ലണ്ടൻ: നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസർ മാലിക്കാണ് വരൻ. ബർമിങ്ഹാമിലെ
മലാലയുടെ വസതിയിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസമാണ്. ഞാനും അസറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഞങ്ങളുടെ നിക്കാഹ് നടന്നു. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു.' - വിവാഹ ഫോട്ടോകൾ പങ്കുവച്ച് മലാല ട്വീറ്റ് ചെയ്തു.
പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് 15ാം വയസിൽ പാക് താലിബാൻ ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായതോടെയാണ് മലാല ലോക ശ്രദ്ധ നേടുന്നത്. ആ സംഭവത്തിന് ശേഷം മലാലയും കുടുംബവും ബ്രിട്ടനിലാണ് താമസിക്കുന്നത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസിൽ യു.എന്നിൽ പ്രസംഗിച്ച മലാല 2014 ൽ തന്റെ പതിനേഴാം വയസിൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹയായി.
നേരത്തെ അമച്വർ ലീഗിന്റെയും പാകിസ്ഥാൻ സൂപ്പർ ലീഗിന്റെയും ഭാഗമായിരുന്ന അസർ മാലിക് 2020 ലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗമാകുന്നത്. 'ഡ്രാമലൈൻ' എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റുമാണ്.
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, പ്രശസ്ത യു ട്യൂബർ ലില്ലി സിംഗ് തുടങ്ങിയവർ ആശംസകൾ നേർന്നു.