ബീജിംഗ്: ഇന്ത്യൻ മഹാസമുദ്രത്തിൽ സമ്പൂർണ ആധിപത്യം ലക്ഷ്യം വച്ച് പാകിസ്ഥാന് അത്യാധുനിക യുദ്ധക്കപ്പൽ കൈമാറി ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിംഗ് കോർപ്പറേഷൻ നിർമ്മിച്ച 054A/P 054 ടൈപ്പ് പടക്കപ്പലിന് പി.എൻ.എസ് തുഗ്റിൽ എന്ന പേരാണ് പാകിസ്ഥാൻ നല്കിയിരിക്കുന്നത്. ഷാങ്ഹായിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കപ്പൽ പാകിസ്ഥാൻ നാവിക സേനയ്ക്ക് കൈമാറി. ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പലാണിതെന്നാണ് വിവരം. ഇന്ത്യൻ മഹാസമുദ്രത്തിൽ പാകിസ്ഥാൻ ഈ കപ്പൽ വിന്യസിക്കുന്നതിലൂടെ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ പാക് നാവിക സേനയ്ക്ക് കഴിയുമെന്ന് ചൈനയിലെ പാകിസ്ഥാൻ സ്ഥാനപതി മൊയിൻ ഉൽ ഹഖ് പറഞ്ഞു. അത്യാധുനിക യുദ്ധസന്നാഹങ്ങളും സ്വയം പ്രതിരോധ സംവിധാനങ്ങളുമുള്ള യുദ്ധക്കപ്പലിന്റെ സഹായത്തോടെ കരയിൽ നിന്ന് കരയിലേക്കും കരയിൽ നിന്ന് ആകാശത്തേക്കും വെള്ളത്തിനടിയിൽ നിന്നും ആക്രമണം നടത്താൻ കഴിയും.
ചൈന പാകിസ്ഥാന് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നാലു യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. ബാക്കിയുള്ളവ പിന്നീട് കൈമാറും. ഇതിലൂടെ പാക്കിസ്ഥാന്റെ നാവികശേഷി പതിന്മടങ്ങ് മെച്ചപ്പെടുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |