SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.08 PM IST

കൊവിഡ് അവസാനിക്കാത്ത കേരളം!

covid

കേരളത്തിൽ കൊവിഡ് അവസാനിക്കുമെന്ന് ആരും മോഹിച്ചിടേണ്ട. അത്തരം മോഹങ്ങളെല്ലാം വെറും വ്യാമോഹങ്ങൾ. പറയുന്നത് എ.എൻ. ഷംസീർ. അംഗത്തിന്റെ നിഗമനമനുസരിച്ച് ലോകത്ത് ഏതെങ്കിലും കാലത്ത് കൊവിഡ് അവസാനിച്ചെങ്കിൽ മാത്രം ഈ കേരളത്തിലും കൊവിഡ് അവസാനിച്ചെങ്കിലായി. ലോകത്തിന്റെ ഏത് കോണിലും കാണപ്പെടുന്ന മലയാളിയാണ് ഷംസീറിന്റെ കണക്കിൽ കൊവിഡ് അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വില്ലൻ!

അതായത്,​ ലോകത്തെ ഏതെങ്കിലുമൊരു ഓണം കേറാമൂലയിൽ കൊവിഡ് ബാധയുണ്ടായാൽ മതി,​ അവിടെ മലയാളിയുള്ളിടത്തോളം കാലം, പോയ കൊവിഡ് അതേ സ്പീഡിൽ കേരളത്തിലേക്ക് തിരിച്ചുവരുമെന്നർത്ഥം. കൊവിഡിനെ അകറ്റിക്കളയാമെന്ന വ്യാമോഹത്താൽ നിയമസഭയിൽ മുക്കാലേ അരക്കാലും പേർ മാസ്ക് ഇട്ട് നടക്കുമ്പോഴും ഷംസീർ മാസ്കിന് മുഖം കൊടുക്കാതെ പലപ്പോഴും സുസ്മേരവദനനായി നിലകൊള്ളുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിക്കാണുമെന്ന് വിചാരിക്കുന്നു. കൊവിഡിൻലോകത്ത് വ്യർത്ഥമാം മാസ്കിന്റെ കഥ ആരറിയുന്നു!

സംസ്ഥാനത്തെ വിവിധ വൈദ്യശാഖകളുടെ രജിസ്ട്രേഷൻ ഏകീകരിക്കാൻ നിർദ്ദേശിക്കുന്ന കേരള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ല് പാസാക്കപ്പെടുമ്പോൾ കേരളത്തിൽ ഒരു പുതിയ പേര് ആഘോഷിക്കപ്പെടാൻ പോകുന്നുവെന്ന് ഷംസീർ പറഞ്ഞു. അദ്ദേഹത്തിന്റെ പഠനകാലത്ത് സംഗീതലോകത്ത് ലക്ഷ്മികാന്ത്-പ്യാരേലാലും നദിം-ശ്രാവണും ഒക്കെ ഉണ്ടായത് പോലെ വീണ-ശൈലജ എന്ന നാമമാണ് കൊണ്ടാടപ്പെടാൻ പോകുന്നതത്രെ. അത്രയ്ക്കൊക്കെ വേണോ എന്നപ്പോൾ അതു കേട്ടിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് ചിന്തിച്ചോ?- നിശ്ചയമില്ല.

സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലും കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബില്ലും ഒരുമിച്ചാണ് ചർച്ചയ്ക്കെടുത്തത്. ശേഷം ബില്ലുകൾ വകുപ്പുതിരിച്ച് പാസാക്കി. ബിൽ ചർച്ചകളിൽ പങ്കെടുത്ത ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ പലരും വ്യാജചികിത്സകരെപ്പറ്റി വ്യാകുലചിത്തരാവുകയുണ്ടായി.

കനേഡിയൻ ഏജൻസിക്കായി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയെപ്പറ്റി ഉത്കണ്ഠാകുലയായത് കെ.കെ. രമയാണ്. ജനങ്ങളുടെ ആരോഗ്യസംബന്ധിയായ വിലപ്പെട്ട ഡാറ്റകൾ മരുന്ന് പരീക്ഷണത്തിനും മറ്റുമായി വിദേശകുത്തകകൾ ഉപയോഗപ്പെടുത്താനുള്ള ആശങ്കകളിലേക്കാണ് അവരുടെ ചിന്ത പോയത്. വി.എസ്. അച്യുതാനന്ദനൊക്കെ എതിർപ്പറിയിച്ചപ്പോൾ യു.ഡി.എഫ് ഭരണകാലത്ത് പിൻവലിക്കപ്പെട്ട പദ്ധതിയാണ് വേറെ രൂപത്തിലെത്തുന്നതെന്ന് അവരോർമ്മിപ്പിച്ചു. പക്ഷേ ഭരണകക്ഷിയിൽ നിന്നാരും അതേറ്റുപിടിച്ചില്ല. മൗനം വീണയ്ക്ക് ഭൂഷണം എന്നതായിരുന്നു രമയുടെ ഈ ഉത്കണ്ഠയോട് ആരോഗ്യമന്ത്രിയുടെയും സമീപനം.

രോഗങ്ങളെ ജയിക്കുന്ന ആളെന്ന നിലയിൽ ഡോക്ടറെ ദൈവമായി കണ്ട് പൂജിക്കണമെന്ന് യു.പ്രതിഭ നിർദ്ദേശിച്ചു. പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ ആശുപത്രിവാർഡ് പൂജാമുറിയായും പ്രതിഭ ആ പൂജാമുറിയിലെ പൂജാരിയായും മാറുന്നത് പലരും സങ്കല്പിച്ചിട്ടുണ്ടാകണം.

ആരോഗ്യമന്ത്രിയുടെ നീക്കങ്ങളിൽ സർവ്വത്ര കുഴപ്പങ്ങൾ ദർശിച്ചവരിൽ പ്രമുഖൻ പി.കെ. ബഷീറാണ്. ആയുഷ് വകുപ്പിന്റെ ഡയറക്ടറായി അലോപ്പതി ഡോക്ടറെ നിയമിച്ചതിൽ തുടങ്ങുന്നു ബഷീറിന്റെ കണ്ണിൽ കുഴപ്പങ്ങൾ. "മാദ്ധ്യമപ്രവർത്തകയായി പല തരം ആളുകളെ വിചാരണ ചെയ്ത അങ്ങാണല്ലോ ഇപ്പോൾ ആരോഗ്യമന്ത്രി. അതിനാൽ ഈ കുഴപ്പത്തിന് അടുത്ത മന്ത്രിസഭായോഗത്തിൽ തന്നെ ഒരു പരിഹാരമുണ്ടാക്കണം"- ബഷീറിന്റെ അഭ്യർത്ഥന ബധിര കർണങ്ങളിലാണ് പതിച്ചതെന്ന് ഊഹിക്കാം.

ഇന്ത്യയിലെ തന്നെ മെഡിക്കൽ ഹബ്ബ് ആയി മാറേണ്ട കേരളം അപൂർവ്വരോഗങ്ങളുടെയും മഹാവ്യാധികളുടെയും ഹബ്ബായി മാറുന്നതിൽ എ.പി. അനിൽകുമാർ ഉത്കണ്ഠാകുലനായി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഭേദഗതി ബില്ലും സഭ വകുപ്പുതിരിച്ച് പാസാക്കിയാണ് പിരിഞ്ഞത്.

കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിലെ നിർമ്മാണത്തകരാറും കുറഞ്ഞനിരക്കിൽ പാട്ടത്തിന് കൊടുത്തതും മൂലം കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് കാട്ടി അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശൂന്യവേളയിൽ ടി.സിദ്ദിഖും മറ്റുമാണ്. കെ.എസ്.ആർ.ടി.സിയുടെ മൂന്നേക്കർ സ്ഥലം വെറുമൊരു കൽമന്ദിരമായി ഉപയോഗശൂന്യമായെന്ന് സിദ്ദിഖ് വിലപിച്ചു. സിദ്ദിഖിന്റെ ആരോപണത്തിന് 99 ശതമാനവും ഉത്തരം പറയേണ്ടവർ യു.ഡി.എഫുകാരാണെന്ന് മന്ത്രി ആന്റണിരാജു വാദിച്ചു. പദ്ധതി നിർമ്മിച്ച് ഉദ്ഘാടനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.എസ്.ആർ.ടി.സി ഭരിച്ചത് വി.എസ്. ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ. മന്ത്രിയുടെ വാദത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പക്ഷേ, ഒരു യുക്തിയും കണ്ടില്ല. കോഴിക്കോട് കോർപ്പറേഷന്റെ അനുമതിയില്ലാതെ ടെർമിനൽ നിർമാണം ഉദ്ഘാടനം ചെയ്തത് 2008ലെ മുഖ്യമന്ത്രി അച്യുതാനന്ദനാണെന്ന് അദ്ദേഹം പറഞ്ഞു. ടെൻഡർവ്യവസ്ഥ പാലിക്കാതെ പാതിവഴിക്ക് ഉപേക്ഷിച്ച കരാറുകാർ വേഷപ്രച്ഛന്നരായെത്തി മാനദണ്ഡങ്ങളിൽ ഇളവ് നേടിയെടുത്ത് പകൽക്കൊള്ള നടത്തിയത് 2018ൽ പിണറായിഭരണകാലത്തുമാണത്രെ.

2008ൽ നടന്ന ഇടപാടിൽ പിന്നീട് വകുപ്പ് ഭരിച്ച മന്ത്രിമാരെല്ലാം പ്രതിയാകുന്നതെങ്ങനെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. അങ്ങനെയെങ്കിൽ ബസ് സ്റ്റാൻഡിൽ നാരങ്ങാവെള്ളം കുടിക്കാനെത്തിയവരും പ്രതിയാകുമല്ലോയെന്നാണ് തിരുവഞ്ചൂർയുക്തി. ആ യുക്തി കേൾക്കാൻ മന്ത്രി ആന്റണിരാജു ആ നേരത്തില്ലാതെ പോയി!

ശാസ്താംകോട്ട അമ്പലത്തിലെ കുരങ്ങന്മാർക്ക് കൊവിഡ് കാലത്ത് പട്ടിണി കിടക്കേണ്ടി വരാതിരുന്നതിന് മുഖ്യമന്ത്രിക്കും ഡി.വൈ.എഫ്.ഐക്കും കോവൂർ കുഞ്ഞുമോൻ നന്ദി അറിയിച്ചു. പക്ഷേ, ലോക്ക്ഡൗണൊക്കെ തീർന്നപ്പോൾ അവിടെ പുറത്തുനിന്ന് വരുന്ന ചന്തക്കുരങ്ങുകൾ കലാപമുണ്ടാക്കുകയാണത്രെ. കലാപകാരികളെ തുരത്താനുള്ള ഓപ്പറേഷൻ വാതാവരണിനെപ്പറ്റി വനംമന്ത്രി എ.കെ.ശശീന്ദ്രൻ കുഞ്ഞുമോന്റെ ഉപക്ഷേപത്തിന് മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.