SignIn
Kerala Kaumudi Online
Saturday, 28 May 2022 10.28 AM IST

അഴിമതിയ്ക്കൊരു പരസ്പര സഹായ മുന്നണി

bribe

സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്, വലത് മുന്നണികളിൽ ഭൂരിപക്ഷവും കാലാകാലങ്ങളിൽ ഏതെങ്കിലുമൊക്കെ അഴിമതി ആരോപണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇടത് മുന്നണിയാണ് ഭരണത്തിലെങ്കിൽ വലത് മുന്നണിയും വലത് മുന്നണി ഭരിക്കുമ്പോൾ ഇടത് മുന്നണിയും ഭരിക്കുന്നവരുടെ അഴിമതിയ്ക്കെതിരായ ഘോരയുദ്ധത്തിനും സന്ധിയില്ലാത്ത സമരത്തിനും കേരളം പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഏത് ഭരണത്തിലും കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഒരു പൊതുമേഖലാ വ്യവസായമാണ് കശുഅണ്ടി. കാലങ്ങളായി നടക്കുന്ന തീവെട്ടിക്കൊള്ളയിൽ ഇടതും വലതും പരസ്പരസഹായ സഹകരണ സംഘം പോലെ പ്രവർത്തിക്കുന്ന വ്യവസായമെന്ന 'സൽപേര്" കൂടിയുണ്ട് ഈ വ്യവസായത്തിന്. ഏത് സർക്കാർ ഭരിച്ചാലും തോട്ടണ്ടി ഇടപാടിൽ അഴിമതി ആരോപണം ഉയരുമെന്നത് ഉറപ്പാണ്. പക്ഷെ ഇക്കാര്യത്തിൽ ഇടതിനും വലതിനും ഒരു പരാതിയുമില്ല, പരിഭവവുമില്ലെന്നതാണ് വിചിത്രമായ വസ്തുത. ഏറ്റവുമൊടുവിൽ കൊല്ലം ആസ്ഥാനമായ കേരളാ സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് അപ്പക്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്പക്സ്) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടി ഇടപാടിൽ വൻ സാമ്പത്തിക നഷ്ടമുണ്ടായതായി ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇടപാടിന് നേതൃത്വം നൽകിയ സ്ഥാപനത്തിന്റെ എം.ഡി ആ‌ർ. രാജേഷിനെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നും ശുപാർശ ചെയ്തു. സർക്കാർ ഉത്തരവ് അട്ടിമറിച്ച് 2018, 19 വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കോടികളുടെ നഷ്ടം രാജേഷിൽ നിന്ന് ഈടാക്കണമെന്നും ശുപാർശയിലുണ്ട്.

റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും കേരളത്തിലെബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഇങ്ങനെയൊരു സംഭവം അറിഞ്ഞതായിപ്പോലും ഭാവിച്ചു കണ്ടില്ല. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ കണ്ടെത്തലുകളിലും വിജിലൻസ് അന്വേഷണ ശുപാർശയിലും പിണറായി വിജയൻ സർക്കാർ എന്തെങ്കിലും തുടർ നടപപടി കൈക്കൊള്ളുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷം ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുകയുമില്ല. 1984 ൽ രൂപീകരിച്ച കാപ്പക്സിനു കീഴിൽ 10 കശുഅണ്ടി ഫാക്ടറികളാണുള്ളത്.

അഴിമതിയുടെ വഴികൾ ഇങ്ങനെ

വയനാട്ടിലെ കർഷകനിൽ നിന്നെന്ന വ്യാജേന തമിഴ്നാട്ടിലെ സ്ഥാപനത്തിൽ നിന്ന് തോട്ടണ്ടി ഇറക്കിയതിന്റെ തെളിവുകൾ സഹിതമാണ് ധനകാര്യ പരിശോധനാ വിഭാഗം പുറത്തുവിട്ടത്. സർക്കാർ നിശ്ചയിച്ച സംഭരണ വിലയെക്കാൾ കൂടിയ വിലയ്ക്ക് തോട്ടണ്ടി വാങ്ങി കാപ്പക്സിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് 2019 മേയ് 29 ന് എം.ഡി ആർ. രാജേഷിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. 2018 ലെ നാടൻ തോട്ടണ്ടി ഇടപാടിലും വൻ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിലുണ്ട്. എന്നാൽ സി.പി.എം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും എം.ഡി ആക്കി നിയമിച്ചു. സസ്പെൻഷൻ കാലത്തെ ഉപജീവന ബത്തയായി 7,08326 രൂപ രാജേഷ് അധികമായി എഴുതിയെടുത്തത് പലിശ സഹിതം ഈടാക്കണമെന്നും ശുപാർശയിലുണ്ട്. കശുഅണ്ടി വികസന കോർപ്പറേഷനിലെ കോടികളുടെ അഴിമതിയുടെ പേരിൽ സി.ബി.ഐ കേസിൽ പ്രതിയായ മുൻ എം.ഡി കെ.എ രതീഷിനെയും എല്ലാ എതിർപ്പുകളും മറികടന്ന് ലക്ഷങ്ങൾ ശമ്പളത്തിൽ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചതുപോലെയാണ് രാജേഷിനെയും പുനർനിയമിച്ചത്.

അഴിമതിയിലെ കൂട്ടുകച്ചവടം

മൂന്ന് ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്ന പരമ്പരാഗത വ്യവസായമാണ് കശുഅണ്ടി. വ്യവസായത്തിലെ ഉയർച്ച താഴ്ചകൾ കഴിഞ്ഞ കാലത്തെല്ലാം ഇടത്- വലത് മുന്നണികൾക്ക് തിരഞ്ഞെടുപ്പുകളിൽ പ്രചരണായുധവുമായിരുന്നു. പക്ഷെ ഇവിടെയൊന്നും കോടികളുടെ അഴിമതി ചർച്ചയാകില്ലെന്നിടത്താണ് മുന്നണികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അന്തർധാര. കുത്തക മുതലാളിമാരുടെ കൊടിയ ചൂഷണത്തിൽ നിന്ന് പാവപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനും, നിയമാനുസൃത കൂലിയും തൊഴിൽസ്ഥിരതയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് 1969 ൽ പൊതുമേഖലയിൽ രൂപീകരിച്ച കശുഅണ്ടി വികസന കോർപ്പറേഷന് കീഴിൽ 30 ഫാക്ടറികളാണുള്ളത്. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഡയറക്ടർബോർഡ് രൂപീകരിച്ചതും മാതൃകയായിരുന്നുവെങ്കിൽ പിൽക്കാലത്ത് കോർപ്പറേഷനെ കുത്തുപാളയെടുക്കുന്ന അവസ്ഥയിലേക്ക് നയിച്ചതും ഇതേ കൂട്ടുകെട്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോൾ കാപ്പക്സ് തോട്ടണ്ടി ഇടപാട് വിവാദത്തിൽ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്ന മൗനം. കശുഅണ്ടി വികസന കോർപ്പറേഷനിലും കാപ്പക്സിലും തോട്ടണ്ടി ഇടപാടും സംസ്ക്കരിച്ച പരിപ്പ് വില്പനയുമെല്ലാം ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ എന്നാണ് വയ്പ്. ഏത് മുന്നണി ഭരിച്ചാലും ഡയറക്ടർ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പ്രതിനിധികളുണ്ടാകും. ഇടപാടുകളുടെ വിഹിതം എല്ലാവർക്കും വീതം വച്ച് കിട്ടുന്നതിനാൽ ഏത് കൊടിയ അഴിമതിയും മുന്നണി നേതാക്കൾ കണ്ടില്ലെന്ന് നടിക്കും.

അഴിമതിയിൽ പങ്ക് എം.ഡിക്ക് മാത്രമോ ?

കാപ്പക്സിലെ തോട്ടണ്ടി ഇടപാടിലെ ക്രമക്കേടുകൾക്ക് എം.ഡി മാത്രമാണോ ഉത്തരവാദി എന്ന ചോദ്യം ഏറെ പ്രസക്തമാണ്. കാരണം ഡയറക്ടർ ബോർഡിന്റെ അനുമതിയോടെയല്ലാതെ എം.ഡിക്ക് മാത്രമായി ഒരിടപാടും നടത്താൻ കഴിയില്ല. കാപ്പക്സ് ചെയർമാൻ അദ്ധ്യക്ഷനായ ബോർ‌ഡിനാണ് തോട്ടണ്ടി ഇടപാടിനുള്ള അധികാരം. ചെയർമാന്റെ പാർട്ടി അറിയാതെ ഒരിടപാടും നടക്കുകയുമില്ല. ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ 2018 സെപ്തംബർ വരെയും തുടർന്ന് സി.പി.എം നേതാവ് പി.ആർ വസന്തനുമായിരുന്നു ചെയർമാൻമാർ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിയ്ക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതി നൽകിയെന്ന് പറയുന്നതുപോലെയാണ് ഇവിടത്തെയും കാര്യങ്ങൾ. ഉന്നതങ്ങൾ അറിയാതെ ഇത്തരം ഇടപാടുകൾ നടക്കില്ലെന്ന് ആർക്കാണറിയാത്തത് ?

കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പക്സും വെള്ളാനകൾ

സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും പോലെ വെള്ളാനകളായി മാറിയ സ്ഥാപനങ്ങളാണ് കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പക്സും. തോട്ടണ്ടി ഇറക്കുമതിയും പരിപ്പ് വിൽപ്പനയും കോടികൾ മറിയുന്ന ഇടപാടായി മാറുകയും എല്ലാറ്റിനും കമ്മിഷൻ ഏർപ്പാട് വരികയും ചെയ്തതോടെയാണ് കോടികൾ വിഴുങ്ങുന്ന വെള്ളാനകളായി ഇവ മാറിയത്. പാവപ്പെട്ട തൊഴിലാളികളെ മറയാക്കി തൊഴിലാളി നേതാക്കളും രാഷ്ട്രീയ പാർട്ടികളും മത്സരിച്ച് കഴുക്കോലൂരുന്ന പരിപാടിയാണ് ഇന്നും തുടരുന്നത്. ഈ കടുംവെട്ടിന് മാറിമാറി വന്ന സർക്കാരുകളെല്ലാം കുടപിടിച്ച് സന്ധിചെയ്തതോടെ നഷ്ടക്കണക്കുകൾ മാത്രം എഴുതിചേർക്കുന്ന സ്ഥാപനങ്ങളായി ഇവ മാറി. 2015 ലെ കണക്ക് പ്രകാരം കശുഅണ്ടി വികസന കോർപ്പറേഷന്റെ അതുവരെയുള്ള നഷ്ടം 1200 കോടിയിലേറെയാണ്. ഇപ്പോൾ അതിലും എത്രയോ ഉയർന്നിട്ടുണ്ടാകും. കോടികൾ മുടക്കുന്ന തോട്ടണ്ടി ഇടപാടിന്റെ ബാലൻസ് ഷീറ്റിൽ നഷ്ടക്കണക്കുകൾ എഴുതിച്ചേർക്കുന്നതല്ലാതെ തൊഴിലാളികൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി കേട്ടുകേൾവി പോലുമില്ല. നഷ്ടം നികത്താൻ സർക്കാരുകൾ അടിയ്ക്കടി കോടികളുടെ സഹായം നൽകും.

2006 മുതൽ 2015 വരെ കശുഅണ്ടി വികസന കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചെന്ന കേസിൽ 2005 മുതൽ 2015 വരെ കോർപ്പറേഷൻ എം.ഡി ആയിരുന്ന കെ.എ രതീഷും 2012 മുതൽ 2015 വരെ ചെയർമാനായിരുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും യഥാക്രമം ഒന്നും മൂന്നും പ്രതികളാണ്. ഈ അഴിമതിക്കേസിൽ സി.ബി.ഐ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ കോടതി മുമ്പാകെയാണ്. രതീഷിനെ പല സ്ഥാപനങ്ങലുടെയും ഉന്നത സ്ഥാനത്ത് നിയമിക്കാൻ പിണറായി സർക്കാർ നടത്തിയ നീക്കങ്ങൾ തുറന്നു കാട്ടാൻ മാധ്യമങ്ങളല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായില്ല. കാപ്പക്സിലെ ക്രമക്കേടുകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളോടും രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിസ്സംഗ സമീപനമാണ് വർത്തമാനകാലം നേരിടുന്ന കടുത്ത വെല്ലുവിളി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.