലതുമായി ഒട്ടിച്ചുവച്ച അഗ്രഹാര വീടുകൾക്കു മുന്നിലും കച്ചവടക്കാർ.

കച്ചവടക്കാഴ്ചകൾ നോക്കി വെള്ളമിറക്കുന്ന കാഴ്ച്ചക്കാർ, നിറഭേദങ്ങളുടെ ദാവണിയുടുത്ത പെൺകൊടികൾ, പരസ്പരം ആലിംഗനം ചെയ്യുന്ന മുതുമുത്തച്ഛൻമാർ, വെയിൽ നാളമേറ്റും തേരിനെ വരവേൽക്കാൻ തളികയിൽ തേങ്ങയും കർപ്പൂരവുമായി നിൽക്കുന്ന മുത്തശ്ശിമാർ, അഗ്രഹാര വീഥികൾ തടിച്ചുകൊഴുക്കുമ്പോഴും മെലിഞ്ഞുണങ്ങി ഒഴുകുന്ന കൽപ്പാത്തിപ്പുഴ ഇങ്ങനെ പോകുന്നു രഥോത്സവ കാഴ്ചകൾ. രണ്ട് വർഷത്തിന് ശേഷം അഗ്രഹാര വീഥിയിൽ രഥമുരുളുന്നതും കാത്തിരിക്കുകയാണ് ജനം.

തഞ്ചാവൂർ തനിമ

കൽപ്പാത്തിയിലെത്തിയ തഞ്ചാവൂർ ബ്രാഹ്മണസമൂഹം തമിഴ് രീതികൾ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂർ തനിമ പാലിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കൽപ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങൾ നീളുന്ന ഉത്സവം പാലക്കാടിന്റെ പെരുമ വിളിച്ചോതുന്നു. ഇവിടുത്തെ രഥങ്ങൾക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേൽക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്‌പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂർണരൂപത്തിൽ തയ്യാറാകുതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളിൽ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീ ക്ഷേത്രം, പുതിയ കൽപ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വർണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവകൾ എത്തുമെന്നാണ് വിശ്വാസം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALAKKAD SIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.