കോഴിക്കോട്: ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിൽ പ്രതിഷേധമിരമ്പി. സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മാനാഞ്ചിറ എസ്.ബി.ഐ ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർദ്ധനവിൽ യു.പി. എ സർക്കാരിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന് മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇവിടെ വില കുറയുകയും കൂടുമ്പോൾ കൂടുകയും ചെയ്യുന്ന സംവിധാനമാണ് യു.പി.എ കൊണ്ടുവന്നത്. എന്നാൽ നരേന്ദ്രമോദി വന്നതിന് ശേഷം വില കൂടിയതല്ലാതെ കുറഞ്ഞില്ല. കേന്ദ്രസർക്കാർ വില കുറച്ചിട്ടും സംസ്ഥാനം കുറക്കാൻ തയ്യാറാവുന്നില്ല. വിലകുറയുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം നിയാസ്, കെ ജയന്ത് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ആരംഭിച്ച സമരം 15 മിനുട്ടിന് ശേഷം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |