SignIn
Kerala Kaumudi Online
Thursday, 25 April 2024 3.53 PM IST

പാർക്കിംഗ് എന്ന സർക്കസ്

photo

വളരെ ചെറുപ്പത്തിലേ ഡ്രൈവിങ് പഠിച്ചതാണ് ഞാൻ. ലൈസൻസ് കിട്ടാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ. അന്ന് മുതൽ ഇന്നോളവും സ്വയം കാർ ഡ്രൈവ് ചെയ്യുന്നുണ്ട്. ഒരു നഗരത്തെ അറിയണമെങ്കിൽ നിരത്തുകളിലൂടെ നടക്കുകയോ, വണ്ടി ഓടിക്കുകയോ വേണം. (ഡ്രൈവർ ഓടിക്കുന്ന വണ്ടിയിൽ പിൻസീറ്റിൽ ഇരുന്നാൽ ഈ അറിവും അനുഭവവും ലഭിക്കുകയില്ല.) ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു
കിഴക്കേക്കോട്ട പ്രദേശത്തു കൂടി ഡ്രൈവ് ചെയ്യേണ്ടി വന്നു.
പദ്മതീർത്ഥത്തിനടുത്തു വണ്ടി നിറുത്താൻ ഒരഭ്യാസം നടത്തി നോക്കി. അതെത്ര സാഹസികവും അസാധ്യവുമാണെന്നു മനസ്സിലായി. അന്നുണ്ടായ ജ്ഞാനോദയമാണ് ഈ കുറിപ്പിനാധാരം. പലർക്കും പലപ്പോഴായി ഈ ജ്ഞാനം ഉദിച്ചിട്ടുണ്ടാകാം. വെളിപാട് ഇതാണ്: വാഹനം എവിടെ പാർക്ക് ചെയ്യരുതെന്ന് പറയാനേ ആളുള്ളൂ, എവിടെ പാർക്ക് ചെയ്യാം എന്ന് പറയാൻ ആരുമില്ല.. 'ഇവിടെ വണ്ടി നിരുത്തരു'തെന്ന കല്പനയുണ്ട്‌; 'ഇവിടെ നിറുത്താമല്ലോ' എന്ന സുവിശേഷം എങ്ങുമില്ല. പക്ഷെ വാഹനവുമായി റോഡിലിറങ്ങിയ മന്ദഭാഗ്യൻ അതെവിടെ ഒന്നു നിറുത്തും? എന്തോ വാങ്ങാനോ, ആരെയെങ്കിലും കാണാനോ ആണല്ലോ വാഹനവുമായി ഇറങ്ങിപ്പുറപ്പെട്ടത്‌. അല്ലാതെ നഗരനിരത്തിലൂടെ വെറുതേ
ചുറ്റിക്കറങ്ങാനല്ലല്ലോ. എവിടെത്തിരിഞ്ഞാലും ‘നോ പാർക്കിങ് ബോർഡുകൾ’ മാത്രം. പൊലീസിന്റെ വക, ഓരോ കച്ചവട സ്ഥാപനങ്ങളുടെ വക, കോർപ്പറേഷന്റെ വക, പാർക്കിങ് കോൺട്രാക്ടറുടെ വക എന്നിത്യാദി ബോർഡുകൾ തലങ്ങും വിലങ്ങും കാണാം. കിട്ടിയ ഇത്തിരിസ്ഥലത്തു മരണക്കിണർ അഭ്യാസിയുടെ സാഹസികതയോടെ വാഹനം തിരുകാമെന്നു വിചാരിക്കുമ്പോഴേക്കും കടയിലെ
സെക്യൂരിറ്റിക്കാരൻ വരവായി. 'ഹേയ്! ഇവിടെ നിറുത്താൻ പറ്റില്ല. ഇത് ഞങ്ങളുടെ കസ്റ്റമേഴ്സിന് മാത്രം.’ വാഹനം നിറുത്തിയിടാൻ അനുവദനീയമായ പല ഇടങ്ങളും അതിനടുത്ത ഷോപ്പുകളിലെ
ജീവനക്കാർ അവരുടെ ഇരുചക്രവാഹനങ്ങൾ കൊണ്ടും കാറുകൾ
കൊണ്ടും രാവിലെ നിറയ്ക്കും. വേണ്ടപ്പെട്ടവർക്കായി മാത്രം അവ മാറ്റിക്കൊടുക്കും. പാർക്ക് ചെയ്യാമായിരുന്ന അനേകം സ്ഥലങ്ങളിൽ
വഴിയോര കച്ചവടക്കാരും ഇടം പിടിച്ചിട്ടുണ്ട്. (പദ്മതീർത്ഥ പരിസരത്തും ചാലയിലും സഞ്ചരിച്ച് ഇത് സ്വയം ബോധ്യപ്പെടാവുന്നതാണ്.) നഗരങ്ങളിൽ പാർക്കിങ് ഒരു പ്രശ്നമാണ്.

പക്ഷെ അതുകൊണ്ടു സ്ഥിതി നന്നാക്കാൻ ശ്രമിക്കരുതെന്നില്ല. മികച്ച ആസൂത്രണം കൊണ്ടും കർശനമായ നിയമനിർവഹണം കൊണ്ടും പല
നഗരങ്ങളും നഗരവത്കരണത്തിന്റെ ഉപോല്പന്നമായ ഈ പ്രശ്നത്തെ
ലഘൂകരിച്ചിട്ടുമുണ്ട്. ധാർഷ്ട്യത്തോടെ നടത്തുന്ന നിയമരഹിതമായ ചില
പ്രവർത്തനങ്ങളാണ് നഗരത്തെ ഒരു പാർക്കിങ് നരകമാക്കി മാറ്റിയിരിക്കുന്നതെന്ന വാസ്തവം നികുതി കൊടുത്തും, ഭീമമായ
വിലയ്ക്ക് ഇന്ധനം നിറച്ചും വാഹനമോടിക്കുന്നവർ അറിയണം. ഒരു
ഷോപ്പിനു അനുമതി കൊടുക്കുമ്പോൾ വിസ്തൃതിക്ക്‌ ആനുപാതികമായി പാർക്കിങ് സ്ഥലം ബിൽഡിങ് പ്ലാനിൽ കാണിച്ചിട്ടുണ്ടാവും; ഉണ്ടാകണം. ഇത്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടേ ഷോപ്പുകൾക്കു അനുമതി കൊടുക്കാറുള്ളൂ. അതാണ് ചട്ടം. പക്ഷെ ആ സ്ഥലങ്ങളൊക്കെ എവിടെ? നാലുംഅഞ്ചും നിലകളിൽ ഉയർന്നു നിൽക്കുന്ന ഷോപ്പിംഗ് കോംപ്ലെക്സിൻറെ മുന്നിൽ കഷ്ടിച്ച് മൂന്നു കാറുകൾ നിറുത്തിയിടാൻ സാധിക്കില്ല. അതിൽത്തന്നെ കടയുടമസ്ഥന്റെ വലിയ വണ്ടിക്കു സ്ഥലം നീക്കി വച്ചിട്ടേ സാദാ പാർക്കിങ് അനുവദിക്കൂ. പ്ലാനിൽ കാണിച്ച പാർക്കിങ് സ്ഥലങ്ങൾ എവിടെപ്പോയി? ഹോട്ടലുകളും ബുട്ടീക്കുകളും ഹൈപ്പർമാർക്കറ്റുകളും, ഫിറ്റ്നസ് കേന്ദ്രങ്ങളുമൊക്കെയായി അവ രൂപാന്തരപ്പെട്ടു കഴിഞ്ഞു. അവയെല്ലാം അംഗീകൃത സ്ഥാപനങ്ങളായിത്തീർന്നു. എങ്ങനെ? ആര് അനുവദിച്ചു? നിയമം എവിടെപ്പോയി? ഒരു ഷോപ്പിനു അനുമതി കൊടുത്തപ്പോൾ അവിടെ എത്ര വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ വേണ്ട സ്ഥലം പ്ലാനിൽ കാണിച്ചിരുന്നു എന്ന് സാധാരണ പൗരന് അറിയാൻ ഒരു മാർഗ്ഗവുമില്ല. കോർപറേഷന്റെ വെബ്സൈറ്റിൽ ഈ വിവരം ലഭ്യമല്ല. അത് പക്ഷെ രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള വിവരമാണോ? ഈ അറിവ് പൊതുജനങ്ങൾക്ക് അനായാസം പ്രാപ്യമാണെങ്കിലേ, പ്ലാനിൽ കാണിച്ചിരുന്ന
അണ്ടർഗ്രൗണ്ട് പാർക്കിങ് സ്ഥലം റെസ്റ്റോറൻറ്റ് ആയി മാറാതിരിക്കൂ. തലസ്ഥാനത്ത് മാത്രം ഇങ്ങനെ ചട്ടവിരുദ്ധമായി മുളച്ചു പൊന്തിയ എത്ര കടകളുണ്ടെന്ന് ആർക്കും അറിഞ്ഞുകൂടാ. പത്തോ നൂറോ അല്ലെന്നു ആണയിടാം. അങ്ങനെ അനേകം സ്ഥലങ്ങൾ നഷ്ടമാവുമ്പോൾ വാഹനങ്ങൾ നിറുത്തിയിടാൻ ഇടമില്ലാതാവുന്നതു സ്വാഭാവികം. അനുവദിക്കപ്പെട്ട പാർക്കിങ് സ്ഥലം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, കൂടുതൽ വാഹനങ്ങൾ അവിടേയ്ക്കു വരാൻ (നിയമവിരുദ്ധമായി പ്രവർത്തനമാരംഭിച്ച) പുതിയ സ്ഥാപനം കാരണമാവുകയും ചെയ്യുന്നു. നഗരത്തിൽ വ്യാപകമായി കാണുന്ന നോ പാർക്കിങ് ബോർഡുകൾ എല്ലാം അധികൃതമാണോ? ആർക്കൊക്കെയാണ് ഇത് നിർണയിക്കാൻ അവകാശം? അവർ ആ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമോ?
അപ്പോഴറിയാം എത്ര അനധികൃത നോ പാർക്കിങ് ബോർഡുകൾ ഈ നഗരത്തെ (എല്ലാ നഗരത്തെയും) ശ്വാസം മുട്ടിക്കുന്നുവെന്ന്. ഒരു
റോഡ് നോ പാർക്കിങ് മേഖലയായി പ്രഖ്യാപിക്കുമ്പോൾ, എവിടെയാണ് വണ്ടി പാർക്ക് ചെയ്യാൻ മറ്റൊരിടം എന്നുകൂടി ചിന്തിക്കാൻ അധികാരികൾക്ക് ബാധ്യതയില്ലേ ? തോപ്പിൽ ഭാസിയുടെ അശ്വമേധം നാടകത്തിലെ സരോജം പണ്ട് ചോദിച്ചില്ലേ: 'രോഗം ഒരു കുറ്റമാണോ ഡോക്‌ടർ?’ ആ സ്വരം കടമെടുത്തു ചോദിക്കാൻ തോന്നുകയാണ്: “പാർക്കിങ് ഒരു അപരാധമാണോ സർ?' (ആത്മഗതം: ‘ആരൊക്കെയോ അപരാധം ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ
ഇങ്ങനെയാവില്ല’.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.