SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 AM IST

അവരെ പുറത്താക്കണം

mullaperiyar

പതിറ്റാണ്ടുകളായി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഏറ്റവും ഒടുവിലുണ്ടായ സംഭവ വികാസങ്ങൾ സർക്കാരിനു മാത്രമല്ല ജനങ്ങൾക്കാകെ അവമതി സൃഷ്ടിച്ചു. മുല്ലപ്പെരിയാറിൽ കാലഹരണപ്പെട്ട അണക്കെട്ടിനു പകരം പുതിയ അണക്കെട്ടിനുവേണ്ടി ശബ്ദമുയർത്തുന്ന കേരളത്തിന്റെ നിലപാടിനെ തകർക്കുന്ന തീരുമാനത്തിന് സർക്കാർ തന്നെ മുന്നിട്ടിറങ്ങിയെന്നത് ചിന്തിക്കാൻ പോലുമാകുന്നില്ല. പ്രധാന അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി പതിനഞ്ചു വൻമരങ്ങൾ മുറിക്കാൻ അനുമതി നൽകി വനംവകുപ്പിലെ മുഖ്യ വനപാലകൻ സർക്കാർ അറിയാതെ ഉത്തരവിറക്കിയെന്നാണ് റിപ്പോർട്ട്. വനംമന്ത്രിയോ ഡാമിന്റെ ഉത്തരവാദിത്തമുള്ള ജലവിഭവ വകുപ്പു മന്ത്രിയോ അറിയാതെ ഉന്നതഉദ്യോഗസ്ഥർ മാത്രം അറിഞ്ഞ് വിവാദ ഉത്തരവ് ഇറങ്ങിയതിനു പിന്നിലെ ഒളിച്ചുകളിയും ഗൂഢാലോചനയും സാധാരണ ഒരന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനാവില്ല. ഉത്തരവിറക്കിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് വനംമന്ത്രി പറയുന്നത്. നവംബർ ഒന്നിന് വനം വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉന്നതർ യോഗം കൂടി ബേബിഡാമിനടുത്തു നില്‌ക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്‌നാടിനു അനുവാദം നൽകുന്ന കാര്യം ചർച്ച ചെയ്യുകയും നവംബർ ആറിന് ഉത്തരവിറക്കുകയുമാണുണ്ടായത്. ഇത്രയും ഗൗരവമേറിയ വിഷയം ബന്ധപ്പെട്ട മന്ത്രിമാരോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർ വിശ്വസിക്കില്ല. ഉദ്യോഗസ്ഥർ വിവരം ഭരണനേതൃത്വത്തിൽ നിന്ന് മറച്ചുവച്ചെന്നാണു വിശദീകരണമെങ്കിൽ ഒരു നിമിഷം വൈകാതെ വിവാദ ഉത്തരവിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്താക്കണം. ഗുരുതരവീഴ്ച വരുത്തിയവരെ എന്താണു ചെയ്യേണ്ടതെന്ന് ആരും പറയാതെ തന്നെ അറിയേണ്ടയാളാണ് മന്ത്രി. കള്ളക്കളി നടത്തിയവർക്കെതിരെ കർശനനടപടി ഉണ്ടാകുമോ എന്നുമാത്രമേ അറിയാനുള്ളൂ.

മരംമുറിക്കാൻ അനുമതി നല്‌കിയതിന് നന്ദിപറഞ്ഞുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദേശം മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണത്രെ സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയത്. ഇതിൽപ്പരം നാണക്കേട് ഒരു ഭരണകൂടത്തിന് വരാനില്ല. വ്യവസ്ഥാപിതമായി അധികാരത്തിലേറിയ ഒരു സർക്കാരുള്ളപ്പോൾ ഉദ്യോഗസ്ഥർ ഭരണം ഏറ്റെടുക്കുന്നതു കേട്ടുകേഴ്‌വിയില്ലാത്തതാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നയവും സമീപനവും എന്താണെന്ന് ഇവിടത്തെ കൊച്ചുകുട്ടികൾക്കുപോലും അറിയാം. അതിനെ തീർത്തും ഹനിക്കുന്നതും സുപ്രീംകോടതിയിലുള്ള കേസിൽ സംസ്ഥാനത്തിന്റെ വാദമുഖങ്ങളെ സ്വയം തോല്പിക്കുന്നതുമായ നീക്കങ്ങൾ ഉന്നതകേന്ദ്രങ്ങളിൽ നിന്നുതന്നെ ഉണ്ടായത് പൊറുക്കാനാവില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ ആദ്യം മുതലേ ഉന്നത ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ കാണിക്കുന്ന നഗ്നമായ ഗൂഢാലോചനകളുടെയും കള്ളക്കളികളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്തുണ്ടായ മുല്ലപ്പെരിയാർ കരാർ കേരളം രൂപംകൊണ്ടപ്പോൾ പ്രാബല്യമില്ലാതായതാണ്. അന്നേ ശക്തമായ നിയമനടപടിക്കു മുതിർന്നിരുന്നെങ്കിൽ ഇക്കാലമത്രയും കുത്തിനോവിക്കുന്ന പ്രശ്നമായി അതു മാറില്ലായിരുന്നു. തമിഴ്‌നാടിനു വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാൻ ഇവിടെ വേണ്ടത്ര ആളുകളുണ്ടെന്നതാണ് ഏറ്റവും ഗർഹണീയമായ കാര്യം.

ഔപചാരികമായ ഉത്തരവിറങ്ങും മുൻപുതന്നെ വാക്കാൽ ഉത്തരവു സമ്പാദിച്ചിരുന്ന തമിഴ്‌നാട് മുല്ലപ്പെരിയാർ ബേബി ഡാമിനടുത്തെ മരങ്ങൾ മുറിച്ചുതുടങ്ങിയെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇനിയെന്ത് എന്ന ചോദ്യം ശേഷിക്കുകയാണ്. നവംബർ 11ന് മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരളത്തിന്റെ നിലപാടിനെ കൂടുതൽ ക്ഷീണിപ്പിക്കുമെന്നതിൽ സന്ദേഹമില്ല. അപ്പോഴും ഇതിന് കളമൊരുക്കിയ ഉദ്യോഗസ്ഥ - രാഷ്ട്രീയ പ്രമാണിമാർ മാറിയിരുന്ന് ചിരിക്കുന്നുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.