SignIn
Kerala Kaumudi Online
Friday, 20 May 2022 10.35 PM IST

ഉചിത തീരുമാനം

bevco

മദ്യവില്പനകേന്ദ്രങ്ങളിലെ തിരക്കു കുറയ്ക്കാൻ പുതുതായി 175 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ കൂടി തുറക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.മദ്യവില്പനശാലകൾക്കു മുന്നിലെ പൂരം എന്നും കാണേണ്ടിവരുന്നതിൽ നിന്നാണ് ഇത്തരത്തിലൊരാവശ്യം ഉയരുന്നത്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാലാകാം പുതിയ മദ്യവില്പനശാലകൾ തുറക്കുന്നത് സങ്കോചത്തോടെയാണ് സർക്കാർ കാണുന്നത്. മണിക്കൂറുകളോളം വരിനിൽക്കാതെ മദ്യം വാങ്ങി മടങ്ങാൻ അവസരം ഒരുക്കേണ്ടത് സർക്കാരാണ്. വില്പനശാലകളിൽ മദ്യം വാങ്ങാനെത്തുന്നവരെ വിലകുറച്ചു കാണുന്ന പ്രവണത നിലനിൽക്കുന്നതു കൊണ്ടാണ് മദ്യവില്പനശാലകൾ പ്രവർത്തിക്കാൻ ഏതു കുപ്പത്തൊട്ടിയും മതി എന്ന ചിന്തയ്ക്ക് അടിസ്ഥാനം.

ആവശ്യം വച്ചു നോക്കുമ്പോൾ പുതുതായി 175 വില്പനകേന്ദ്രങ്ങൾ ഒട്ടും മതിയാവാൻ പോകുന്നില്ല. എന്നാലും അത്രയെങ്കിലുമായി എന്നു സമാധാനിക്കാം. ഉപഭോക്താക്കളുടെ എണ്ണം വച്ചു കണക്കാക്കിയാൽ ഇതിന്റെ പലമടങ്ങ് വർദ്ധിപ്പിച്ചാലും അധികമാകില്ല. അതുപോലെ ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങിപ്പോകാൻ സൗകര്യമുള്ള കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനും നടപടി എടുക്കാവുന്നതാണ്. ബെവ്‌കോ വില്പനകേന്ദ്രങ്ങൾക്കു മുന്നിലെ അരോചക കാഴ്ചയ്ക്ക് അറുതിവരുത്താൻ ഹൈക്കോടതി മൂന്നുവർഷമായി നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

മദ്യനിരോധനം പ്രായോഗികമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് അതിന്റെ വില്പനകേന്ദ്രങ്ങൾ മനുഷ്യർക്ക് ചെന്നുകയറാൻ പാകത്തിൽ പരിഷ്കരിക്കേണ്ടത് കാലോചിതം മാത്രമാണ്. സംസ്ഥാനത്ത് ഇന്നു പ്രവർത്തിക്കുന്ന ബെവ്‌‌കോയുടെയും കൺസ്യൂമർഫെഡിന്റെയും മദ്യവില്പന കേന്ദ്രങ്ങൾ ഉപഭോക്തൃ സൗഹൃദമാണെന്ന് ഒരിക്കലും പറയാനാകില്ല. അവിടെ എത്തുന്ന ഉപഭോക്താക്കളുടെ ബാഹുല്യം തന്നെയാണ് ഇതിനു കാരണം. തിരക്കു കുറയ്ക്കാൻ കൂടുതൽ വില്പനകേന്ദ്രങ്ങൾ തുറക്കുക മാത്രമാണു പോംവഴി. പുതിയ കേന്ദ്രങ്ങൾ തുറക്കാൻ അനുമതി തേടിക്കൊണ്ട് ബെവ്‌കോ സർക്കാരിനു സമർപ്പിച്ച അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുത്തു നടപ്പാക്കുകയാണു വേണ്ടത്. പ്രധാന പാതയോരം ചേർന്നാണ് ഒട്ടുമിക്ക മദ്യശാലകളും സ്ഥാപിച്ചിരിക്കുന്നതെന്നതിനാൽ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടുനീണ്ടുപോകുന്ന ക്യൂവും ഔട്ട്‌ലെറ്റിനു മുമ്പിലെ തിക്കും തിരക്കും അരോചക കാഴ്ചയാണ്.മദ്യശാലകൾക്കു മുന്നിലെ തിരക്കു കുറയ്ക്കാൻ സർക്കാർ ഫലപ്രദമായ നടപടികളെടുക്കണമെന്ന് നിരവധി തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കോർട്ടലക്ഷ്യ ഹർജി കോടതിയുടെ പരിഗണനയിലാണിപ്പോൾ. 2017ലാണ് കോടതി മദ്യശാലകൾക്കു മുന്നിലെ തിരക്കു കുറയ്ക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് സർക്കാരിനു നിർദ്ദേശം നൽകിയത്. മദ്യം വാങ്ങുന്നവരുടെ സംഖ്യ വളരെ ഉയർന്നതാണെങ്കിലും അതിനനുസരണമല്ല മദ്യവില്പനശാലകളുടെ എണ്ണം. ഓരോ വില്പനകേന്ദ്രത്തിനു മുന്നിലും അതിഭീകരമായ തിരക്കിനു കാരണവും ഇതുതന്നെ. ശരാശരി ഒരു ദിവസം ഒരുലക്ഷത്തിലേറെപ്പേർ ഒരു ഷോപ്പിൽ മദ്യം വാങ്ങാനെത്തുന്നുണ്ടെന്നാണു കണക്ക്. തൊട്ടടുത്ത തമിഴ്‌നാട്ടിൽ 6320 മദ്യവില്പനശാലകളുള്ളപ്പോൾ കേരളത്തിൽ 306 എണ്ണമാണുള്ളത്. കർണാടകയിൽ 8737 എണ്ണമുണ്ട്. ആന്ധ്രയിൽ 4380, തെലങ്കാനയിൽ 2200 എന്നിങ്ങനെ പോകുന്നു കണക്കുകൾ. ഇവിടങ്ങളിലെല്ലാം ശരാശരി പന്ത്രണ്ടായിരത്തിൽപ്പരം പേർ മാത്രമാണ് പ്രതിദിനം ഒരു വില്പനകേന്ദ്രത്തിലെത്താറുള്ളത്.

ബാറുകൾക്കു മുന്തിയ സൗകര്യങ്ങൾ വേണമെന്നു നിബന്ധനയുള്ളപ്പോൾ മദ്യവില്പനകേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടതില്ല എന്ന നിലപാട് വിചിത്രമാണ്. സമീപനത്തിലെ വൈരുദ്ധ്യം തന്നെയാകാം കാരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.