SignIn
Kerala Kaumudi Online
Saturday, 20 April 2024 2.04 AM IST

എലിയെ പേടിച്ച് ഇല്ലം ചുടണ്ട

kk

രാഷ്ട്രീയ കക്ഷികളുടെ മൂർച്ചയേറിയ ആയുധങ്ങളിലൊന്നാണ് സമരം.ഏറിയും കുറഞ്ഞും ലോകം മുഴുവൻ സംഭവിക്കുന്ന പ്രതിഭാസമാണത്.ചില സമയങ്ങളിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ സമരങ്ങൾ അനിവാര്യവുമാണ്.കരയുന്ന കുഞ്ഞിനേ പാല് കിട്ടൂ എന്ന് പഴമക്കാർ പറയുന്നതു പോലെ സമരങ്ങൾ നടത്തുമ്പോൾ

ചില കാര്യങ്ങൾ നടന്നുകിട്ടും.ഇന്ധന വില കുതിച്ചുയരുമ്പോൾ സ്വാഭാവികമായും അതിനെതിരെ സമരങ്ങളും ഉണ്ടാകും.ഇത് വഴിതടഞ്ഞ് കൂടുതൽ ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് സൃഷ്ടിച്ചുകൊണ്ട് നടത്തണോ അതോ അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ മാത്രം പരമാവധി അസൗകര്യങ്ങൾ കുറച്ച് സമരം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത്

അതാത് കക്ഷികളാണ്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് സമരം നടത്തിയിട്ടുള്ളവരാണ് ഇവിടെയുള്ള എല്ലാകക്ഷികളും. ഗതാഗതം തടഞ്ഞ് പ്രകടനം പോലും പാടില്ലെന്ന് ഹെെക്കോടതി പല തവണ ഉത്തരവുകൾ നൽകിയിട്ടുള്ളതാണെങ്കിലും അതൊന്നും പൂർണമായും നടപ്പിൽ വന്നിട്ടില്ല. പഴയ കാലമല്ലിത്. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.ഒരു ചെറിയ തടസ്സം ഉണ്ടായാൽ പോലും വളരെയേറെ സമയം നീളുന്ന ഗതാഗത തടസ്സത്തിനിടയാക്കാം.കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരവും അതിനെ നേരിട്ട സിനിമാ താരം ജോജുവിന്റെ ഒറ്റയാൾ പ്രതിഷേധവും സൃഷ്ടിച്ച വിവാദ ത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇതിന്റെ തുടർച്ചയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുജനത്തിന് ശല്യമാവുന്ന എല്ലാ സിനിമാഷൂട്ടിംഗും തടയുമെന്ന് പ്രഖ്യാപിക്കുകയും കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന കടുവ എന്ന സിനിമയുടെ ഷൂട്ടിംഗ് ഒരു മണിക്കൂറോളം തടയുകയും ചെയ്തു. കൊച്ചിയിൽ ജോജു അഭിനയിക്കുന്ന ഒരു സിനിമയുടെ സെറ്റിലേക്കും പ്രതിഷേധ മാ‌‌ർച്ച് നടത്തി.എലിയെ പേടിച്ച് ഇല്ലം ചുടാനുള്ള ഒരു പുറപ്പാടായിപ്പോയി

ഇത്.

ഒരു സിനിമാനടനോടുള്ള എതിർപ്പിന്റെ പേരിൽ സിനിമാപ്രവർത്തകരെ മൊത്തം വെറപ്പിക്കുന്ന രീതി ഏതുനിലയിൽ നോക്കിയാലും നല്ലതല്ല.ചെറുതും വലുതുമായ നൂറുകണക്കിന് കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും മറ്റും പ്രവർത്തിക്കുന്ന മേഖലയാണ് സിനിമ.കൊവിഡ് അടച്ചിടൽ കാലത്തുനിന്ന് ആ മേഖല മുക്തമായി വരാൻ തുടങ്ങുന്നതേ ഉള്ളു.ഷൂട്ടിംഗ് ഒരു ദിവസത്തേക്ക് വെെകിയാൽ പോലും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും. മാത്രമല്ല കേരളത്തിൽ ഷൂട്ടിംഗ് നടക്കുന്ന സിനിമകളുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. അതിന്റെ പ്രയോജനം നമ്മുടെ നാടിന് ലഭിക്കുകയും ചെയ്യും.ഇത്തരംകാര്യങ്ങളൊന്നും കണക്കിലെടുക്കാതെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള നീക്കം നടത്തിയത് ശരിയാണോ എന്ന് പൊതുസമൂഹം ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്ന സമരങ്ങളോട് കെ.പി.സി.സി നേതൃത്വം വിയോജിക്കുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള സമരരീതി പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെടുകയും ചെയ്തത് അഭിനന്ദനീയമാണ്. കോൺഗ്രസ്സുമായി ബന്ധമുള്ള പലരും പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ് സിനിമാരംഗമെന്ന് സമരക്കാരെ കെ.പി.സി.സി പ്രസി‌ഡന്റ് ഒാർമ്മിപ്പിക്കുകയും ചെയ്തു.

യുവ തലമുറയ്ക്ക് രക്തത്തിളപ്പിനാൽ ചില എടുത്തുചാട്ടങ്ങൾ ഉണ്ടാകാം.അതു തിരുത്തുക എന്ന ചുമതല നേതാക്കന്മാരുടേതാണ്. അതാണ് കോൺഗ്രസ് ഇവിടെ നി‌‌ർവ്വഹിച്ചത്. അതോടൊപ്പം തന്നെ ഇന്ധന വിലവർദ്ധനവിനെതിരെയുള്ള സമരം കേന്ദ്ര-സംസ്ഥാന ഒാഫീസുകൾക്ക് മുന്നിൽ മാത്രമാക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു.ഇതും സ്വാഗതാർഹമാണ്.വീഴ്ച്ചകളിൽ നിന്ന് പാഠങ്ങൾ പഠിച്ച് തെറ്റുകൾ തിരുത്തി മുന്നേറുമ്പോഴാണല്ലോ ഏതുപാർട്ടിയും ജെെവപരമായി കൂടുതൽ വളരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.