SignIn
Kerala Kaumudi Online
Thursday, 07 July 2022 4.05 AM IST

ഉഴവൂരിൽ നിന്ന് ഉയർന്ന താരകം

kr-

സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ നാരായണന്റെ 16 -ാ മത് ചരമവാർഷിക ദിനം ഇന്ന് . അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷം കൂടിയാണ് 2021. പൊരുതി നേടിയ സ്വന്തം ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കുകയും നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കെ.ആർ. നാരായണൻ അനുഭവജ്ഞാനം കൊണ്ടും പ്രവർത്തന മേഖലകളുടെ വൈവിദ്ധ്യം കൊണ്ടും വ്യത്യസ്തനായിരുന്നു. ആദ്യ ദളിത് രാഷ്ട്രപതി എന്ന വസ്തുത നിലനില്‌ക്കുമ്പോൾതന്നെ ഒരു സംവരണ സ്ഥാനീയന് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങേണ്ട യോഗ്യതയും കഴിവുമായിരുന്നില്ല അദ്ദേഹത്തിന്റേത്.

കോട്ടയം ഉഴവൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് വിണ്ണിലുയർന്ന താരകമെന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ പ്രകീർത്തിച്ചത്. കോച്ചേരിൽ രാമൻനാരായണനിൽ നിന്നും ഡോ. കെ.ആർ നാരായണനിലേക്കുള്ള പരിണാമത്തിന് കണ്ണുനീരിന്റെയും കയ്പുനീരിന്റെയും വീറുറ്റ വാശിയുടെയും സമാനതകളില്ലാത്ത അനുഭവ അടിത്തറയുണ്ട്.

സ്‌കൂൾ വിദ്യാഭ്യാസം ഉഴവൂരിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായിട്ടാണ് പൂർത്തിയാക്കിയത്. തിരുവിതാംകൂർ സർവകലാശാലയിൽ നിന്നും ഒന്നാംറാങ്ക് നേടിയാണ് നാരായണൻ പരീക്ഷ പാസായതെങ്കിലും എല്ലാ ഒന്നാംറാങ്കുകാർക്കും അതുവരെ നൽകിയിരുന്ന അദ്ധ്യാപകജോലി പട്ടികജാതിക്കാരനായതിനാൽ നാരായണന് നിഷേധിച്ചു. ദിവാനും ചീഫ് സെക്രട്ടറിയും കാണിച്ച നെറികേടിനോട് അദ്ദേഹം പ്രതിഷേധിച്ചത് മഹാരാജാവ് പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു കൊണ്ടാണ്. 1943 ൽ സർട്ടിഫിക്കറ്റ് വാങ്ങാതെ പോയ നാരായണന്റെ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റ് ഡി.ബാബുപോൾ വൈസ് ചാൻസലറുടെ ചുമതല വഹിക്കുമ്പോഴാണ് അദ്ദേഹത്തിനു നൽകിയത്.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആവേശം അലയടിക്കുന്ന നാളുകളിലാണ് കെ.ആർ നാരായണൻ ഡൽഹിയിലെത്തുന്നത്. രണ്ടു വർഷത്തോളം അദ്ദേഹം പത്രപ്രവർത്തകന്റെ കുപ്പായമണിഞ്ഞു. ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും ലങ്കാ സുന്ദരത്തിന്റെ ഇക്കണോമിക് വീക്കിലിയിലും പ്രവർത്തിച്ചു. വിദേശപഠനത്തിന് പോകുന്നതിനു മുമ്പാണ് ഗാന്ധിജിയെ ഇന്റർവ്യൂ ചെയ്യാൻ നാരായണന് അവസരം ലഭിച്ചത്.
മൗനവ്രതത്തിലായിരുന്ന ഗാന്ധിജി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തപാൽ കവറുകളുടെ പുറത്ത് എഴുതി നൽകുകയായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ നാരായണൻ 1948ലാണ് തിരികെയെത്തുന്നത്. ലോകപ്രശസ്ത ചിന്തകനും തന്റെ അദ്ധ്യാപകനുമായിരുന്ന ഹരോൾഡ് ലാസ്‌ക്കിയുടെ കത്തുമായി നാരായണൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സന്ദർശിക്കുകയും അദ്ദേഹം വിദേശകാര്യ സർവീസിലേക്ക് നാരായണനെ നിയോഗിക്കുകയും ചെയ്തു. ബർമയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ വിദേശകാര്യ സേവനം 1978 ൽ വിദേശകാര്യ സെക്രട്ടറിയായി വിരമിക്കുന്നതുവരെ തുടർന്നു. ഇതിനിടയിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിയും വഹിക്കുകയുണ്ടായി. 1984 ൽ ഒറ്റപ്പാലത്ത് നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം സജീവ രാഷ്ട്രീയക്കാരനായി. കേന്ദ്രമന്ത്രിസഭയിൽ ആസൂത്രണം , വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയും ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയുമായി.1992 ൽ ഉപരാഷ്ട്രപതിയും 1997 ൽ രാഷ്ട്രപതിയുമായി. രാഷ്ട്രപതി എന്ന നിലയിൽ അസാധാരണവും ചടുലവുമായ നടപടികളിലൂടെ ശ്രദ്ധ നേടി. കീഴ്‌വഴക്കങ്ങൾ പലതും അദ്ദേഹം അട്ടിമറിച്ചു .

ബാബറി മസ്ജിദ് സംഘപരിവാർ നേതൃത്വത്തിൽ തകർത്തപ്പോൾ അതിനെതിരെ രൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത് .
ബീഹാർ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നിർദേശത്തെയും ഉത്തർപ്രദേശിൽ ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

പ്രസിഡണ്ട് പദം ഒരു റബർ സ്റ്റാമ്പ് അല്ലേ -എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് താൻ ഒരു വർക്കിംഗ് പ്രസിഡണ്ട് ആണെന്ന് പറയുക മാത്രമല്ല, പ്രവർത്തനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K R NARAYANAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.